Jul 30, 2013

അസംബന്ധ കവിത

നീലരാവില്‍ 

വിജനവീഥിയില്‍

വശംകെട്ട് വീണ
തോർത്തിനാൽ
അവൾ പാലച്ചുവട്ടിലേക്ക്
അയാളെ വശീകരിച്ചു

വേച്ചുപോവാതിരിക്കാൻ
ഉടൽതാങ്ങി.
പുകയിലയും കളിയടക്കയും
വായിൽ വെച്ച്കൊടുത്തു
വെറ്റിലയിൽ നൂറു തേക്കണോ
വേണോ എന്ന് ഉളിപ്പല്ലുകൾ
തെളിഞ്ഞ് വെളുക്കെ ചിരിച്ചു

നേരം വെളുത്തു.
ചിറിതുടച്ച് ഒരാൾ രൂപം
മരപ്പൊത്തിലേക്ക് ഒഴുകിയിറങ്ങി
ടെലെസ്കോപിക് മുനയുള്ള
കാമറയുമായി
അവർ കുന്ന് കയറിവന്നു

ചിതറിക്കിടന്ന അസ്ഥികളിൽ
പിടഞ്ഞതേത് പതറിയതേത്,
കൈകൂപ്പി പതിഞ്ഞതാരുടെ
ചിറികോട്ടി വിടർന്നതാരുടെ
എന്ന് തിരഞ്ഞു

വീണുടഞ്ഞ നിലാവുപോലെ
പെട്ടെന്ന് തോർന്ന മഴപോലെ
ഒരു സീല്കാരം
തളം കെട്ടിക്കിടന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...