Mar 3, 2014

പൂര്‍വഘട്ടം



തെരുവില്‍ വിവസ്ത്രയാക്കപ്പെട്ടവളെ പോലെയാകും  
ചിലപ്പോള്‍ മലയോരം.
കീറിപ്പറിഞ്ഞ ചുണ്ടുകളില്‍ നിന്ന്‍
ദുഷിച്ച ചലം പോലെനീര്‍ച്ചാലുകള്‍ ഒലിക്കും.
പീളകെട്ടി വീര്‍ത്ത കണ്‍തടം പോലെ
കോറികളില്‍ മലിനജലം നിറയും.
കുന്നിന്‍ ചരിവുകളില്‍ ഉറുമ്പുകള്‍ പോലെ 
പാണ്ടിലോറികള്‍ ഇഴയും.
പെരുച്ചാഴികള്‍ കടിച്ചുപറിച്ച രഹസ്യഭാഗങ്ങളില്‍ 
ജേസീബി  കള്‍ ചുരമാന്തും.

പൊള്ളിയ മാംസങ്ങളില്‍ ചുടുകാറ്റേറ്റ്
നീറുമ്പോള്‍ ഒന്ന് ഞരങ്ങും 
ആഴങ്ങളെ പിളര്‍ന്നൊരു ദണ്ട് പായുമ്പോള്‍
ഒന്ന്‍ പിടയും ,സമതലങ്ങള്‍ നടുങ്ങും 
 ചിതല്‍ പുറ്റുകളില്‍ തല ചേര്‍ത്ത്‌ പിടിച്ച്
ആദിമഹൃദയങ്ങള്‍ ദുരന്തങ്ങള്‍ക്ക്‌ കാതോര്‍ക്കും .

പോസ്റ്റ്മോർട്ടം സെറ്റും സീസ്മോഗ്രാഫുമായി 
വിചിത്ര ജീവികള്‍ മലകയറും 

കാലങ്ങളെ ഭേദിച്ചുകൊണ്ടൊരു മരണവിലാപം മാത്രം 
താഴ് വാരങ്ങളില്‍ മുഴങ്ങും.

" ഒത്ത തടിയായിരുന്നു ,
തടിച്ച ചുണ്ടായിരുന്നു ,
തിളങ്ങുന്ന കണ്ണായിരുന്നു
കനത്ത മുലയായിരുന്നു,
പരന്ന വയറായിരുന്നു
കൊഴുത്ത തുടയായിരുന്നു ,

കൊല്ലുന്ന ചിരിയായിരുന്നു,
വിങ്ങുന്ന മനസ്സായിരുന്നു,
പൊള്ളുന്ന നെഞ്ചായിരുന്നു,
നേരുള്ള മോളായിരുന്നു, 

ചത്തുപോയില്ലേ  ,
കൊന്നു കളഞ്ഞില്ലേ"




No comments:

Post a Comment

Related Posts Plugin for WordPress, Blogger...