May 25, 2013

എങ്കിലും എന്റെ ശ്രീ

ശ്രീയില്‍നിന്നും അശ്രീകരത്തിലേക്കുള്ള ദൂരം അയാള്‍ എങ്ങനെയാവും നടന്നെത്തിയിട്ടുണ്ടാവുക?.ഒരുപക്ഷെ അയാള്‍പോലും അറിഞ്ഞിട്ടുണ്ടാവില്ല.ആഫ്റ്റര്‍പാര്‍ട്ടികളിലെ ഉന്മാദങ്ങളില്‍ ,ഒഴുകിനിറയുന്ന ലഹരിയില്‍ ,ബഹളങ്ങളില്‍ മുങ്ങിപ്പോയിട്ടുണ്ടാവണം.മുംബൈയിലെ രണ്ടാംനിര നടിമാരുടേയും മോഡലുകളുടെയും മനം മയക്കുന്ന ചിരിയില്‍ എല്ലാം മറന്നിട്ടുണ്ടാവണം.അധ്വാനംകൊണ്ട് ഉണ്ടാക്കാവുന്നതിന്റെ എത്രയോ ഇരട്ടികള്‍ അതിന്റെ വേണ്ടെന്നു വെക്കലുകള്‍ കൊണ്ട്,ചെറിയ ചില നീക്ക്‌പോക്കുകള്‍ കൊണ്ട് നേടാം എന്ന പ്രലോഭനത്തില്‍ വീണുപോയിട്ടുണ്ടാവണം.

ഒന്നോര്‍ത്താല്‍ , പെട്ടുപോവാതിരിക്കാനാണ് പാട്.അതിന് എത്രയോ നിശ്ചയധാര്‍ട്യം വേണം.ഉദ്ദേശശുദ്ധി വേണം.കുറച്ച് കഠിനാധ്വാനം കൊണ്ടും സ്വാധീനം കൊണ്ടും ഭാഗ്യം കൊണ്ടും വീണുകിട്ടിയ അഭൂതപൂര്‍വമായ പ്രശസ്തിയിലും പണത്തിന്റെ ഹുങ്കാരത്തിലും കണ്ണ് മഞ്ഞളിക്കാതിരിക്കാനുള്ള വിവേകമുണ്ടാവണം."കുഞ്ഞേ മറക്കായ്ക നിന്നിന്നലെകള്‍ "എന്ന് പറഞ്ഞു കൊടുക്കുവാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്ന മാതാപിതാക്കളുണ്ടാവണം.കളിക്കളത്തിലെ കൊച്ചു വിസ്മയങ്ങളില്‍ ഇളകിമറിഞ്ഞു ഓരോ കളിക്കാരന്റെയും അംഗചലനങ്ങളില്‍ പോലും ആനന്ദം കണ്ടെത്തുന്ന പാവപ്പെട്ട കാണികളെ മനസ്സില്‍ ഒന്നാമത്തെ നിരയില്‍ പ്രതിഷ്ടിക്കാനുള്ള നന്മയുണ്ടാവണം.തങ്ങളെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന "കളിഭ്രാന്തന്‍"മാരോടുള്ള കൂറ് വഴികാട്ടിയായി ഉണ്ടാവണം.

ഒരു കളിയും ഇന്ന്‍ കളിയല്ല.കോടികളുടെ വിറ്റുവരവുള്ള

വ്യവസായമാണ്.നിമിഷാര്‍ദ്ധം കൊണ്ട്,തൂവാലയെടുത്ത് ഒന്ന്‍ മുഖം തുടയ്ക്കുന്ന നേരംകൊണ്ട് കോടികള്‍ പെയ്തൊഴിയുന്ന പിച്ചിലാണ് എല്ലാ കളികളും അരങ്ങേറുന്നത്.അവിടെ നെറിവോടെ നില്‍കണമെങ്കില്‍ മാന്യത കോട്ടില്‍ മാത്രം പോരാതെ വരുന്നു.നിവര്‍ന്നുനിന്നു പറയുവാന്‍ ഒരുപാട് ധൈര്യവും ആര്‍ജ്ജവവും വേണ്ടിവരുന്ന ഒരു വാക്കായിമാറുന്നു "നൊ" എന്നത്.പ്രത്യേകിച്ചും ഒരുവാക്ക് കൊണ്ട് തട്ടിത്തെറിഞ്ഞുപോകുന്ന ലക്ഷങ്ങളുടെയും വടിവാര്‍ന്ന ഉടലുകളുടെയും ഉടയുന്ന സൌഹ്രുദങ്ങളുടെയും വേണ്ടെന്ന്‍വെക്കേണ്ടിവരുന്ന ഉന്നതബന്ധങ്ങളുടെയും കണക്കെടുക്കുമ്പോള്‍ .

ആരുടേയും ശ്രീ ആയിത്തീരുക എളുപ്പമല്ല.അതിനേക്കാള്‍ എളുപ്പമാല്ലാത്തതാണ് എല്ലാവരുടെയും ശ്രീയായി തുടരുക എന്നത്.ഏതായാലും ഇനിയുള്ള ദുരിതപാതകള്‍ ഇയാള്‍ ഒറ്റക്ക് നടന്നുതീര്‍ക്കെണ്ടിയിരിക്കുന്നു.നേടിയതൊക്കെയും ചൊരിഞ്ഞൊഴിയേണ്ടിയിരിക്കുന്നു.സഹനത്തിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ പഠിക്കാനുള്ള ഒരു മുറിയില്‍ ഇയാള്‍ ഒറ്റക്ക് അടക്കപ്പെട്ടിരിക്കുന്നു.

ക്ഷിപ്രകോപത്തിന്റെയും വൃഥാസന്താപത്തിന്റെയും ക്ഷണപ്രസാദങ്ങളുടെയും കളിമൈതാനങ്ങളില്‍ അഹങ്കാരത്തോടടുത്ത് നില്‍കുന്ന അസംബന്ധനാട്യങ്ങളുടെയും ശ്രീ,ഈ കഠിനകാലത്തിന്റെ വാര്‍പ്പില്‍ ഉരുവപ്പെട്ട് വിവേകിയും വിനയാന്വിതനുമാവുന്നത് ഞാന്‍ സ്വപ്നം കാണുന്നു.

Related Posts Plugin for WordPress, Blogger...