Jan 28, 2014

ചില "ഞാനി"ന്‍മേല്‍ കളികള്‍

ഇതൊരു ഞാനിന്മേല്‍ കളിയാണ്
ഇങ്ങനെ മാനത്തേക്ക് കുത്തിനിര്‍ത്തിയ രണ്ട് കമ്പില്‍
വലിഞ്ഞ് കെട്ടിയ ഞാണിന്മേല്‍
നിങ്ങള്‍ കാണുന്നില്ലേ
കാലങ്ങളായി ഞാന്‍ കളിയിലാണ്

(തുടക്കമേ പിഴച്ചു.
പറയാനോങ്ങിയത് എല്ലാം ഞാന്‍ തന്നെയെന്നാണ്
ഇങ്ങനെ കുത്തിനിര്‍ത്തിയ കമ്പും
വലിച്ച് കെട്ടിയ ഞാണും
അതില്‍ ഓടി വിളയാടുന്ന ഞാനും
എല്ലാം ഞാന്‍ തന്നെ .
നാട്ടുഭാഷയില്‍ അഹം ബ്രഹ്മാസ്മി)


രാവിലെ ഞാന്‍ നടക്കാനിറങ്ങുമ്പോള്‍
ലോകമുണരുന്നു
(അതിനുമുന്‍പേ ഉണര്‍ന്നിരിക്കുന്ന ലോകത്തെപ്പറ്റി
എനിക്ക് കാര്യമായ മതിപ്പില്ല)

സന്ധ്യക്ക് വീടണയുമ്പോള്‍
നാടണഞ്ഞ് പോകുന്നു
(നോക്കൂ,എന്ത് നല്ല പ്രയോഗം
വീടണയുന്നു നാട് അണഞ്ഞ്‌പോകുന്നു)


ഒരു വാചകത്തില്‍ എത്ര ഞാനിറക്കി കളിക്കാമെന്നതിനു
നിയമങ്ങളില്ല
(നിങ്ങളുടെ താങ്ങല്‍ശേഷിക്ക് മാത്രമാണ്
 പരിധി  )

ചിലപ്പോള്‍ ഞാനൊന്നാകെ
നിന്നിലേക്ക്‌ പെയ്ത് നിറയും .
അപ്പോളും ചൊരിയാതെ ബാക്കിയാവുന്ന
ഒരു ഞാനുണ്ട്
( ഇന്നലെ നിനക്ക് കൂട്ടുവന്ന
ആ [മഴവില്‍ തിടമ്പിന്റെ] പേരെന്താ
ആ ചുവന്ന  ചുരിദാറിട്ട....
[ആ പൊള്ളുന്ന നോട്ടമെറിയുന്ന ....] )

ചിലപ്പോള്‍ നിനക്ക് മുഖം തരാതെ
ഞാനെന്നെ ഒതുക്കത്തില്‍ മറച്ച് പിടിക്കും
അപ്പോളും പിടിവിട്ട് നിന്നിലേക്കൂര്‍ന്ന് വീഴുന്ന
ഞാനുണ്ട്
(ഒരു നീയെങ്ങനെ ചിലപ്പോള്‍
ഒരേസമയം ഒമ്പതാവുന്നു .
വീടുനോക്കുന്ന......, പടിക്കലേക്കോടി നോക്കുന്ന....,
ഉപ്പുനോക്കുന്ന..., മോളെ നോക്കുന്ന.... ,
ആളെനോക്കുന്ന... , ചുളിവുനോക്കുന്ന...)

നടിച്ച് നടിച്ച് ചിലപ്പോളെനിക്ക്
അരങ്ങും ജീവിതവുമൊന്നാകും.
ആപ്പീസും വീടും കുഴമറിയും .
ആപ്പീസിലെ പാര്‍വതിയും
വീട്ടിലെ ലക്ഷ്മിയുമോന്നാകും.
നാവിലൊരു വിലോലസരസ്വതി വിളയും
അഴകനെ അപ്പായെന്നു വിളിക്കും
ഒന്ന് മിണ്ടാതിരുന്നോടെ യെന്ന്‍
അപ്പായെ തലോടും .

മുഖത്തെ മസില് പെരുക്കണ്ട
ഞാന്‍ നിര്‍ത്തി .
ഇങ്ങനെ കുത്തിനിര്‍ത്തിയ കമ്പില്‍
വലിച്ചു കെട്ടിയ അഴയില്‍
ഞാനെന്നെയിങ്ങനെ നിവര്‍ത്തിയിട്ടത്
ആളാവാനല്ല.
നിങ്ങളോരോന്നു മനസ്സിലാക്കാനാണ് .

അതിനു മാത്രമാണ് കാലങ്ങളായി
ഞാനിങ്ങനെ കാറ്റും വെയിലുമേറ്റ്
വാടുന്നത് ..കാലങ്ങളായി ഞാനിങ്ങനെ ...






No comments:

Post a Comment

Related Posts Plugin for WordPress, Blogger...