Aug 2, 2013

ഭൂമിപൂജ

ആര്‍ത്തു നിലവിളിച്ചുകൊണ്ടൊരു മലങ്കാറ്റ്‌

ധൃതിയില്‍ കുന്നിറങ്ങിപ്പോയി.

വേര്‍പുവിളഞ്ഞ കതിര്‍കുലകള്‍

തലകുമ്പിട്ട്  താണ്‌കിടന്നു.

കന്നുപൂട്ടിയിരുന്ന കണ്ടുണ്ണിയും ചെക്കന്മാരും

അകത്തെ മുറിയിലൊളിച്ചു.

നനഞ്ഞുകുതിര്‍ന്നൊരു ചാറ്റല്‍മഴ

ഉമ്മറക്കോലായില്‍ ഒതുങ്ങിനിന്നു.

നെഞ്ചുകരിഞ്ഞൊരു മാഞ്ചില്ല

ചായ്പിലേക്ക്  പറിഞ്ഞുവീണു.


ഞെട്ടിയുണര്‍ന്ന കൈത്തോട്

വരമ്പിലേക്ക് ചാര്‍ന്നിറങ്ങി.

പിടിവിട്ടുപോയ മണല്‍തിട്ട

ചളിയിലേക്ക് കുതിര്‍ന്നുവീണു.

വായുമുട്ടിയപരല്‍മീനുകള്‍

വാപിളര്‍ന്ന്‍ പിടഞ്ഞുനിന്നു.

വിരുന്നുകൂടാനെത്തിയ വയല്‍കൊറ്റികള്‍

ചിറകുവിടര്‍ത്തി  പറന്നുപൊങ്ങി.

 


ഭൂമിപൂജ കഴിഞ്ഞിറങ്ങുകയാണ്

പത്രോസ് മുതാലാളിയും കാറുകളും

Related Posts Plugin for WordPress, Blogger...