Oct 2, 2013

ഇതാ ആശ്രമമൃഗം, കൊല്ല്...........

വെറുതെയെങ്കിലും മധ്യവര്‍ഗജീവിതങ്ങള്‍ക്ക് ഒരു കൊട്ട് കൊടുക്കുക എന്നത് മാധ്യമ ബുദ്ധിജീവികളുടെ പതിവ് ഏര്‍പ്പാടായിരിക്കുന്നു .മലയാളത്തില്‍ എഴുതിയുച്ചരിക്കുവാന്‍ വിഷമമുള്ള പേരുകളും വിദേശ റഫറന്‍സുകളും മുട്ടിനു മുട്ടിനു മധ്യവര്‍ഗ കാപട്യങ്ങളെ ക്കുറിച്ചുള്ള സൂചനകളും നിരത്തിയാല്‍ ഉത്തമ സാഹിത്യമായി.എന്നാല്‍ പ്രതിലോമകരമായ മധ്യവര്‍ഗ കാമനകളെ കുറിച്ച് ഓരോഴുക്കില്‍ പറഞ്ഞു വെക്കുന്നതല്ലാതെ അതെന്തൊക്കെയാണെന്ന് മനസ്സിലാക്കിത്തരുവാന്‍ ആരും മിനക്കെടുന്നില്ല.അതിന് സമയവുമില്ല.കതിര്‍ക്കനമുള്ള ഇടങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോഴേക്കും പേജുകള്‍ നിറയുന്നു.

    മധ്യവര്‍ഗ്ഗങ്ങളുടെത്  എന്ന്‍ പറയാവുന്ന ഏത് പ്രവര്‍ത്തിയും കുറ്റകരമാവുന്നു.അവന്‍ ടി വി വാങ്ങുന്നതും മാവേലി സ്റ്റോറുകളില്‍ ക്യു നില്‍കുന്നതും ഷോപ്പിംഗ്‌ മാളുകളില്‍ കയറിയിറങ്ങുന്നതുമൊക്കെയാണ് നമ്മുടെ മുഴുവന്‍ കുഴപ്പങ്ങളുടെയും മൂലഹേതു.അവരുടെ പൊങ്ങുതടിപോലുള്ള ജീവിതമാണ് ഇന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന ഏതു രോഗങ്ങള്‍ക്കും വെള്ളക്കോളര്‍ കുറ്റകൃത്യങ്ങള്‍ക്കും പിന്നിലെ ചാലകശക്തി.എണ്ണിയാലൊടുങ്ങുന്നില്ല അവരുടെ അപരാധങ്ങള്‍ .


                എല്ലാം ഞങ്ങളേല്‍ക്കുന്നു ,ലോണെടുത്തിട്ടായാലും ഞങ്ങള്‍ക്കൊരു വീടുണ്ട്.കുടുംബമുണ്ട്.ഞങ്ങളുടെ മക്കള്‍ തരക്കേടില്ലാത്ത സ്ക്കൂളുകളില്‍ പഠിക്കുന്നുണ്ട്‌.(നിങ്ങള്‍ ആര്‍ത്തു ചിരിക്കുന്നത് ഞങ്ങളറിയുന്നു, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പറ്റിയ സ്ക്കൂളുകള്‍ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമെങ്കിലും ഞങ്ങള്‍ക്ക് അനുവദിച്ച് തരിക)ഞങ്ങളുടെ അടുക്കളകളില്‍ കഞ്ഞിയും പയറിനുമൊപ്പം വല്ലപ്പോഴും മാഗി ന്യൂഡില്‍സും വേവുന്നുണ്ട്.ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്വപ്നങ്ങളുണ്ട്.അപ്‌വാര്‍ഡിലി മൊബൈല്‍ ആവാന്‍ യത്നിക്കുക  ,ഉത്തമ കണ്‍സ്യൂമര്‍ ആയിരിക്കുവാന്‍ വെമ്പുക ,ഇരു മുന്നണികളെയും മാറിമാറി പ്രണയിക്കുക,അല്ലലില്ലാതെ ജീവിച്ച് പോവുക തുടങ്ങിയ കുറ്റങ്ങള്‍ ഞങ്ങളേല്‍ക്കുന്നു.

   
                         ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രഹസ്യങ്ങളുണ്ട്‌.ഞങ്ങളുടെ ബെഡ്‌റൂമുകള്‍ക്ക് ഉറപ്പുള്ള വാതിലുകളുണ്ട് .ഞങ്ങളുടെ വീടുകള്‍ക്ക് പൂമുഖത്തോടൊപ്പം ഒരു പിന്നാമ്പുറവുമുണ്ട്.ഇപ്പോളായി ഞങ്ങളുടെ ലേബര്‍ റൂമുകളില്‍ ഡോക്ടറോടോപ്പം ഫോട്ടോഗ്രാഫറും കയറിപ്പറ്റുന്നില്ല എന്നുറപ്പിക്കുവാന്‍ മനസ്സ് വെക്കുകയും ചെയ്യുന്നുണ്ട്.
             "അലന്‍ ബാഡിയു",  "ജെറാള്‍ട് എ കോഹന്‍ ",  "വില്യം റീഹ്", "ബര്‍ണാഡ് ഡിമോലോ" തുടങ്ങിയ കാതലുള്ള മരങ്ങളില്‍ പടര്‍ന്നു കയറി ഏത് കൊമ്പത്തെത്തിയാലും നിങ്ങള്‍ അവിടെ തന്നെ താമസമുറപ്പിക്കുന്നത് ഞങ്ങളുടെയും കൂടെ സഹായം കൊണ്ടാണ് .ഞങ്ങള്‍ കാശ് മുടക്കി വാങ്ങുകയും വായിക്കുകയും ചെയ്ത് വളര്‍ത്തിയെടുക്കാത്ത ഒരു കണ്ണാടി ഗോപുരവാസിയും  ഞങ്ങളെ അപഹസിച്ചിട്ടില്ല.

                          അത് കൊണ്ട് അടുത്ത തവണ കല്ലെടുക്കുമ്പോള്‍ ഞങ്ങളുടെ അപരാധമെന്തെന്ന്‍ ഒന്ന്‍ മനസ്സിലാക്കിത്തരുക.മുറിവേറ്റ്‌ പിടയുംപോഴെങ്കിലും ഞങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞു മാനസാന്തരപ്പെടുകയും വരേണ്യ ക്ലബ്ബുകളിലേക്ക് അപേക്ഷ കൊടുത്ത് കാത്തിരിക്കുകയും ആവാമല്ലോ.

                          മധ്യവര്‍ഗങ്ങളെ വെറുതെ വിടുക.ബൌദ്ധികഭാരങ്ങളൊന്നുമില്ലാത്ത ഈ മീഡിയോക്കര്‍  (mediocre)   ജീവിതങ്ങളെങ്കിലും ജീവിച്ചുതീര്‍ക്കുവാന്‍ ഞങ്ങളെ അനുവദിക്കുക.
Related Posts Plugin for WordPress, Blogger...