Nov 26, 2013

സൂപ്പര്‍ മെഗാതാരങ്ങള്‍ വിത്തിറക്കുമ്പോള്‍വല്ലപ്പോഴും മാത്രം ഒന്ന്‍ സന്ദര്‍ശിച്ച് മടങ്ങേണ്ട ഇടങ്ങളാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ..അത്യുത്സാഹത്തോടെയും അപാരമായ പ്ലാനിങ്ങോടെയുമാണ് നാം ഇത്തരം ഈവന്റുകള്‍ ആഘോഷിച്ച് തീര്‍ക്കുന്നത്.മൂന്നാറോ കൊടൈകനാലോ ഊട്ടിയോ ഏത് മലമുകളുമോ ആയിക്കോട്ടെ അതൊന്നും സ്ഥിരതാമസത്തിനു പറ്റിയതല്ല.പറ്റിയ സീസണ്‍ നോക്കി, സമയവും സൌകര്യവും നോക്കി കാമറയും വീഡിയോയും ഒക്കെയായി ഒന്ന് ആര്‍മാദിച്ച് മടങ്ങാന്‍ മാത്രം പറ്റിയ സ്ഥലങ്ങള്‍ .അവിടെയും നാം ഒരു കാഴ്ചയിലും നിറയാറില്ല.ഒരു പുഴയിലും മുങ്ങി നിവരാറില്ല.എല്ലാം ഒപ്പിയെടുക്കാനും ഡിജിറ്റലൈസ് ചെയ്യാനുമുള്ളതാണ്.പിന്നീടെടുത്ത് നോക്കി മറിച്ചുനോക്കുമ്പോളാണ് സുഖം ,പലപല സൈറ്റുകളില്‍ ഷെയര്‍ ചെയ്യുമ്പോഴും. ഒഴിഞ്ഞ കുപ്പികളും സിഗരറ്റ് കുറ്റികളും കെട്ടിയോളോടുള്ള ദ്വേഷവും അവിടെ വലിച്ചെറിഞ്ഞ് നാം മടങ്ങുകയും ചെയ്യും.അടുത്ത ആഘോഷങ്ങള്‍ക്ക് പുതിയ ഒരു ഇടം മനസ്സില്‍ കുറിച്ചിട്ട്‌കൊണ്ട്.അവിടെ സ്ഥിരതാമസമെന്നത് ലോക്കല്‍സിന് മാത്രം പറ്റിയ ഏര്‍പാടാണ്.ഒരു നാലുവരിപ്പാതയും മള്‍ടിപ്ലക്സും ഇല്ലാതെ, ഇടക്കൊരു ഷോപ്പിംഗ്മാള്‍ കയറിയിറങ്ങാതെ എന്തോന്ന്‍ ജീവിതം.ഓര്‍ക്കുമ്പോള്‍  പേടിയാവുന്നു.പിന്നെ ഈ നാട്ടൂകാരെന്നു പറയുന്നവര്‍ ഇവിടെയെങ്ങനെ ജീവിച്ച് പോവുന്നു എന്നത് അവര്‍ക്ക്‌ മാത്രം അറിയാം.
                        കെ.പി.ഇല്യാസിനെയും ഗോപാലകൃഷ്ണന്‍മാഷ്‌ വിജയലക്ഷ്മി ടീച്ചര്‍ ദമ്പതിമാരെയും പോലെയുള്ളരും പിന്നെ നാമറിയാത്ത അനേകമായിരങ്ങളും ജീവിതം തന്നെ കൃഷിയുമായി കൂട്ടികെട്ടിയവരാണ്.സ്വന്തമായി ആവശ്യത്തിനു ഭൂമിയില്ലാതിരുന്നിട്ടും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ .ഇങ്ങനെ വേണം ജീവിക്കുവാന്‍ എന്ന ഉറച്ച ബോധ്യത്തോടെ മലകയറിയവര്‍ . ഒന്നിനും കൊള്ളാത്ത സ്ഥലങ്ങളില്‍ ജീവിക്കുകയും കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്നവര്‍ .അതിന്റെ പരാധീനതകളും പരിവെട്ടങ്ങളും പങ്കുവയ്ക്കുന്നവര്‍ .നമുക്കെന്ത് കൊണ്ട് ഇങ്ങനെയും ജീവിച്ച്കൂടാ എന്നൊരു ചോദ്യം സ്വന്തം ജീവിതംകൊണ്ട് തൊടുത്ത് വിടുന്നവര്‍ .മണ്ണിനും വെള്ളത്തിനും വിധിപറയാന്‍ ഭാഗധേയം വിട്ടുകൊടുത്തുകൊണ്ട് അവിടങ്ങളില്‍ താമസമാക്കിയവര്‍ .ഉണര്‍ത്ത്പാട്ടിലൂടെയും നാവേറിലൂടെയും ആദര്‍ശവല്കരണത്തിലൂടെയുമല്ല സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടലുകളിലൂടെ വേണം കാര്‍ഷകനെയും കൃഷിയെയും രക്ഷിക്കേണ്ടത് എന്ന്‍ വിളിച്ചുപറയുന്നവര്‍ .‘പ്രകൃതികൃഷി’ സൂപ്പര്‍ ഹിറ്റ്; കൊയ്യാന്‍ മമ്മൂട്ടിയത്തെി             
                               ഇതിനിടയിലാണ് ചിലര്‍ ചാനല്‍ ഫോട്ടോഗ്രാഫര്‍മാരെയും പത്രക്കാരെയും വിളിച്ച് വരുത്തി വിത്തിറക്കുകയും വിളവെടുപ്പ് ആഘോഷിക്കുകയും കൃഷിയെ ഒഴിവുസമയ പിക്നിക്കായി പൊലിപ്പിച്ചെടുക്കുകയും കാമറക്ക് പോസ് ചെയ്യുകയും ചെയ്യുന്നത്.ചെങ്കഴമപ്പാടങ്ങള്‍ കൊയ്ത് നിരത്തുന്നത്.ഇടയ്ക്ക് കാലില്‍ അറിയാതെ പറ്റിപ്പോയ ചെളി ശ്രദ്ധയോടെ കഴുകിക്കളയുകയും അത് പത്രങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നത് .അവരുടെ കേട്ടിയോള്മാര്‍ മുഖമക്കനയും പട്ടുടയാടയും അണിഞ്ഞു വയല്‍വരമ്പില്‍ കാത്തുനിന്നു കണ്ണോക്ക് കാണിക്കുന്നത്.                               രാസകൃഷി ,ജൈവകൃഷി ,സീറോബജറ്റ് കൃഷി,പ്രകൃതികൃഷി,സുസ്ഥിര കൃഷി ,സംയോജിത കൃഷി ,പോളിഹൌസ് കൃഷി ,ഫാംടൂറിസം ,സ്പൈസസ് ടൂര്‍ തുടങ്ങി പലവിധത്തില്‍ കലങ്ങി മറിഞ്ഞ നമ്മുടെ വ്യവഹാര ഭാഷയിലേക്ക് സ്റ്റാര്‍ട്ടോ ആക്ഷനോ പറയാതെ  ചെങ്കഴമ കൃഷിയുമായി  ഒരാള്‍   നേരെയിങ്ങനെ ക്രാഷ് ലാന്‍ഡ് ചെയ്യുമ്പോള്‍ കയ്യടിക്കണോ കൂവിത്തോല്പിക്കണോ എന്നറിയാതെ ഒരു നിമിഷം പതറിപ്പോവുന്നു.
                                   പുത്തന്‍ ഉദയം വെള്ളമുണ്ടും ഷര്‍ട്ടും സണ്‍ ഗ്ലാസ്സും കൊയ്ത്തരിവാളുമായി ഇങ്ങനെ പലവിധത്തില്‍ പോസ് ചെയ്യുന്നത് കാണുമ്പോള്‍ മൂന്നാറെത്തിയോ സാറേ എന്ന്‍ വെറുതെയെങ്കിലും ഒന്ന്‍ ചോദിച്ചുപോവാന്‍ തോന്നിപ്പോവുന്നു.
Related Posts Plugin for WordPress, Blogger...