Jun 23, 2013

സാവിത്രിയുടെ അരഞ്ഞാണം


സാവിത്രിയുടെ അരഞ്ഞാണം
ഇപ്പോൾ മതിമറന്നു ചിരിക്കാറില്ല.
ത്രീവ്ര പരിചരണ വാർഡിൽ
സാഷ്ഠാംഗം കിടന്നപ്പോളാണു
അങ്ങനെ ഉറപ്പിച്ചത്.

അഞ്ചാം ക്ളാസ്സിൽ വെച്ചാണു,
അയ്യോ കണ്ണിപൊട്ടിയല്ലോ മോളേ
എന്ന്, അനീഷ് മാമൻ
 കടിച്ച് കൂട്ടിയതും
എന്തു നല്ല മാമൻ എന്ന് അവളുറച്ചതും.

അതിനെത്രയോ മുൻപ്
ഇതെന്തു ഭംഗി ആരെടുത്തതാ
എന്ന് അബ്ബസിക്കയുടെ വിരലുകൾ
ചിലേടങ്ങളിൽ പതറി വീണത്
അവൾക്ക് ഓർത്തെടുക്കാനാവുന്നില്ല,

പല്ലിൽ ഒട്ടിയ മിട്ടായിയുടെമധുരം മാത്രം
ഊർന്നിറങ്ങുന്നുണ്ട്
അവൾക്കപ്പോൾ
അഞ്ച് വയസ്സായിരുന്നു.


പാഠശാലയിൽ നിന്നു വരമ്പിലേക്കിറങ്ങുമ്പോൾ
വഴിയൊക്കെയും തൻ വഴിയെന്ന ഘോഷം,
പുറകിൽ ഫലിതെത്തിൻ ബീജഗണിതം
ഹരീന്ദ്രനും കൂട്ടരും.
അരഞ്ഞാണം ചിരിതുള്ളിയുണരുമ്പോൾ
ഉള്ളിൽ കനലുറവ പൊട്ടി


അവളുടെ കഥ കേട്ട്,മതികെട്ട്
അർഞ്ഞാണത്തിൽ കുഴഞ്ഞുവീണു കാമുകൻ സദാശിവൻ.
സങ്കടക്കടൽ ഒരു തലോടലിൽ അടക്കുന്നോൻ.
ഇനിയെല്ലാ ദു:ഖവെള്ളിയും
അവൾക്കോർമ ദിവസങ്ങൾ.

താലിച്ചരടിൽ നിന്ന്
അരഞ്ഞാണത്തിലേക്ക്
പിടുത്തമെറിഞ്ഞതു പീതാംബരൻ.
കുടിച്ച ചാരായത്തിൻ മൂർഛയിൽ
അയാൾക്ക് കൈ കുഴഞ്ഞു.
അരഞ്ഞാണമന്നാദ്യമായ് തോറ്റു.
പണയവസ്തുവിൽ കൂടുതലൊന്നും
അത് അയാളിൽ ഉണർത്തിയില്ല
അയാൾ അവളെയും

മണിയഞ്ചായിട്ടേയുള്ളൂ
വയസ്സമ്പതും
വഴി വിജനം മറ്റാരുമില്ല
പിള്ളേർക്ക് മീശ മുളച്ചിട്ടുമില്ല
ഒരാന്തലിൽ
അരഞ്ഞാണം എറിഞ്ഞുകൊടുത്ത്
ഓടിയത് വെറുതെ

ത്രീവ്ര പരിചരണ വാർഡിൽ
സാഷ്ഠാംഗം കിടക്കുമ്പോളാണു
ഇനി ചിരിക്കാനില്ലെന്നുറച്ചത്
മൗനത്തിലാണ്ടതും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...