Jul 13, 2013

നമോവാകം മഹാഗുരോ ....

രാവിലെ പത്രത്തിൽ അങ്ങയുടെ അഭിമുഖം വായിച്ച്‌ അക്ഷരാർഥത്തിൽ കോൾമയിർ കൊണ്ടു പോയി സർ.അങ്ങ്‌ പറഞ്ഞത്‌ എത്രയോ ശരി.
  “നാം ഒരു കാർ ഓടിച്ചു പോവുന്നു.അല്ലെങ്കിൽ ഒരു യാത്രക്കാരനായി അതിൽ യാത്ര ചെയ്യുന്നു.പെട്ടെന്ന്‌ വണ്ടിയിടിച്ച്‌ ഒരു പട്ടി ചത്തുപോയാൽ നാം വേദനിക്കില്ലേ? അത്രയും വേദന എനിക്കും ആ സംഭവങ്ങളിൽ ഉണ്ട്
 ഞാനും ഒരു മനുഷ്യനല്ലേ മുഖ്യമന്ത്രി മാത്രമല്ലല്ലോ” എന്നല്ലേ അങ്ങ്‌ പറഞ്ഞത്‌.
 “ഞങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്തു.അതിൽ ഒട്ടും ഖേദിക്കുന്നില്ല”എന്നും.
  എത്രയോ ശരിയാണു സർ.അങ്ങയെ ചൊല്ലി ഞങ്ങൾ എത്രയേറെ അഹങ്കരിക്കുന്നു.എങ്കിലും ഞങ്ങൾക്ക്‌ രണ്ട്‌ വ്യസനങ്ങൾ ഉണ്ട്‌ സർ.
  ഒന്ന്‌,അങ്ങ്‌ വേദനിക്കുന്നു എന്ന്‌ പറയരുതായിരുന്നു സർ.ഒട്ടും വേദനിക്കേണ്ടതില്ല.എത്രയോ പട്ടികൾ ദിവസവും വണ്ടിയിടിച്ചും അല്ലാതെയും പുഴുത്ത്‌ ചാവുന്നു.എന്തിനാണതിൽ വേവലാതി?കർമം ചെയ്യുക മാത്രമല്ലേ നാം വേണ്ടതുള്ളൂ.ഫലത്തിൽ നാമെന്തിനു ആശങ്കപ്പെടണം.പത്രക്കാരല്ലേ അഭിമുഖമല്ലേ കുറച്ചൊരു പ്രതിബദ്ധത ആവമെന്നൊന്നും കരുതേണ്ടതില്ല സർ.പ്രീണന ജനാധിപത്യത്തിന്റെ സന്ദേഹങ്ങൾക്ക്‌ വഴങ്ങേണ്ടതുമില്ല.ജനാധിപത്യമല്ലേ  ആർക്കുമാരെയും വിമർശിക്കാമല്ലൊ എന്ന്‌ കൂടി കൂട്ടിച്ചെർത്തു അങ്ങ്‌.എങ്കിലും വേണ്ട സർ.നമുക്കെന്തിനീ കപട മതേതര നാട്യങ്ങൾ?
   ഇടക്കൊരു പരാതിയുണ്ട്‌ സർ.എത്ര കൊടുത്താലും തൃപ്തി വരാത്ത ഈ ആർത്തിപ്പണ്ടാരങ്ങളെ അങ്ങൊരിക്കൽ സദ്ഭാവനാ യോഗം എന്നു പറഞ്ഞ്‌ ആദരിച്ചിരുത്തിയല്ലോ?താടിയും തലപ്പാവും വെച്ച ചില കൂശ്മാണ്ടങ്ങളിൽ നിന്ന്‌ പൊന്നാട സ്വീകരിക്കയും ഫോട്ടോക്ക്‌ പോസ്‌ ചെയ്യുകയും ചെയ്തു.വെറുതെയാണു സർ.ഇവരൊന്നും ഒരു കാലത്തും ഗതി പിടിക്കത്തില്ല സർ.ഉറക്കത്തിലും വിസ്വസിക്കാൻ കൊള്ളില്ല.ചത്തൊടുങ്ങേണ്ടത്‌ തന്നെ ഇവറ്റകൾ.
   ഇനി രണ്ടാമത്തെ ആവലാതി,അങ്ങയുടെ പ്രയോഗത്തിലെ ചമല്കാരമില്ലായ്മയെ പ്രതിയാണു സർ.പട്ടികൾ എന്നുമാത്രമല്ലെ അങ്ങ്‌ പറഞ്ഞുള്ളു.കൊടിച്ചിപ്പട്ടികൾ എന്നോ പേപ്പട്ടികൾ എന്നോ കുറഞ്ഞപക്ഷം ഭ്രാന്തൻ നായകൾ എന്നോ പ്രയോഗിക്കേണ്ടതായിരുന്നു സർ.അപ്പോഴല്ലേ അവരെയൊക്കെ തുടച്ചുനീക്കുന്നതിലെ അലങ്കാരഭംഗി മുഴുവനാവൂ.വേണ്ടാത്തിടത്തൊക്കെ ഇഴഞ്ഞ്‌ നമ്മെ കടിച്ച്‌ മിനക്കെടുത്തുന്ന കട്ടുറുംബുകളെ ഞരടിയൊടുക്കുന്നതിൽ നാം വേവലാതിപ്പെടാറില്ലല്ലോ.ചൊറിയൻ പുഴുക്കളെ കൂട്ടത്തോടെ തീവെച്ച് തീർക്കുന്നുണ്ടല്ലോ .പേപ്പട്ടികളെ കൊന്നൊടുക്കുന്നതിൽ നമുക്ക്‌ ആരുടെ സമ്മതം വേണം സർ?എത്രയോ പട്ടികളാണു നമ്മുടെ മണിമന്ദിരങ്ങളുടെ പരിസരങ്ങളിൽ നാട്ടുകാരെ കടിച്ചുപറിച്ചും പൊട്ടിച്ചിതറിയും നാവുനീട്ടിക്കിതച്ച്‌ ഓടിനടക്കുന്നത്‌ .എല്ലായിടത്തുമുണ്ട്‌ സർ.മുംബെയിൽ.... കൊയംബത്തൂരിൽ..ബോധിഗയയിൽ.തീർത്തുകളയണം സർ ഇവറ്റകളെ.

            S I T യുടെ അന്വെഷണസംഘം നമ്മെ കുറ്റവിമുക്തരാക്കിയെന്ന്‌ ,ക്ളീൻ ചിറ്റ്‌ നല്കിയെന്ന്‌ അങ്ങ്‌ വലിയൊരു അലങ്കാരം പോലെ അണിഞ്ഞുനടക്കേണ്ടതില്ല സർ .നമുക്കെന്തിനാണു സർ ഇവരുടെയൊക്കെ സ്വഭാവ സർടിഫിക്കറ്റ്‌.“ഗപ്പ്‌”കിട്ടാൻ വേണ്ടിയല്ലല്ലോ നാം പുണ്യ പ്രവർത്തികൾ ഏറ്റെടുക്കുന്നത്‌?വികസന വഴിയിൽ, എട്ടുവരി രാജവീഥിയിൽ തടസ്സമായി നിന്നതൊക്കെ തട്ടിമാറ്റണം സർ.അല്ലെങ്കിൽ ആർക്ക്‌ വേണം സർ ഇവരെ?വികസനത്തിന്റെ ഓരങ്ങളിലേക്ക്‌ തള്ളപ്പെട്ടവർ, ദളിതർ,ന്യൂനപക്ഷങ്ങൾ എന്നൊക്കെ ആഭരണങ്ങൾ ചാർത്തിക്കൊടുത്ത്‌ ചിലർ ഇറങ്ങിയിട്ടുണ്ട്‌.മനുഷ്യാവകാശ സെതിൽവാദികൾ.വിട്ടുകളയണം സർ.കണ്ട ഭാവം നടിക്കരുത്‌.
       ഞങ്ങളുടെ ചില ഏമാന്മാർക്കുമുണ്ട്‌ സർ  ഈ അസുഖം.വികസനവും കരുതലും.ആരെയാണു സർ,ആർക്കുവേണ്ടിയാണു സർ ഈ കരുതൽ.ഒരിക്കലും നന്നാവാത്ത, തുമ്മിയാൽ കൊടിപിടിക്കാൻ മാത്രമറിയുന്ന,വാറ്റുചാരായത്തിലും കഞ്ചാവ്‌ ബീഡിയിലും ചേരിലും  പുളക്കുന്ന ഈ ആദിമ പുരാതന കരിങ്കീടങ്ങളെ കരുതിയോ?നമ്മുടെ വികസനത്തിന്റെയുംG D P യുടെയും മഹാഗണിതങ്ങളെ ആളോഹരി എണ്ണം കൊണ്ട്‌ ഹരിക്കുമ്പോൾ താഴെക്ക്‌ വലിക്കാൻ മാത്രം കൊള്ളുന്നവർ.പോഷകാഹാരക്കുറവിന്റെയും ശിശുമരണ നിരക്കുകളുടെയും ഇൻഡക്സുകൾ ഉയർത്തി നിർത്താൻ മാത്രം പെറ്റു വീണവർ.പോട്ടെന്ന്‌ വെക്കണം സർ.ഇനി കരുതൽ വേണമെന്ന്‌ നിർബന്ധമാണെങ്കിൽ ആരെയെങ്കിലും കരുതിയാൽ മതിയെങ്കിൽ എത്രയോ പേരുണ്ട്‌ സർ.സാരിയുടുത്തതും അല്ലാത്തതുമായ നെയ്മുറ്റിയ എന്തിനും തയ്യാറായ സുന്ദര സുഭഗളദേഹങ്ങൾ.അത്രയൊക്കെ കരുതൽ മതി സർ.അതുകൊണ്ട്‌ വികസന രഥം അധിവേകം ഉരുളട്ടെ.
  ഒരുപാട്‌ നന്ദിയുണ്ട്‌ സർ.ഉത്തരാഖണ്ടിലെക്ക്‌ ഒറ്റക്ക്‌ പറന്നിറങ്ങി ,രണ്ട്‌ നാൾ കൊണ്ട്‌ 15000 ഗുജറാത്തികളെ രക്ഷിച്ച് കടന്നുകളഞ്ഞ വർത്തമാനം കേട്ടറിഞ്ഞ് പുളകിതനായതിനു ശേഷം ഇപ്പോളാണു സർ ഒന്ന് ആവേശപ്പെടാൻ തരമായത്.അതിനു റാംബൊ എന്ന് വിളിച്ച് അങ്ങയെ തളർത്തിക്കളയാമെന്ന് കരുതി ഇറങ്ങിയിട്ടുണ്ട് ചിലർ.നമ്മുടെ പുകൾ പെറ്റ സൈന്യത്തിനും ITBP ക്കും കഴിയാത്തത് ഒറ്റക്ക് ചെയ്ത് കളഞ്ഞ അങ്ങയുടെ സാഹസികാഭിനയത്തിന്റെ കാവ്യഭംഗിയെ നർമോക്തികളിൽ തളച്ചിടാമെന്ന് കരുതിയവർ.വിട്ടേക്കണം സർ.നമ്മുടെ ഗുജറാത്തി ഗർവിനു മുന്നിൽ ഒന്നുമല്ല സർ അതൊന്നും.
   2014 ഇങ്ങടുത്തെത്താറായി.അങ്ങയുടെ സർവാധിപത്യത്തിൻ കീഴിൽ ,ആ രഥമുരുളലിൻ സംഗീതം നുണഞ്ഞ് ,ഇങ്ങടുത്ത് വരുന്ന കനത്ത ബൂട്ടുകളുടെ താളാത്മകതയിൽ ലയിച്ച് സമാധാനമായി ഒന്നുറങ്ങുന്നത് മാത്രമേ ഉള്ളൂ സർ ഇപ്പോള്‍ ഞങ്ങളുടെ സ്വപ്നങ്ങളിൽ.
 എന്നെന്നേക്കുമായുള്ള,നിത്യ നിതാന്ത സുന്ദര സുരഭില നിദ്ര.
  അങ്ങ് കരുണ്യവാനല്ലെ .വ്യാകരണപ്പിശകുകൾപൊറുക്കുക

  മഹാഗുരോ നമോവാകം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...