Feb 10, 2014

പുറമ്പോക്കുകളെ കുറിച്ച് പറയേണ്ടത് വൃത്തത്തിലല്ല

എന്തിനിങ്ങനെ അകവും പുറവും 
എഴുതി നിറയുന്നതെന്ന്‍ നീ ..............

വ്യവസ്ഥയുടെ ആഘോഷങ്ങളില്‍ നിന്ന്
കുടിയിറക്കപ്പെട്ടവര്‍ മറ്റെന്ത് ചെയ്യാനാണ്.

എങ്കില്‍ പ്രണയത്തെയും വിരഹത്തെയും 
കുറിച്ചെഴുതെന്ന്‍ നീ........

അടയാളങ്ങളൊന്നും ബാക്കിയാവാതെ
പടിയിറങ്ങിപ്പോയവയെ കുറിച്ച്
എത്രനാളിങ്ങനെ പറഞ്ഞിരിക്കാനാവും.
പോക്കുവെയിലിന് ശേഷം പരക്കുന്നത്
ഇരുട്ട് തന്നെയാണ്.
എല്ലാ മാംസഭുക്കുകളും അനുരാഗികളുമല്ല.

സഹനങ്ങളെയും സമരത്തെയും കുറിച്ചെഴുതൂ,
ചൂഷണങ്ങളെയും പുതിയ പ്രധിരോധങ്ങളെയും കുറിച്ച്........

സിരകളില്‍ കവിതയും കനലുമെരിഞ്ഞ
കാലത്തിലേക്ക് മടങ്ങേണ്ടി വരും,
ഞരമ്പുകളില്‍ വേദനയുടെ വെളിപാടും
ലഹരിയും നിറഞ്ഞ ആത്മനിന്ദയുടെ
ചതുപ്പുകളിലേക്ക്.

മലനിരകളെയും കാട്ടുചോലകളെയും
കുറിച്ച് പറയൂ.......

അപ്പോള്‍ പിന്നെ നീര്‍ വറ്റിയ ഉറവകളേയും
മാന്തിയെടുത്ത പുല്‍മേടുകളെയും
കുറിച്ച് പറയേണ്ടി വരും
വെടികൊണ്ട് ചിതറിയ പാറക്കെട്ടുകളെ കുറിച്ച്.

പ്രാന്തസമൂഹങ്ങളെയും അരികുവല്‍കരിക്കപ്പെട്ടവരെയും
കുറിച്ച് പരയെന്നു നീ ...........

ഒരാധാര്‍ കാര്‍ഡ് കൊണ്ട് വടിച്ചെടുക്കാവുന്ന
ജീവിതങ്ങളെ കുറിച്ച് പറയുമ്പോള്‍
എന്തിനാണ് സൃഹൃത്തെ ഇത്രയേറെ പൊടിപ്പും തൊങ്ങലുകളും .

ആദിവാസികളെയും ദളിതരെയും പറ്റി......

നമുക്ക് മതിയാക്കാം
പുറമ്പോക്കുകളെ കുറിച്ച് പറയേണ്ടത് കവിതയിലല്ല

No comments:

Post a Comment

Related Posts Plugin for WordPress, Blogger...