Jul 27, 2013

ഈ പുഴയെക്കൊണ്ട് എന്ത് കാര്യം

"നിങ്ങളുടെ പുഴയിലെ വെള്ളം നിങ്ങള്‍ കുടിക്കാത്തതെന്ത്" എന്ന ചോദിക്കുന്നു മാഗ്സസെ അവാര്‍ഡ് നേടിയ ജലസംരക്ഷണ പ്രവര്‍ത്തകന്‍ രാജേന്ദ്രസിംഗ്.ഒപ്പം കേരളത്തില്‍ നാല്‍പ്പത്തി അഞ്ചോളം നദികള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ജനുവരിയാവുംപോഴേക്കും നിങ്ങള്‍ക്ക് തൊണ്ട വരളാന്‍ തുടങ്ങുന്നത് എന്നും.ഒറ്റനോട്ടത്തില്‍ രണ്ടും രണ്ടു ചോദ്യങ്ങളാണ് എന്ന് തോന്നാം.എന്നാല്‍ ഒറ്റ ഉറവയില്‍ നിന്നാണ് രണ്ട് പ്രശ്നങ്ങളും തുടങ്ങുന്നത്.രണ്ടു വഴിയിലൂടെയും ഒന്ന്‍ നടന്നുനോക്കം.

      പുഴയിലെ വെള്ളം കുടിക്കുകയോ?ഓര്‍ക്കുമ്പോള്‍ ഓക്കാനം വരുന്നു.പുഴയില്‍ കെട്ടിമറിയുന്നതിന്റെയും മുങ്ങാംകുഴിയിടുന്നതിന്റെയും നീര്‍കുത്ത് മറിയുന്നതിന്റെയും ഓര്‍മകള്‍ സജീവമായിട്ടുണ്ടെന്കിലും പുഴവെള്ളം കുടിക്കരുതെന്ന്‍ തന്നെയായിരുന്നു ചെറുപ്പം മുതലേയുള്ള ഉപദേശം.നമ്മുടെ പുഴകള്‍ കുടിക്കാന്‍ പറ്റാതായി തുടങ്ങിയിട്ട് കാലങ്ങളായെന്ന്‍ സാരം.പുരാണസീരിയലുകളിലും "കാടന്‍"സിനിമകളിലും തെളിനീര്‍ കോരിക്കുടിക്കുന്നതും "ഹായ് എന്തുനല്ല വെള്ളം കുളിക്കാന്‍ തോന്നുന്നു"എന്ന നായികയുടെ കൊതിയൂറും വര്‍ത്തമാനങ്ങളും കണ്ട് നനഞ്ഞു കുതിരാന്‍ മാത്രമായിരുന്നു നമ്മുടെ വിധി.പുഴകളെ മാലിന്യം തള്ളാനുള്ള തൊട്ടികളായ് കാണുന്ന ,മുഴുവന്‍ വൈസ്ടുകളും പുഴയിലേക്ക് തുറന്നുവിടുന്ന "റിവര്‍ ഫയ്സിംഗ്" അപാര്‍ട്ട്മെന്ടുകളും വ്യവസായശാലകളും തുറന്നിരിക്കുന്ന നമ്മുടെ പുഴയിലെ വെള്ളം കുടിക്കണമെങ്കില്‍ എത്രയോകാലം പുറകിലേക്ക് നടക്കേണ്ടിവരും.പുഴകളെ ജീവദായിനിയായി കാണുന്ന നദീതടങ്ങളില്‍ പാര്‍പുറപ്പിച്ച് സംസ്കാരങ്ങള്‍ ഉയര്‍ന്നുവന്ന കാലത്തിലേക്ക്.അവയെ പൂജിക്കുകയും അതിന്റെ ഉറവിടങ്ങളില്‍ ആരാധനാലായങ്ങള്‍ കെട്ടുകയും ചെയ്ത ആദിമമനുഷ്യരുടെ "ഇരുണ്ട" കാലങ്ങളിലേക്ക്.

     യാഥാർത്യത്തിലേക്ക് തിരിച്ചുവരാം.നെയ്യാറിലെ ജലത്തെപറ്റി പഠനം നടത്തിയ കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ്,ടെക്നോളജി,ആന്‍റ് എന്വയോന്മേന്റ്റ് (KSCTE) വെള്ളത്തില്‍ ഉപ്പിന്റെ അമ്ശവും ഇ.കോളി ബാക്ടീരിയയുടെ തോതും അസിഡിറ്റിയും അപകടമാം വിധം ഉയര്‍ന്നതാണന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.കുടിക്കാനോ കുളിക്കാനോ പോയിട്ട് കൃഷിക്ക് വരെ ഇത് പറ്റില്ലത്രെ.അഴുക്ക് ചാലുകളും പുഴയുടെ അടിത്തട്ടില്‍ പാഴ്വസ്തുക്കള്‍ അടിഞ്ഞുണ്ടാവുന്ന ജൈവിക മാലിന്യവുമാണ് പുഴക്ക് പ്രധാനഭീഷണി.നെയ്യാറ്റിന്‍കര,പൂവാര്‍ ,കൂമ്പിച്ചാല്‍ എന്നിവിടങ്ങളില്‍ ജലജീവിതം അപകടകരമായ സ്ഥിതിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

      വര്‍ഷത്തില്‍ ഏതാണ്ട് 3000 മില്ലിമീറ്റര്‍ മഴലഭിക്കുന്ന കേരളം(ഈ വര്‍ഷം കൂടാനാണ് സാദ്ധ്യത) വര്‍ഷാവര്‍ഷം വരള്‍ച്ചാദുരിതാശ്വാസത്തിന്‌ തെണ്ടേണ്ടിവരുന്നതും ഇതേ കാരണങ്ങള്‍ കൊണ്ടാണ്.മണലൂറ്റി പുഴയുടെ അടിത്തട്ട് പൂര്‍ണ്ണമായും നശിച്ചു മേല്‍മണ്ണ്‍  നഷ്ടപ്പെട്ടതോടെ ഒരിറ്റുവെള്ളം പോലും മണ്ണിലേക്കിറങ്ങാതെ കാലവര്‍ഷങ്ങളില്‍ കവിഞ്ഞൊഴുകുകയും വേനലില്‍ വറ്റിവരളുകയും ചെയ്യുന്നു നമ്മുടെ പുഴകള്‍ .ഭൂമിയിലേക്ക് വെള്ളമിറങ്ങാതെ ഭൂഗര്‍ഭജലത്തിന്‍റെ(ഭൂജലം എന്നേ പറയാവൂ എന്ന്‍ ഹൈഡ്രോളജി ശാസ്ത്രഞ്ജരുടെ തീട്ടൂരം ,എന്തുചെയ്യാം ശീലിച്ചതേ പാലിക്കൂ)അളവ് കുറയുകയും വേനലാവുംപോഴേക്കും കിണറുകള്‍ വറ്റാന്‍ തുടങ്ങുകയും ചെയ്യുന്നു.അടിത്തട്ടിലെ മണലൂറ്റി തീരുന്നതോടെ കരകളിലേക്ക് തിരിയുന്നു ആര്‍ത്തിയുടെ പാതാളക്കരണ്ടികള്‍ .നശിച്ചതും നാശോന്മുഖമായതുമായ ചെറിയ അരുവികളുടെയും ഉറവകളുടെയും കണക്കുകള്‍ കനം കൂടിവരുന്നു.

     വേള്‍ഡ് ബാങ്കിന്റെ ഒരു പാരിസ്ഥിതി സര്‍വേയില്‍ ഇന്ത്യക്ക് 126 ആം സ്ഥാനമാണ് വകവെച്ചുതരുന്നത്.വായുമലിനീകരണത്തിന്റെ കാര്യത്തില്‍ നാം ചൈനയ്ക്കും മുന്നില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുന്നു.ഒന്നും വെറുതെ കിട്ടുന്നില്ല എന്ന പുതിയ സാമ്പത്തികനിയമത്തിന്റെ വെളിച്ചത്തില്‍ വികസനത്തിന്റെ വിലയായി ഇതിനെ കണക്കാക്കുക .

  പുഴയിലെ വെള്ളം കുടിക്കുക എന്നത് ഒരു സ്വപ്നം മാത്രമാണ്.അവനവനെ തന്നെ വില്‍പ്പനക്ക് വെക്കുന്ന നമ്മുടെ കാലത്ത് പ്രത്യേകിച്ചും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...