May 13, 2013

കേജരീ വാൾ

                                                                  

             1

ചില മധുവിധുകൾ അങ്ങനെയാണ്‌

പെട്ടെന്നു തോരും


ഒന്നു രണ്ട് യാത്രകൾ,

ചില മല കയറ്റങ്ങൾ,

തെളിനീരൊഴുകും കാടുകൾ...

അങ്ങനെ..

കാഴ്ചകൾ തീരും


പിന്നെ

മനസ്സിൽ കുന്നിടിയാൻ തുടങ്ങും.


നടന്നു തേയുവതെന്തിന്‌

ഇയാൾക്കൊരു വണ്ടി പിടിക്കരുതൊ

എന്ന ന്യായത്തിൽ

തട്ടി മറിയും


അതിരിൽ,

മുള്ളുവേലിയിൽ കൊളുത്തി

ചോര പടർന്നത്

കള്ളനോ ജാരനോ

എന്ന സന്ദേഹത്തിലുടക്കി

പിടയും


അകാലത്തിൽ

അബദ്ധത്തിലൂർന്നുപോയ

കീഴ്ശ്വാസം പോലെ

നാറും


ഒരു രാത്രി കൊണ്ട്

നാം പഴകും


കരിഞ്ഞുരം വന്ന മുഖക്കുരുവിൽ

ഉരസും മീശരോമങ്ങളിൽ

രസം കൊല്ലികൾ

നുരക്കും


ഉണരുമ്പോൾ

ബാക്കിവെച്ച പാലു പോലെ

നാം പിരിയും


ഉറങ്ങുമ്പൊഴേക്കാൾ

ഉച്ചത്തിൽ

ഉണർന്ന് കിടന്ന്

കൂർക്കം വലിക്കും


വിരുദ്ധവികാരവിചാരങ്ങൾ

പെയ്തു നാം നനയും

നമൊക്കൊരു കുട

പോരാതെ വരും


ഒടുങ്ങാത്ത ത്രിഷ്ണതൻ

സന്ദാപത്തിൽ,

നനഞ്ഞു നാം കേറും


                  2                                                              

ചില വാളുകൾ അങ്ങനെയാണു

പെട്ടെന്ന് തേയും.

അതിന്റെ ചുഴറ്റലൂകളിൽ നിന്നു

ശീല്കാരങ്ങൾ

ഒഴിഞ്ഞു നില്കും


വാൾമുനയാൽ നേടിയ

വിജയങ്ങൾ, പിടിച്ചടക്കിയ

നാട്ടുരാജ്യങ്ങൾ

ഓർമകളിൽ നിന്നു പോലും മായും


പഴങ്കഥകൾ കടങ്കഥകൾ

മാത്രമാവും

അലകിൻ മൂർഛയാൽ

അരിഞ്ഞുവീഴ്ത്തപ്പെട്ട കബന്ധങ്ങൾ

തലയെടുപ്പോടെ ഉയിർത്തെഴുന്നേല്കും


അഞ്ചാംതരത്തിലെ നാടകമൽസരത്തിനു

രാജാപ്പർട്ടിനു ചാർത്തിയ

ആടയാഭരണങ്ങൾ പോലെ,

വിലക്ഷണമായ ഒരു കളിപ്പാട്ടം പോലെ

അതു  തൂങ്ങിയാടും


ഒടുവിൽ,

കൂക്കിവിളികളുടെ

തിരത്തള്ളലിൽ ഒലിച്ച്

ആഴക്കടൽ സമാധിയിലേക്ക്

ആഴ്ന്നിറങ്ങും



No comments:

Post a Comment

Related Posts Plugin for WordPress, Blogger...