Dec 12, 2013

ആഖ്യ, ആഖ്യാദം ,പുളുങ്കൂസന്‍ വ്യാകരണം

"കന്നിമാസത്തിലെ ശ്വാവും
ഓഡിട്ടറുമൊരേതരം
ചുവന്ന പെന്‍സിലും കൂര്‍പ്പി
ച്ചങ്ങുമിങ്ങും പലായനം"...........എസ് .കെ .പൊറ്റെക്കാട്

                 
                     മാര്‍ച്ച് ഇങ്ങെത്താറായി.മാച്ച് കടിച്ചുപറിക്കുന്നതിന് കുറഞ്ഞൊരു സുല്ല് പറയാന്‍ നേരമായി.അനന്തപുരിയിലെ തമ്പ്രാക്കളുടെ പുകയേല്‍ക്കാത്ത അടുപ്പുകളില്‍ ഊഴംവെച്ച് പൊള്ളിച്ചെടുത്ത പാതിവെന്ത പദ്ധതികള്‍ മാര്‍ച്ചിംഗ് ഓര്‍ഡര്‍ കാത്തു കിടപ്പുണ്ടാവും, പല തട്ടുകള്‍ കയറി വന്ന്‍ പല ആപീസര്‍മാര്‍ തുല്യം ചാര്‍ത്തി തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച് വിട്ടവ.ഭാവനാവിലാസങ്ങളാല്‍ സമ്പന്നമായവ,മനോധര്‍മ്മങ്ങള്‍ ആവോളമുള്ളവ.പശുവിനെ വാങ്ങാനുള്ള പദ്ധതികള്‍ ,കിടാരി വളര്‍ത്താനുള്ളത്,കന്നുകുട്ടി പരാധീനങ്ങല്‍ക്കുള്ളത്,പോത്തിനെ തടിപ്പിക്കാനും കൊഴുപ്പിക്കാനുമുള്ളത്.പന്നിക്കും മുയലിനും സാറ്റലൈറ്റ് പദ്ധതികള്‍ .കോഴിക്കും ആടിനുമുള്ളത്.ആട് കിടന്നെടത്ത് പൂട കാണാതിരിക്കാന്‍ വേണ്ടിയുള്ളത്.അങ്ങനെ പലതരം പദ്ധതികള്‍ .
                   
                 
                        ഇടക്ക് ബോറടി കൂട്ടാന്‍ ഒരു അനുഭവ കഥ പറയാം.കോഴ്സ് കഴിഞ്ഞിറങ്ങിയ കാലം.പ്രോവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ ലിസ്റ്റുമൊക്കെ ഒരു സീനിയര്‍ കൂട്ടുകാരനൊപ്പമാണ് വാങ്ങിയത്.കൂടപ്പിറപ്പായ നിതാന്ത ജാഗ്രത കാരണം രണ്ടും കൂട്ടുകാരന്‍റെ കയ്യില്‍ പെട്ട്പോയത് അറിഞ്ഞില്ല .പിന്നെ P S C വെരിഫിക്കേഷന്‍ സമയത്ത് വെപ്രാളപ്പെട്ട് ചെല്ലുമ്പോള്‍ പുള്ളി നാട്ടിലില്ല .അമ്മയുടെ സഹായത്തോടെ പുള്ളിയുടെ പെട്ടി തുറന്നപ്പോള്‍ സംഗതി കിട്ടി.സഹതാപം നിറഞ്ഞ ഒരു ചിരി ചിരിച്ചു ,അമ്മ. ഇനി ആ അമ്മയുടെ വാക്കുകള്‍ ."എന്റെ മോനും ഇതേ സ്വഭാവം ആയിരുന്നു.എന്ട്രന്‍സ് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് എടുത്ത് വെച്ചു.അയക്കാന്‍ സമയമായപ്പോള്‍ അന്വേഷിച്ചു നടന്നിട്ടു കാണണ്ടേ .ഒടുവില്‍ കുട്ടികള്‍ അപ്പിയിടുന്നതിന്റെ കൂട്ടത്തില്‍ നിന്ന് കണ്ടെടുത്താണ് അയച്ചത്.അത്പോലെ തന്നെ അവന് കിട്ടിയില്ലേ ,അപ്പി വാരുന്ന പണി?".നിന്ന നില്പില്‍ ഒരു നോബിള്‍ പ്രൊഫഷന്‍ ഉടഞ്ഞുവീണു തകര്‍ന്നു.ഒന്നും പറയാനില്ലാതെ ഞാന്‍ നിന്നു,ഒരു ഇളിബ്യന്‍ ചിരിയാല്‍ മോന്തായം നിറച്ച് കൊണ്ട്.ഇനി ആടിത്തീര്‍ക്കാന്‍ പോകുന്ന ജീവിതനാടകത്തില്‍ ഉടനീളം അണിയാന്‍ പോകുന്നത് ഒരു ഹാസ്യഥാപാത്രത്തിന്റെ  റോള്‍ ആയിരിക്കും എന്നൊരു ഉള്‍കാഴ്ച അന്നേ തെളിഞ്ഞു കിട്ടേണ്ടതായിരുന്നു,അതുണ്ടായില്ല.


                            ഈ പദ്ധതികളൊക്കെ എങ്ങിനെയെങ്കിലും നടത്തിയെടുക്കുക എന്നതാണ് അടുത്തപണി.മോളില്‍ നിന്നുള്ള സമയ തീട്ടൂരം പാലിച്ച് കാശ് ചെലവാക്കിക്കൊടുക്കാനുള്ള നെട്ടോട്ടം.ആളുകളെ പറഞ്ഞു സമ്മതിപ്പിച്ച് ,ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നേതാക്കളെ താണുവണങ്ങി ആപ്പീസുകള്‍ കയറിയിറങ്ങി ആപ്പീസര്‍മാരെയും പ്യൂണിനെയും തൂണിനെയും തുരുമ്പിനെയും അനുനയിപ്പിച്ച് ഭരണയന്ത്രത്തിന്റെ പല്‍ച്ചക്രങ്ങളില്‍ കിടന്നൊരു പിടച്ചിലുണ്ട്.വല്ലവിധേനയും കാര്യങ്ങള്‍ ഒരു വഴിക്കാക്കി "എന്റെ വടക്കുംനാഥാ ഞങ്ങള്‍ക്ക് പറ്റിയ അപരാധം പൊറുക്കേണമേ ,ഞങ്ങളുടെ മക്കളെ വെറ്ററിനറി കോളെജിന്റെ  ഏഴയലത്ത് പോലും അടുപ്പിക്കാതെ കാത്തോളണേ"എന്നൊരു പ്രാര്‍ത്ഥനയും നെഞ്ചില്‍ അടക്കിപ്പിടിച്ച് ഒന്ന്‍ നെടുവേര്‍പിടുംപോഴേക്കും കഥയുടെ മൂന്നാം ഭാഗം തുടങ്ങുന്നു.

                           ഇനിയാണ് യഥാര്‍ത്ഥ നായകന്‍ പ്രവേശിക്കുന്നത്.ഋഷിരാജ്‌ സിങ്ങിന്റെയോ സുരേഷ് ഗോപിയുടെയോ മുഖച്ഛായ ഇല്ലെങ്കിലും പണി ഓഡിറ്റിംഗ് ആണ്.അതുവരെ എഴുതി വെച്ച സാഹിത്യം മുഴുവനുമെടുത്ത് ആ കാല്‍ക്കല്‍ സമര്‍പ്പിച്ചു മാറി നില്കുകയെ വേണ്ടൂ.അയാള്‍ അത് സൂക്ഷ്മം പഠിക്കുമ്പോള്‍ മുഖത്ത് പലതരം വികാരങ്ങള്‍ മാറിമറിയുകയായി.ഇതില്‍ കുത്തെവിടെ ,കോമയെവിടെ,സീലെവിടെ ,ദ്വിതീയാക്ഷരപ്രാസം മുറക്ക് വന്നില്ലല്ലോ ,അനുഷ്ടിപ്പ് വൃത്തവും വട്ടവുമൊത്തില്ലല്ലോ.ഒരു നൂറായിരം കുഴപ്പങ്ങള്‍ .നാം വളഞ്ഞുകുത്തി ആവോളം വിനയാന്വിതനാവുന്നു.ഇടക്ക് നാല് പ്രോകടീവ് ബോളസും എഴുതിക്കൊടുത്ത് ഒരാളെ പറഞ്ഞു വിടാനുള്ള പെടാപാടുണ്ട്.പ്രസവം ഇന്നലെ കഴിഞ്ഞു.മാച്ചും പോയി.രാവിലെ നോക്കുമ്പോള്‍ പുറത്തേക്ക് കുറച്ചെന്തോ തള്ളിവന്നിരിക്കുന്നു എന്നൊരു കുറഞ്ഞ കാര്യത്തിനാണ് അയാളിങ്ങനെ കാത്തുനിന്നു കഴക്കുന്നത്.വല്ല പ്രോലാപ്സുമായിരിക്കും.


                     ഇടക്ക് ബോറടി മാറ്റാന്‍ ഒരു കഥ പറയാം.സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്റെ നോവലിന്റെ കയ്യെഴുത്ത്പ്രതി  മലയാളം വാദ്ധ്യാരായ അനുജനെ ഏല്പിക്കുന്നു.ഇനി ബഷീറിന്റെ അനുഗ്രഹീത ഭാഷയില്‍ .




"നോക്കുമ്പോള്‍ അവന്‍ വായിച്ച എല്ലാ കടലാസിലും അവന്റെ തടിയന്‍പേനാകൊണ്ട് വരയിട്ടിട്ടുണ്ട് ! എന്തിനാണാ വര? ഞാന്‍ ഒരു ബീഡി കത്തിച്ചു കസേരയില്‍ ഇരുന്നപ്പോള്‍ അവന്‍ വിളിച്ചു:`ഇയ്ക്കാക്കാ, ഇങ്ങോട്ടു വരൂ!'എന്തോ അത്യാവശ്യകാര്യം ആയിരിക്കണം. ഞാന്‍ എണീറ്റുചെന്ന് അവന്റെ അടുത്തു പായില്‍ ഇരുന്നു. അവന്‍ ഏറ്റവും അവജ്ഞയോടെ എന്നെ ഒന്നു നോക്കി. എന്നിട്ട് ഒരു വാക്യം വായിച്ചു. സ്റ്റൈലന്‍ വാക്യമാണ്. പക്ഷേ, അവന്‍ ചോദിച്ചു:`ഇതിലെ ആഖ്യാദം എവിടെ?'`എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം?'അവന്‍ ഒരു കൊച്ചു വിദ്യാര്‍ത്ഥിയോടെന്നവണ്ണം എന്നോടു കുറെ സംസാരിച്ചു. അതില്‍ ആഖ്യ, ആഖ്യാദം, അന്വയം, ലൊട്ട്, ലൊടുക്ക് മുതലായ വ്യാകരണസംബന്ധിയായ ചപ്ലാച്ചി ചര്‍ച്ചകളാണ്. ലൊട്ട്, ലൊടുക്ക് എന്നൊന്നും അവന്‍ പറഞ്ഞില്ല. അര മണിക്കൂര്‍ നേരത്തെ വര്‍ത്തമാനത്തില്‍ അവന്‍ എന്നെ ഒരു അജ്ഞനാക്കിവെച്ചു. എന്നിട്ടു പറഞ്ഞു:`ഇയ്ക്കാക്കാ വ്യാകരണം പഠിക്കണം!'
തന്നെയുമല്ല, കുറെ വ്യാകരണപ്പുസ്തകങ്ങളുടെ പേരുകളും അവന്‍ ഉപദേശിച്ചു തന്നു. എനിക്കങ്ങു ദേഷ്യം വന്നു. കിലുകിലാ വിറച്ചുകൊണ്ടു ഞാന്‍ പറഞ്ഞു:
`
`പോടാ, എണീറ്റ്. അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ! എടാ നീ അല്ലേ നെയ് കട്ടു തിന്നു ദീനമാണെന്നു പറഞ്ഞു നടന്ന പെരുങ്കള്ളന്‍! എടാ ഇതെല്ലാം ഞാന്‍ വര്‍ത്തമാനം പറയുന്ന മാതിരിതന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഇതില്‍ നിന്റെ ഒരു ചട്ടുകാലന്‍ ആഖ്യാദമില്ലെങ്കിലെന്ത്? അവന്റെ ഒരു പുളുങ്കൂസന്‍ വ്യാകരണം! ചട്ടന്‍!!'
               

                     കഥയൊടുങ്ങുംപോള്‍ രണ്ട് കുറിമാനങ്ങളാണ് നമ്മെ തേടിയെത്തുന്നത് .ആദ്യത്തേത് ഇത്തിരി രസകരമാണ്.മില്ച്ച് കൌ ഡീവേമിംഗ് പദ്ധതി പ്രകാരം താങ്കളുടെ പ്രദേശത്ത് പാലുല്‍പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനയുടെ റിപ്പോര്‍ട്ട് മടക്കത്തപാലില്‍ അറിയിക്കാനുള്ളതാണ്.പെട്ടെന്ന്‍ തീര്‍പാക്കാവുന്നതാണ്.അടുത്തത് അത്രക്കങ്ങ് രസകരമല്ല.താങ്കള്‍ നടത്തിയ .....പദ്ധതിയുടെ തെരഞ്ഞെടുപ്പില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ നൂറ്റൊന്ന്‍ അംഗങ്ങളും  കയ്യോപ്പിടാത്തത് കൊണ്ട് ഈയിനത്തില്‍ ചെലവാക്കിയ നാല് ലക്ഷത്തി നാല്‍പതിനായിരം രൂപ ഇതിനാല്‍ തടസ്സപ്പെടുത്തുന്നു.സര്‍കാരിനുണ്ടായ നഷ്ടം ...                               


                              സ്വര്‍ഗസ്ഥനായ Claude Bourgelat  പിതാവേ ,മുപ്പത്തി മുക്കോടി ദൈവങ്ങളെ അടിയങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ   


                                 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...