Dec 18, 2013

ദാവീദും ഗോലിയാത്തും

               അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കൊണ്സുലെറ്റ് ഉദ്യോഗസ്ഥയെ വിസ കൃത്രിമം ആരോപിച്ച് അറസ്റ്റ് ചെയ്ത് കയ്യാമം വെച്ചതും വസ്ത്രം ഉരിഞ്ഞ് പരിശോധിച്ചതും ശരീരാന്തര്‍ഭാഗങ്ങളെ  പരിശോധിച്ചതും(cavity search) മയക്കുമരുന്ന് കുറ്റവാളികള്‍ക്ക് ഒപ്പം പാര്‍പ്പിച്ചതും ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങളോട് അവര്‍ പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തെ സൂചിപ്പിക്കുന്നു.എന്ത് അപമാനവും നാം വിനീതവിധേയരായി സഹിച്ച് കൊള്ളുമെന്നുള്ള അവരുടെ ഉറച്ച വിശ്വാസത്തെ കാണിക്കുന്നു .ഏതായാലും അവരുടെ ഹുങ്കിനെ അതെ നാണയത്തില്‍ നേരിടാന്‍ നാം ആദ്യമായി ധൈര്യം കാണിച്ചിരിക്കുന്നു.ഇന്ത്യയിലെ അമേരിക്കന്‍ കൊണ്സുലെട്ടിലെ മുഴുവന്‍ ജീവനക്കാരുടെയും I D കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയും പ്രത്യേക ഇറക്കുമതി ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.അവരുടെ രാജ്യത്ത് നമുക്ക് ലഭിക്കാത്ത പ്രത്യേക പരിഗണനകളൊന്നും അവരും ഇവിടെ ആസ്വദിക്കുന്നില്ല എന്ന്‍ ഉറപ്പാക്കുന്നു.ചില ഉദ്യോഗസ്ഥര്‍ കൂടെ പാര്‍പ്പിച്ചിരിക്കുന്ന  GAY PARTNERS (സ്വവര്‍ഗ്ഗപങ്കാളികള്‍ ) നെ ഇപ്പോള്‍ ക്രിമിനല്‍ കുറ്റമായി കാണുന്ന ഇവിടുത്തെ നിയമമനുസരിച്ച് നടപടി എടുക്കാനുള്ള സാധ്യതയും ആലോചിക്കുന്നു, അന്താരാഷ്ട്ര സമൂഹം ആ നിയമത്തെ പഴഞ്ചന്‍ എന്ന്‍ വിളിക്കുകയും ഈയിടെ ഉണ്ടായ സുപ്രീംകോടതി വിധിയെ അപലപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും.ഇതിനായി നടത്തിയ വിസാച്ചട്ട ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കുവാനും ആരംഭിച്ചിട്ടുണ്ട്.ഇലക്ഷന്‍ അടുത്തെത്തിയതിന്റെ ആവേശം ആകാമെങ്കിലും അമേരിക്കന്‍ ധാര്‍ഷ്ട്യത്തെ നേരിടാനുള്ള ഉള്ളുറപ്പ് അഭിനന്ദനം അര്‍ഹിക്കുന്നു.ഇതിന് ബദലായി സംഭവിക്കാന്‍ ഇടയുള്ള ചെറിയ നഷ്ടങ്ങളെ നമുക്ക് മറക്കാം.ഔട്ട്‌സോഴ്സിങ്ങില്‍ വന്നേക്കാവുന്ന കുറവുകള്‍ ഇവിടുത്തെ I T കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടാക്കാവുന്നതും അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുണ്ടാകാവുന്നതും .

 
                      അപ്പോഴും വിട്ടുകളയാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ട്. DOMESTIC HELP എന്ന്‍ അവര്‍ വിളിക്കുന്ന വീട്ടുജോലിക്കാരുടെ  തൊഴില്‍ അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമം ആ രാജ്യത്തുണ്ട്.അവര്‍ക്ക് മിനിമം വേതനവും ലീവും തൊഴില്‍സാഹചര്യങ്ങളും അതുറപ്പ് വരുത്തുന്നു.വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ജോലിക്കാര്‍ക്കും ഇതേ പരിരക്ഷ അതാവശ്യപ്പെടുന്നു.ഈ നിയമങ്ങളെ മറികടക്കാന്‍,അതിന്റെ മൂന്നിലൊന്നു ശമ്പളം കൊടുത്ത്  കൃത്രിമമായി ശമ്പളം കൂട്ടിക്കാണിച്ച് വിസ  സംഘടിപ്പിച്ച് ആളെ കൊണ്ടുവരുന്നത് ന്യായീകരിക്കാനാവില്ല.പല ഇന്ത്യക്കാരും അങ്ങനെ ചെയ്യുന്നുണ്ട് എന്നത് മതിയായ ന്യായീകരണമല്ല ,പ്രത്യേകിച്ചും നിയമങ്ങളെ ബഹുമാനിക്കാന്‍ ബാധ്യതയുള്ള കൊണ്സുലെറ്റ് ഉദ്യോഗസ്ഥര്‍ക്ക് . DIPLOMATIC IMMUNITY തങ്ങളെ താങ്ങിക്കൊള്ളും എന്ന വിശ്വാസത്താല്‍ അങ്ങനെ ചെയ്യുന്നത് അന്തസ്സിനു ചേര്‍ന്നതല്ല.കൊണ്സുലെറ്റ് സ്റ്റാഫിന് എമ്പസ്സി സ്റ്റാഫിന്റെ സ്റ്റാറ്റസ് ആ രാജ്യം അനുവദിച്ചു കൊടുക്കുന്നില്ല എന്നത് മറ്റൊരു കാര്യം.

     
                    ഏതായാലും ഇത്തരം സംശയങ്ങളെ പിന്നത്തേക്ക് വെക്കാം.അതൊന്നും ഒരു കൊടുംക്രിമിനലിനോടെന്ന പോലെ അവരോട് പെരുമാറിയതിനുള്ള കാരണങ്ങളല്ല.
നമുക്ക്, ചരിത്രത്തില്‍ ആദ്യമായി അമേരിക്കയുടെ ഗോലിയാത്തിയന്‍ അഹന്തയുടെ നേര്‍ക്ക്നേര്‍  നില്‍ക്കുവാന്‍ ധൈര്യം കാണിച്ചവരെ അഭിനന്ദിക്കാം. ഇത്തവണയും ദാവീദിന്റെ കവണക്കല്ല് ലക്ഷ്യത്തിലെത്തട്ടെ എന്ന്‍ നെഞ്ചുരുകി പ്രാര്‍ഥിക്കാം .

No comments:

Post a Comment

Related Posts Plugin for WordPress, Blogger...