Feb 3, 2014

കിളിമാസ്

സദാശിവാ ,
അന്ന് നാം പിള്ളേരല്ലേ
കളിയല്ലേ കിളിമാസല്ലേ
നാമിരുഭാഗത്തുമല്ലേ
അകത്തു നീ പുറത്ത് ഞാനും.

ഇനി ഞാനുപ്പെടുക്കണം 
നിന്‍ വെട്ടൊഴിഞ്ഞോടണം
ഉപ്പിടേണം.

അന്ന് നമുക്കെത്രയോ കളികള്‍
ചുള്ളിയെറിഞ്ഞപ്പനെ കണ്‍ തുറക്ക്
പുള്ളീം പുള്ളീം തീ പിടിച്ചു
കയ്യിലടിച്ചോടി
അമ്പതമ്പസ്ഥാനി.

അന്ന് നമുക്കെല്ലാം കളികള്‍ .

.................................

സദാശിവാ,
ഇന്ന് നാമീ സായാഹ്നത്തില്‍ ജീവിതപ്പെരുംകവലയില്‍
മുഖം തിരിച്ചിരിക്കുമ്പോള്‍
പിന്നാംപുറങ്ങളില്‍ വാള്‍ത്തലകള്‍ തിളങ്ങുന്നു
മിഴിയോരങ്ങളില്‍ വെറുപ്പിന്റെ പുണ്ണ്കള്‍ പൂക്കുന്നു.

ഇനി നമുക്കിറങ്ങാം
വെയിലിനെ നിഴലുകള്‍ മൂടും മുന്‍പ്
വഴികളൊക്കെയും ഇരുള്‍ വിഴുങ്ങും മുന്‍പ്.

നമുക്കിനി ഒറ്റക്ക് താണ്ടേണ്ട വഴികള്‍
വേറിട്ട കാഴ്ചകള്‍
പകയുടെ വഴുക്കും ചലത്തില്‍ വിരല്‍മുക്കി
ആരോ വരഞ്ഞിട്ട കളങ്ങളില്‍
നമ്മളിന്നോരോ ഓട്ടപ്രാന്തികള്‍
 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...