Mar 30, 2014

ഇത്രയും ജീവിതം

ഞങ്ങള്‍ക്ക് വേണമെങ്കില്‍
നിന്നെ വെറുതെ വിടാമായിരുന്നു.
നിന്റെയുണ്ണാക്കന്‍ സാഹിത്യവും 
കുത്തും കോമയുമിട്ടു വെടിപ്പാക്കാന്‍ 
ചോദ്യക്കടലാസില്‍ നീ കുടഞ്ഞിട്ട 
വര്‍ത്തമാനങ്ങളും 
മലയെ കല്ലെറിയാന്‍ മുതിര്‍ന്നൊരു കുട്ടിയുടെ 
കൌതുകമെന്ന്‍ ചിരിച്ചു തള്ളാമായിരുന്നു.
ഞങ്ങള്‍ക്കതിനായില്ല.

ഞങ്ങള്‍ക്ക് വേണമെകില്‍ നിന്നെയങ്ങ്
തീര്‍ത്തു കളയാമായിരുന്നു.
വാഴത്തടയിലും തെരുവുനായ്ക്കളിലും
പണിപടിച്ച ഞങ്ങടെ കുട്ടികള്‍ക്ക്
അതായിരുന്നു തഴക്കം,തിടുക്കവും.
അലിവിന്റെയൊരു മാതൃക ബാക്കിയാവാന്‍
അക്ഷരങ്ങള്‍ തിണര്‍ത്തു പൊട്ടിയ
നിന്റെ വലംകൈ ഞങ്ങളെടുത്തു

................................................

ഞങ്ങള്‍ക്ക് നിന്നെ പറഞ്ഞു വിടാതിരിക്കാമായിരുന്നു.
ഇവന്‍ ചെയവതെന്തെന്നിവനറിയുന്നില്ലി
വനെ കാത്തോളണേയെന്നൊരു പഴയ പ്രാര്‍ഥനയില്‍
കൈമുക്കിയെടുക്കാമായിരുന്നു
പകരം നിനക്കൊരു വാതില്‍ ഞങ്ങള്‍
പുറത്തേക്ക്‌ തുറന്നിട്ടു.

ഞങ്ങള്‍ക്ക് വേണമെങ്കില്‍
നിന്നെയിങ്ങെടുക്കാമായിരുന്നു.
കണ്ണീരും ചോരയും കുഴഞ്ഞ്
കാഴ്ച മങ്ങിയോരുടലില്‍
അഞ്ചാമതൊരാണികൂടെ തറക്കാതിരിക്കാമായിരുന്നു.
പകരം, കയ്പുറഞ്ഞു കൂടിയ നിന്റെ നെഞ്ചിന്‍
ചുറ്റുവട്ടങ്ങളില്‍ ഞങ്ങളൊരാണിപ്പഴുത് കണ്ടെത്തി.

..........................................................................

വാ,ശവംതീനിക്കഴുകന്മാര്‍ വിളിക്കുകയാണ്‌
ഞങ്ങളൊന്നു കാണട്ടെ
ഒറ്റച്ചിറകും ഒടിഞ്ഞ കയ്യുമായി
നിനക്കെന്തിനാവുമെന്ന്‍.

ഇങ്ങുവാ ,ശവംതീനിക്കഴുകന്മാര്‍ വിളിക്കുന്നു.
ഈ വാലില്‍ തൂക്കിയെടുത്ത്
ഞങ്ങളിത്തിരി തട്ടിക്കളിക്കട്ടെ.
ചോരയും നീരും വാര്‍ന്നോരുടലില്‍
ഇനിയെന്ത് ബാക്കിയുണ്ടെന്നു കാണട്ടെ.

................................................

ജോസഫ്,ഇതെന്തുതരം ജാതകമാണ്?
ജീവിതംകൊണ്ടുമാത്രം പഠിക്കേണ്ടുന്ന പാഠങ്ങളാണോ
കാലം നിനക്കായ്കരുതി വെച്ചത്

No comments:

Post a Comment

Related Posts Plugin for WordPress, Blogger...