Dec 24, 2013

ഒരു ഗോളിലേക്കുള്ള പാസുകള്‍ അഥവാ കണ്ണു കെട്ടിക്കളിയുടെ നിയമങ്ങള്‍

ഏറ്റവും കൂടുതല്‍ തവണ ബോള്‍ പാസ് ചെയ്തതിനു ശേഷം ഗോള്‍ അടിച്ചത്തിനുള്ള ക്രെഡിറ്റ് ബാര്‍സലോണ ടീമിനുള്ളതാണ്. 42 പാസുകള്‍ക്ക് ശേഷമാണ് അവര്‍ ആ ഗോള്‍ നേടിയത്.ഇന്നത്തെ പ്രൊഫഷണല്‍ ലീഗുകളുടെ കാലഘട്ടത്തില്‍ അത്രയും നേരം ബോള്‍ എതിരാളികള്‍ക്ക് കൊടുക്കാതെ കയ്യില്‍ വെച്ചിരിക്കുക എളുപ്പമല്ല.

                             
                     

                         ഈയിടെ ലൈംഗിക ആരോപണത്തിനു വിധേയനായ റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയും പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ്   ഗാംഗുലിയെ ആ സ്ഥാനത്ത് നിന്ന്‍ നീക്കാനുള്ള നീക്കത്തിനു തുടക്കമിട്ടത് മുഖ്യമന്ത്രി ശ്രീമതി മമതാബാനര്‍ജിയാണ്.അവര്‍ ബഹുമാനപ്പെട്ട പ്രസിഡന്‍റ് ശ്രീ പ്രണബ്മുഖര്‍ജിക്ക് കത്ത് കൊടുത്തു.അദ്ദേഹം ഒട്ടും സമയം കളയാതെ  അത് ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചുകൊടുത്തു.അവിടെ നിന്നും അത്  കൈപറ്റിയത് നിയമ മന്ത്രാലയമാണ്.
അവര്‍ നിയമോപദേശത്തിന് അറ്റോര്‍ണി ജനറല്‍ ശ്രീ വഹന്‍വതിക്ക് നീട്ടിക്കൊടുത്തു.അദ്ദേഹം ചില മനോഹര ഡ്രിബ്ലിംഗ് മുഹൂര്‍ത്തങ്ങള്‍ കാഴ്ച വെക്കുമെന്ന്‍ പ്രതീക്ഷിക്കുന്നു.തുടര്‍ന്ന്‍ ബോള്‍ സര്‍ക്കാരിലേക്ക് പാസ് ചെയ്യും.അവിടെ നിന്ന്‍ കാബിനറ്റിലെക്ക് റഫര്‍ ചെയ്യും.അവിടെ കളികളെല്ലാം നന്നായറിയുന്ന മന്ത്രിമാരുടെ ചില തട്ടിക്കളികള്‍ക്ക് ശേഷം അത് സുപ്രീംകോടതിയിലേക്ക് നീട്ടി ലോബ് ചെയ്യും.അവിടെ ശ്രീ ഗാംഗുലിയെ കുറിച്ചുള്ള ആരോപണമന്വേഷിക്കുന്ന മൂന്നംഗകമ്മിറ്റി ബോള്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍പുണ്ടാവും.അവര്‍ ബോള്‍ പരസ്പരം പാസ് ചെയ്തു നേരം കളയുമോ എന്ന് പറയാനാവില്ല.സുപ്രീംകോടതി അത് ഗാംഗുലിക്ക് മൈനസ് പാസ് കൊടുക്കും .തുടര്‍ന്ന്‍ ഗാംഗുലിയുടെ കളി നിരീക്ഷിച്ച് വീണ്ടും ബോള്‍ സ്വീകരിച്ച് പ്രസിഡന്റിനു തന്നെ മടക്കിക്കൊടുക്കും.

                    പിന്നെയെന്തൊക്കെ നടക്കുമെന്ന്‍ പറയാനാവില്ല.കളിക്കാര്‍ കൂട്ടം കൂടി നില്‍ക്കേ ആരെങ്കിലും കേറി ഗോളടിക്കുമോ?ബോള്‍ മൈതാനത്തിനു പുറത്തേക്ക് അടിച്ചുകളയുമോ?ഒരു സെല്‍ഫ്ഗോളില്‍ കലാശിക്കുമോ?


                അതോ പണ്ടത്തെ ആകാശവാണി ഫുട്ബോള്‍ കമന്റെറ്റര്‍ പറയാറുള്ളപോലെ   "പക്ഷേ ഒന്നും സംഭവിച്ചില്ല,  66  -)o നമ്പര്‍ ജഴ്സിയില്‍ കളിക്കുന്ന ഗോളി ശ്രീ ...................  ബോള്‍ പുഷ്പം പോലെ പറന്നുപിടിച്ചു കൈപിടിയിലൊതുക്കി  "


      കളിമൈതാനങ്ങളില്‍ നടക്കുന്ന കളികളായിരുന്നെങ്കില്‍ മിക്കവാറും 90  മിനിട്ടിനുള്ളില്‍ റിസള്‍ട്ട് അറിയാമായിരുന്നു.
                         

No comments:

Post a Comment

Related Posts Plugin for WordPress, Blogger...