May 29, 2013

കണാരനും ഞാനും

              മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വി എസിന്റെ  പ്രസ്സ് സെക്രട്ടറിയായിരുന്ന, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ബാലകൃഷണനുമായി ഒരു അഭിമുഖം.അതിൽ പാർട്ടിയിൽ അവശ്യം വേണ്ട തിരുത്തലുകളെ പ്പറ്റി പ്പറയുന്ന കൂട്ടത്തിൽ “ലെനിനിസ്റ്റ്  സംഘടന സംവിധാനത്തിന്റെ പാർശ്വഫലമെന്നോണം വളർന്നു വന്ന ധാർഷ്ട്യവും” ഇല്ലായ്മ ചെയ്യണം എന്ന് പറയുന്നു.
              പാർട്ടിയിലെ വളരുന്ന അഴിമതിയെക്കാളും സ്വജനപക്ഷപാതത്തെക്കാളും ജനങ്ങളെ അലട്ടുന്നത് പ്രാദേശിക നേതാക്കളുടെ ഈ  ധാർഷ്ട്യം തന്നെയാവും.പാർട്ടി അനുഭാവികളിൽ പോലും അലോസരമുണ്ടാക്കുന്ന ധാർഷ്ട്യം.
               “കണാരാ” എന്ന വിളിയിൽ തുടങ്ങുന്നു അത്.“ഉം എന്താ പോന്നത്?” ഒന്ന് ചിരിക്കുന്നത് സംഘടനാ രീതികൾക്ക് വിരുദ്ധമാണു എന്ന മുഖഭാവം.
                   കണാരനു ചെറിയ എന്തോ കാര്യമാണു സാധിക്കാനുള്ളത്.കണാരൻ കാര്യം പറയും.
                 “ഉം പൊയ്ക്കൊ എന്തു ചെയ്യാൻ പറ്റും എന്ന് ഞാനൊന്ന് നോക്കട്ടെ .പാർട്ടിക്ക് അതിന്റേതായ രീതികളുണ്ട്.”
                കണാരൻ സന്തോഷത്തിലായി.തനിക്ക് വേണ്ടി പ്രവർത്തനോന്മുഖമാവുന്ന പാർട്ടിരീതികളിൽ വിശ്വസിച്ച് പടിയിറങ്ങി.കാര്യമെന്തായി എന്നറിയാൻ ഇരിക്കപ്പൊറുതിയില്ലാതെ ഇടക്കിടെ സഖാവിന്റെ തിണ്ണ നിരങ്ങി.ഒടുവിൽ, സൈദ്ധാന്തിക രാഷ്ട്രീയത്തെക്കുറിച്ചല്ലാതെ പ്രായോഗിക കാര്യങ്ങൾ എന്തെങ്കിലും പറയുന്നത് ബൂർഷ്വ വ്യവഹാരം ആണെന്ന ധാരണയുള്ളതു പോലെ സഖാവ് മുരടനക്കുന്നു.
              “നീ പോയി ബ്രാഞ്ച് സെക്രട്ടറിയുടെ ഒരു കത്ത് വാങ്ങി വാ”
  ബ്രാഞ്ചിലെത്തിയപ്പോളാണു അവിടുത്തെ സഖാവിന്റെ മുഖം ഇതിനെക്കാൾ ഉണങ്ങി ക്കടിച്ച തേങ്ങയാണെന്നറിയുന്നത് .ഒട്ടും പൊതിക്കുവാനാവാത്ത അകത്തെന്താണെന്നറിയാനാവാത്ത ഉണക്കത്തേങ്ങ.
                   “എടോ താൻ ആദ്യമെ ഇങ്ങോട്ടാണു  വരേണ്ടിയിയിരുന്നത്”
                  “അറിയില്ലായിരുന്നു സഖാവെ”

                        “ ഇതാടൊ ഞങ്ങടെ സെക്രട്ടറി പറഞ്ഞത് നിങ്ങക്കാർക്കും ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും ചുണ്ണാംബും അറിയില്ല.”
                     “ഓ”
                 കത്ത് വേണ്ടിടത്ത് എത്തിക്കുമ്പോഴും കാര്യം നടക്കുമെന്ന് കണാരൻ വെറുതെ കരുതി.
     

                 ആഴ്ചകൾ  കഴിഞ്ഞു.സഖാവിന്റെ വീട്ടിലേക്കുള്ള വളവ് വേഗത്തിലൊഴിഞ്ഞു മാറുമ്പോൾ സഖാവ്, കണാരനെ കക്ഷം കാട്ടിവിളിച്ചു.
                 ‘കണാരൻ.. ഞനൊരു കുറിപ്പ് തരാം.നീ ആപ്പീസ് സെക്രട്ടറിയുടെ കയ്യിൽ കൊണ്ട് പോയി കൊടുക്ക്.അവർ വെണ്ടത് ചെയ്ത് കൊള്ളും.“
                  കണാരൻ ഇതിനിടയിൽ മറ്റേപ്പർട്ടിക്കാർക്ക് വേണ്ടത് ചെയ്ത് കാര്യം ശരിയാക്കിയിട്ടുണ്ടായിരുന്നു.
                   അയാൾ പുറത്ത് പറഞ്ഞില്ല.ആവുന്നത്ര വിനയാന്വിതനായി... ചുമൽ ഉള്ളിലെക്ക് വളച്ച്...ശബ്ദം കുറച്ച്...ഉള്ളിൽ തികട്ടിവന്ന പരിഹാസം പണിപ്പെട്ട് അടക്കി,..വാക്കുകളിൽ ആവുന്നത്ര സൗമ്യത നിറച്ച്.. കണാരൻ മൊഴിഞ്ഞു.

                       ”വല്യ ഒപകാരം സഖാവെ............"

                    എന്നിട്ടും കാലങ്ങളായി, ഒരനുഷ്ടാനം പോലെ, കണാരനും ഞാനും  അരിവാൾ ചുറ്റികയിൽ കുത്തി മടങ്ങുന്നു.

Related Posts Plugin for WordPress, Blogger...