Jan 23, 2014

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍

പട്ടുടയാടയും മുട്ടോളം വളയുമായ്
പാലൊളിചന്ദ്രികയാണ് ആദ്യമെത്തിയത്‌
ഇനിയും മരിക്കാത്ത കാല്‍പനിക കവിയുടെ
പൂക്കുന്നിലഞ്ഞിയിലേക്ക് പറഞ്ഞുവിട്ടു

ജീന്സിലൊതുങ്ങാത്ത ചന്തിയും തുള്ളിക്കൊണ്ട്
പെണ്ണെഴുത്ത് തുളുമ്പിനിന്നു
കവിതയും വിവര്‍ത്തനവും ശീലമാക്കിയ
കിഴവന്‍ കവിക്ക് കൂട്ടിരിക്കാന്‍ വിട്ടപ്പോള്‍
ഇല്ലാത്ത പരിഭവം നടിച്ചു

"യെന്തുവാടാ പന്നീ" യെന്ന്‍ ,
കാലങ്ങള്‍ക്കപ്പുറത്ത് നിന്ന്‍
പഴയ കൂട്ടുകാരന്‍ കയറിവന്നു.
"എങ്ങോട്ടാ ,ഇന്ന്‍ കളിയുണ്ട്."

"പ്ഫ..., അവന്റമ്മേടൊരു.....,
കോലിട്ട് കളിക്കുന്നവര്‍ നാല് കോടികളുണ്ടാക്കുന്നിടത്ത്
നിനക്കെന്താ, വാ മാപ്രാണത്ത് നല്ല കറികള്‍ കിട്ടും."

ഞങ്ങളിപ്പോള്‍
ആദിമമായ ഒരു ബോധത്തിലെക്ക് ഉണരുകയാണ്
കാഴ്ചകളൊക്കെയും കീഴ്മേല്‍ മറിയുന്നുണ്ട്.

പ്രകൃതിവിരുദ്ധം മണത്തൊരു പത്രക്കാരന്‍ പട്ടി
വാലാട്ടി വരുന്നുണ്ട്.

ഉച്ചത്തില്‍ മിണ്ടിയതിനു പിടിയിലായ
ദളിത്‌ എഴുത്തുകാരനെ ക്കുറിച്ച്
ഇപ്പോഴും വിവരങ്ങളൊന്നുമില്ല.

നിര്‍വചനങ്ങളിലൊതുങ്ങാതെ തെറിച്ചുനില്‍ക്കുന്ന
പെണ്ണെഴുത്തിന്റെ സ്വകാര്യാഹങ്കാരങ്ങളിലേക്ക്
തുഴയെറിയുന്നുണ്ട് ,
വിപ്ലവം കൊണ്ട് പല്ല് തേച്ച് വളര്‍ന്ന
ഉശിരന്‍ നേതാവ്.

നല്ല തണുപ്പുണ്ട് .
ഞങ്ങളല്പം കീഴാളകവിതയും
പരിസ്ഥിതിപഠനവും
പഴയ നാടകഗാനങ്ങളുമെടുത്ത് പുതച്ചു.

ഇപ്പോഴും നല്ല തണുപ്പുണ്ട് .

No comments:

Post a Comment

Related Posts Plugin for WordPress, Blogger...