Aug 4, 2013

ഇതെന്തു ജാതി ?(ക്ഷമിക്കണം,എളുപ്പം മുറിവേല്കാന്‍ ഇടയുള്ളവര്‍ മാറി നടക്കുക)

"മാറിനില്കുക വൃദ്ധേ

മാറിനില്കുക

രണ്ടു മാറില്ല തീണ്ടാതിരി

പാവനമീ ക്ഷേത്രത്തെ"....തിരുമുമ്പ്

 

ചെറുപ്പത്തില്‍ ഞങ്ങളുടെ തറവാടിനു ചുറ്റും താമസിച്ചിരുന്നത് ജാതിശ്രേണിയിലെ ഏറ്റവും താഴ്ന്ന ഹിന്ദുക്കളായിരുന്നു.കുഞ്ഞുനാളില്‍ ഇവര്‍ എന്തുകൊണ്ടാണ്‌  മദ്രസകളില്‍ പോവാത്തത്,നൊമ്പെടുക്കാത്തത് എന്ന സംശയങ്ങള്‍ക്ക് അവര്‍ ചോമാരല്ലേ എന്നതായിരുന്നു മറുപടി.അതുകൊണ്ട് അവര്‍ക്കിടയില്‍ ഒറ്റ ജാതിയേയുള്ളൂ എന്നാണ് കരുതിയിരുന്നത്.പിന്നീടൊരിക്കല്‍ അവരിലെ പ്രായമായ  ഒരു സ്ത്രീ തങ്ങളുടെ മകള്‍ മറ്റൊരു ജാതിക്കാരനുമായി ഒളിച്ചോടിപ്പോയത് പറഞ്ഞു കരഞ്ഞപ്പോഴാണ് ജാതിവ്യവസ്ഥകളുടെ വൈഷമ്യം തിരിച്ചറിയുന്നത്.മകള്‍ കുറേക്കൂടി താഴ്ന്ന ജാതിയിലെ ചെക്കനുമായി പോയതിലുള്ള വിഷമമായിരുന്നു അവര്‍ക്ക് .മനുഷ്യര്‍ക്കിടയിലുള്ള ജാതിയുടെ നാനാര്‍ത്ഥങ്ങള്‍ തിരിച്ചറിയുവാനും ആ കെട്ടുപാടുകളെ കുറച്ചെങ്കിലും (മുഴുവനായും എന്നു പറയാനാവുന്നില്ല ) മറികടക്കാനും അന്നത്തെ അനുഭവങ്ങള്‍ തുണ വന്നു .


  തമിഴ്നാട്ടില്‍  ധര്‍മപുരിയില്‍ വ്യത്യസ്ത ജാതിക്കാരായ ഇളവരസനും ദിവ്യയും തമ്മിലുണ്ടായ ഒളിച്ചോട്ടം സൃഷ്ടിച്ച പ്രശ്നങ്ങളും ഒടുവില്‍ രണ്ടു പാവം മനുഷ്യരുടെ മരണത്തിലും ഒരു ഗ്രാമം തന്നെ വെന്തെരിയുന്നതിലുമെത്തിയ പുകിലുകളാണ് ഈ ഓര്‍മകളെ പൊടിതട്ടിയെടുത്തത്.ഇന്ത്യയില്‍ത്തന്നെ ജാതിവ്യവസ്ഥക്കെതിരായ ഏറ്റവും ത്രീവ്രമായ പ്രക്ഷോഭങ്ങളും ,പെരിയാറുടെ നേതൃത്വത്തില്‍ മിശ്രവിവാഹങ്ങളും ജാതിവിരുദ്ധ സമരങ്ങളും നടന്ന മണ്ണാണ് തമിഴ്നാട്.സമുദായങ്ങളുടെയോ ജാതിസങ്കടനകളുടെയോ സമ്മതമില്ലാതെ നടന്ന സ്വയംനിര്‍ണയ വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന ,അതിനുവേണ്ടി ഇന്ത്യയില്‍ ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനം.  സ്വയം മര്യാദ ഇയക്കം (self respect movement) 

എന്ന ഈ പ്രസ്ഥാനമാണ് ദ്രാവിഡമുന്നേറ്റകഴകം എന്ന പാര്‍ട്ടിക്ക് രൂപം കൊടുക്കുന്നത്.സ്വാഭിമാനമുള്ള മനുഷ്യന്‍ മുന്നേറേണ്ടത് ദൈവങ്ങളും പുരോഹിതരും കാണിക്കുന്ന വഴിയിലൂടെയല്ല, മറിച്ച് സ്വന്തം ബുദ്ധിതെളിയിക്കുന്ന വഴിയിലൂടെയാണ് എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ദര്‍ശനം.ഈ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ശ്രദ്ധേയമായ കര്‍മപരിപാടികള്‍ ഇവയായിരുന്നു: ജാതിപ്പേരുകള്‍ നീക്കം ചെയ്യല്‍ , ജാതിപ്പേരിലുള്ള ബോര്‍ഡുകള്‍ താറടിക്കല്‍ , പൂണൂല്‍ മുറിക്കല്‍ , വിഗ്രഹങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയവ .പക്ഷെ ഇന്നവിടെ എല്ലാം തീരുമാനിക്കുന്നത് ജാതിയാണ്.അതിന്റെ ഏറ്റവും ഭീഷണമായ രൂപത്തില്‍ .

   ദേശീയമുന്നേറ്റങ്ങളുടെ കാലഘട്ടത്തില്‍ നാം നേടിയെടുത്ത മൂല്യങ്ങള്‍ വെറും പുറംമോടികള്‍ മാത്രമായിരുന്നു എന്നും ജാതിബോധം അസ്ഥിയില്‍ പിടിച്ച യാഥാര്‍ത്ഥ്യമായിരുന്നു എന്നും തിരിച്ചറിയുകയാണ്‌ നാമിപ്പോള്‍ .എണ്പതുകള്‍ക്ക് ശേഷം സമൂഹം പെട്ടെന്ന്‍ തിരിഞ്ഞു നിന്ന് പുറകോട്ട് നടക്കാന്‍ തുടങ്ങുകയായിരുന്നു .ജാതിയുടെ വാലുകള്‍ അലങ്കാരമായിരിക്കുന്നു .സങ്കടകരമോ ഭീതിജനകമോ ആയ കാര്യം കൗമാരക്കാര്‍ക്കിടയിലാണ് ഇത് കൂടുതല്‍ പ്രകടമാവാന്‍ തുടങ്ങുന്നത് എന്നാണ്‌.സ്വത്വബോധവും ജാത്യഭിമാനവും സ്വത്വരാഷ്ട്രീയവുമൊക്കെയായി അതിന്‍റെ സാമൂഹിക പ്രത്യയശാസ്ത്രവും രൂപപ്പെട്ട്‌ വരുന്നു.

    സാമുദായിക സംഘടനകളുടെ ഇടപെടലില്ലാതെ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനാവില്ലെന്നും അതിനുവേണ്ട ശക്തിപ്രകടനങ്ങളും റോഡ്ഷോകളുമൊക്കെയാണ് കാലത്തിന്റെ ആവശ്യങ്ങളെന്ന്‍ ആവര്‍ത്തിക്കപ്പെടുന്നു.സമുദായങ്ങള്‍ അവര്‍ക്കുവേണ്ട വിചാരങ്ങളും ആശയങ്ങളും അണിയേണ്ട നിറങ്ങളും ഉപചാരവാക്കുകളും ഉത്പാദിപ്പിക്കുന്നു.വ്യക്തിജീവിതത്തിനു വെളിയിലേക്ക് സാമൂഹിക വ്യവഹാരങ്ങളില്‍ ഇത് ഇടപെടാന്‍ തുടങ്ങുന്നതോടെ മതേതരത്വം എന്നത് വേറുംവാക്കാകുന്നു.വിവേവകാനന്ദസ്വാമികള്‍ സൂചിപ്പിച്ച , നാരായണഗുരുവിന്റെയും മറ്റു പരിഷ്കര്‍ത്താക്കളുടെയും കാലത്ത് മണിച്ചിത്രത്താഴിട്ട് അടച്ച് പൂട്ടിയ, ആ സെല്ലുകള്‍ തുറക്കുവാനുള്ള താക്കോലിനായി കൊല്ലന്റെ ആലയിലേക്ക് ആളെവിട്ട് നാം കാത്തിരിക്കാന്‍ തുടങ്ങുന്നു.

 ഇന്നൊരുകാര്യവും സാമുദായിക സങ്കടനകളില്‍ കൂടിയല്ലാതെ നടക്കില്ലെന്നായിരിക്കുന്നു .കല്യാണമോ കേറിത്താമാസമോ പോയിട്ട് മരിച്ചാല്‍ സംസ്കരിക്കുന്നത് പോലും അവര്‍ തീരുമാനിക്കട്ടെ എന്ന അവസ്ഥയിലെത്തുകയാണ്.അവിടുന്ന്‍ വാങ്ങിക്കോളൂ അത് നമ്മുടെ ആള്‍ക്കാരുടെ കടയാണ് എന്ന്‍ പറഞ്ഞുതരുമ്പോള്‍ ഒരു വിമ്മിട്ടവും ആരുടേയും മുഖത്ത് കാണാനാവുന്നില്ല.എല്ലാ പുരോഗമനങ്ങളും  ഇതിലേക്ക് സ്വാംശീകരിക്കപ്പെടുന്നു.കംപ്യൂട്ടര്‍ ജാതകങ്ങളും ഓണ്‍ലൈന്‍ ദര്‍ശനങ്ങളും സോഷ്യല്‍കൂട്ടായ്മകളുമായി എല്ലാ മാറ്റങ്ങളെയും സ്വന്തം ജഡശരീരത്തിലേക്ക് വലിച്ചെടുത്തുകൊണ്ട് ,ഏത് വിപ്ലവങ്ങളെയും അതിജീവിക്കുവാനുള്ള ശേഷിയുണ്ട് തങ്ങള്‍ക്കെന്ന്‍ അത് വിളിച്ച് പറയുന്നു.വെജിറ്റേറിയന്‍ ഓണ്‍ലി കോളനികളും നായര്‍ നമ്പൂരി പുലയ മാപ്പിള വീഥികളും വേര്‍തിരിവിനെ ആഘോഷമാക്കുന്നു."ഇതിലെന്റെ പങ്കെനിക്കു താ ,എനിക്കു താ "എന്ന്‍ ഏത് ചെകുത്താന്റെ മുഖത്ത് നോക്കിയും ചോദിക്കാന്‍ തുടങ്ങുന്നു.ഒറ്റക്ക് നില്‍കാന്‍ ശേഷിയുള്ള സമുദായങ്ങളൊന്നും ഇന്ന്‍ കൂട്ടായി നില്‍കാന്‍ ആഗ്രഹിക്കുന്നില്ല.

   നൂറ്റാണ്ടുകളായി ദളിതരുടെയും മറ്റു താണജാതിക്കാരുടെയും  മേല്‍ സമൂഹം നടത്തിയ കടുത്ത വിവേചനങ്ങള്‍ക്കുള്ള ചെറിയ പ്രായശ്ചിത്തമാണ് ഇന്നവര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനകള്‍ .അതില്‍ ആര്‍കെങ്കിലുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും ,മാനവിക ചരിത്രത്തില്‍ നിന്നുപോലും പുറത്തായിപ്പോയ,പൊതുവഴികളില്‍നിന്നും തംബ്രാക്കന്മാരുടെ കണ്‍വെട്ടത്ത്   നിന്നുപോലും ആട്ടിപ്പായിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ ദുര്‍വിധികളും പിന്നാമ്പുറജീവിതങ്ങളുമാണ് സമാധാനം.ഇതിനെ പരസ്പരസ്പര്‍ദ്ധ വളര്‍ത്താനും മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കാനുമുള്ള ഉപാധിയായിട്ടെടുക്കുകയും അത്തരം വികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ചരിത്രത്തോടും വര്‍ത്തമാനത്തോട് തന്നെയും ചെയ്യുന്ന കൊടിയക്രൂരതയാണ്.പോഷകാഹാരക്കുറവും ദുര്‍മേദസ്സും ഉറക്കമില്ലായ്മയും ഒളിസേവയും പകര്‍ച്ചവ്യാധികളും കൊണ്ട് തകര്‍ന്ന നമ്മുടെ ശരീരങ്ങള്‍ക്ക് ഇനിയുമൊരാഘാതം താങ്ങാനായേക്കില്ല

  

   " പേനാക്കത്തിയും തണുത്തുറഞ്ഞ ക്രോധവുമാണ് പുതിയ കാലത്തിന്റെ ആയുധങ്ങള്‍ ,കസ്റ്റംസ് പരിശോധനയില്‍ ഇത് കണ്ടെത്താനാവില്ല"..

അരുന്ധതി റോയ്

   

Related Posts Plugin for WordPress, Blogger...