Jul 21, 2013

ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ

 "ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ" എന്ന പേരില്‍ മുന്‍പൊരിക്കല്‍ ഒ.വി.വിജയന്‍ മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ട്.ഇന്ദ്രപ്രസ്ഥം എന്ന പംക്തിയില്‍ .വോട്ടുപെട്ടിയിലൂടെ ലോകത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരമേറ്റതിന്റെ പശ്ചാത്തലത്തില്‍ ,വടക്കേ ഇന്ത്യയിലെവിടെയോ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ കണ്ട ചുവന്ന കൊടിയുടെ പ്രതീക്ഷകളെ ഓര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹം.

               മഹാനായ ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ 1950 കളിലെ   തീസിസ് വായിച്ച്പ്പോള്‍ ആ കുറിപ്പാണ് ഓര്‍മയില്‍ വന്നത്.ഒരു കാലഘട്ടത്തിന്‍റെ പ്രത്യാശകളും ആ സമൂഹം നെഞ്ചിലേറ്റിയ സ്വപ്നങ്ങളും ഇതില്‍ തെളിയുന്നു."വാതില്‍പ്പടി"യിലെത്തിയ വിപ്ലവത്തിനെയും അതിന് സംസ്കാരിക ലോകം നടത്തേണ്ട അടിയന്തിര മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നു.സോവിയറ്റ് യൂണിയനില്‍ ലഭിക്കാതെ പോയ ഈ തുടക്കം നമുക്ക് എങ്ങനെ നേടിയെടുക്കാമെന്നും ,അങ്ങനെ വിപ്ലവത്തിന്റെ  സംസ്കാരികപോരായ്‌മകളെ  എങ്ങനെ പരിഹരിക്കാമെന്നും ആസന്നവിജയത്തിന്റെ ഉമ്മറക്കോലായിലിരുന്നുകൊണ്ട് ഇത് സ്വപ്നം കാണുന്നു.കാത്തിരിപ്പിനൊടുവില്‍ യാദാര്‍ത്ഥ്യത്തിന്റെ വേനലില്‍ ആ സ്വപ്നങ്ങളെ കൈവെടിയുവാന്‍ സമയമായെന്നും ആ "കാല്‍പ്പനികവാഞ്ച"കളെ മറന്നേക്കുവാനും അദ്ദേഹം നമ്മെ ഓര്‍മിപ്പിക്കുന്നു.

          ഒടുവില്‍ , അകന്നുപോയ വിപ്ലവം പ്രവര്‍ത്തനത്തിലുള്ള "ത്യാഗ"ത്തെ ന്യായീകരണമില്ലാത്തതാക്കുന്നു എന്നും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നു എന്നും വരച്ചു കാട്ടുന്നു. നമുക്ക് ആഗ്രഹിച്ച് നേടിയെടുക്കാവുന്നതല്ല വിപ്ലവം എന്നും.

       പ്രായപൂര്‍ത്തിയായവരുടെയും പക്വതയുള്ളവരുടെയും പ്രവര്‍ത്തനങ്ങളില്‍ ഒതുക്കപ്പെട്ട് വിഭാഗീയതയുടെ ഇരയായി പുറത്തേക്കുള്ള വഴികള്‍ അദ്ദേഹത്തിന് തുറന്നു കിട്ടുകയും ചെയ്യുന്നു.

          പാര്‍ട്ടിയുടെ ഇന്നോളമുള്ള വളര്‍ച്ചയും അത് തുറന്നെടുത്ത പ്രത്യയശാസ്ത്രചര്‍ച്ചകളുടെ ഘനവും ,ഇന്നെത്തിനില്‍കുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ പരിസരവും ഈ തീസീസിന്റെ പശ്ചാത്തലത്തില്‍ നാമറിയുന്നു.

     വിസ്മ്രിതിയില്‍ മറഞ്ഞുകിടന്ന ഒരേടിനെ വെളിച്ചത്തിലെക്ക് എടുത്തിടുന്നു ഈ ലേഖനങ്ങള്‍ .

No comments:

Post a Comment

Related Posts Plugin for WordPress, Blogger...