Mar 20, 2014

മരവന്തയും കടന്ന്

               ഏകദേശം പതിനഞ്ചു വര്‍ഷം മുന്പ് മലപ്പുറം ജില്ലയിലെ പുറത്തൂര്‍ പഞ്ചായത്തില്‍ വെച്ച് നടന്ന ഒരു വികസന ചര്‍ച്ചയിലാണ് മരവന്തയെ കുറിച്ച് ആദ്യം കേള്‍ക്കുന്നത്.വികസനമെന്നത്‌ മരവന്തയിലെ പോലെയാകരുതെന്നും പ്രകൃതിക്ക് യോജിച്ചതും സമൂഹത്തിനു ഗുണം ചെയ്യുന്നതുമാവണമെന്നും പറഞ്ഞത് ഒരു ഇടതുപക്ഷ മെമ്പറായിരുന്നു.മറ്റെല്ലാവരും അതിനോട് യോജിക്കുകയും ചെയ്തു.അങ്ങനെയാണ് മരവന്ത കാണാന്‍ പോവുന്നത്.അന്നതൊരു ഗള്‍ഫ് സ്വാധീനത്തിന്റെ ചമയങ്ങള്‍ അണിഞ്ഞു നിന്ന പ്രദേശമാണ്. ടാര്‍ റോഡിനിരുവശവും കോണ്ക്രീറ്റ് വീടുകളുടെ നീണ്ടനിര .കുറച്ചു  കടകള്‍.പക്ഷെ ഇവിടെനിന്നുകൊണ്ട് ഈ പ്രദേശത്തിന്റെ ഡ്രൈവിംഗ് ഇക്കോണമി എന്താണെന്ന് ആലോചിച്ചാല്‍ കുഴഞ്ഞു പോകും.കൃഷിയാണോ ? കൃഷിയില്ല.എല്ലാം തരിശു കിടക്കുന്നു,സുഖമായൊഴുകുന്ന വിദേശപണം കൃഷിയെ അനാകര്‍ഷകമായ ഒരു വ്യാപാരമാക്കിയിരിക്കുന്നു.കച്ചവടം?വിദേശത്തായ ആണുങ്ങള്‍ക്ക് തിരിച്ചുവരുമ്പോള്‍ തുടങ്ങാന്‍ പണിതിട്ടിരിക്കുന്ന കുറച്ചു പീടിക മുറികള്‍ മാത്രം.ക്രിത്യമായെത്തിയിരുന്ന ചെക്കുകളെ ഓര്‍മിപ്പിച്ചു കൊണ്ട് ചില വാഹനങ്ങളും കളിക്കോപ്പുകളും മുറ്റത്ത് വെറുതെ കിടക്കുന്നുണ്ട്.മരവന്തയെന്നത് അന്നൊരു സ്വപ്നഭൂമിയായിരുന്നു.

                  വികസനമിപ്പോള്‍ മരവന്തയും കടന്നു  പുതിയ ലോകങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു .GDP യും CAD യുമൊക്കെ നമ്മുടെ വികസന ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നു.Q1 Q2 എന്നൊക്കെ പറഞ്ഞു നാം ശീലിച്ചിരിക്കുന്നു.വര്‍ഷാവര്‍ഷം GSDP ഡാറ്റ നോക്കി   ഇന്ത്യ  തിളങ്ങുകയും  നാം വികസിക്കുകയും ആയിരുന്നെന്നു തിരിച്ചറിയുന്നു.

            ഇന്നിപ്പോള്‍ വെര്‍ച്വല്‍ കാലഘട്ടമാണ്‌.നേരിട്ട് കാണുന്നതിനെക്കാള്‍  പെര്‍സീവ്    (perceive ) ചെയ്യുന്നതിലാണ് കൌതുകം.നേരിട്ട് കണ്ടാല്‍ ഒന്ന് മിണ്ടാനില്ലാത്തവര്‍ക്കും  എത്രവേണങ്കിലും ചാറ്റല്‍മഴയില്‍ നനഞ്ഞിരിക്കാം.ഒരു ബന്ധുവിന്റെ മകനെ കാണിച്ചു ഇവനെയറിയുമോ എന്ന് ചോദിച്ചപ്പോള്‍ ,ഫേസ്ബുക്ക് ഫ്രണ്ട് ആണെന്നായിരുന്നു മകന്റെ മറുപടി.  വികസനവും ഇങ്ങനെ മാനേജ് ചെയ്യപ്പെടുകയാണ്.കോടികള്‍ മുടക്കി എര്‍പ്പാടാക്കുന്ന  വിദേശ പരസ്യ എജന്‍സികളാണ് ഇപ്പോള്‍ വികസനം നടത്തിയെടുക്കുന്നത്.അങ്ങനെ വീഡിയോയില്‍ കാണുമ്പോള്‍ ആണ് എന്തൊക്കെ വികസനങ്ങള്‍ക്കാണ്‌ നാം സാക്ഷ്യപ്പെട്ടത് ദൈവമേ എന്ന് നെറുകയില്‍ കൈവച്ചുപോവുന്നത് .

           അദൃശ്യമായ ,വിശേഷപ്പെട്ട നൂലിഴകള്‍ കൊണ്ട് ആര്‍ക്കും കാണാനാവാത്ത മനോഹര വസ്ത്രങ്ങള്‍ നെയ്തെടുക്കുന്ന നെയ്ത്തുകാരന് ഇപ്പോള്‍ നല്ല ഡിമാന്റുണ്ട്.

           രാജാവ് നഗ്നനായിരുന്നു എന്ന് വിളിച്ചുപറഞ്ഞ കുട്ടി ഇപ്പോള്‍ ഏതു ജയിലിലായിരിക്കും?

No comments:

Post a Comment

Related Posts Plugin for WordPress, Blogger...