Apr 2, 2013

നാട്ടുവഴികള്‍


പിണറായിയിലേക്ക് രണ്ടു വഴികളുണ്ട്
ഇടത്തോട്ട് തിരിയുന്ന വഴി ഇടുങ്ങിയതാണു
വിരൽതുമ്പ് കൊണ്ട് തിരഞ്ഞാൽ കണ്ടെത്താനാവില്ല
നടന്നോ കുഞ്ഞമ്പുവിന്റെ ഓട്ടോ പിടിച്ചോ പോവാം

ഇടക്ക് വൈരിഘാതഷേത്രത്തിലൊരു കാണിക്കയിടാം
പാറപ്രസ്മാരകത്തിൽ ഒരു പൂവെക്കാൻ മറക്കാതിരിക്കുക
വീടെത്തിയാൽ വിമലട്ടീച്ചർ അകത്തേക്ക് ക്ഷണിച്ചേക്കാം
ചായകുടിച്ച് പോകൂ എന്ന് മലബാർ മര്യാദയുമാകാം

അല്ലെങ്കിൽ കണാരേട്ടന്റെ കടയിൽ കയറിയാൽ
നാട്ടുവർത്തമാനങ്ങളറിയാം
തിരിച്ചിറങ്ങുമ്പോൾ ചീട്ടുകൊട്ടാരങ്ങളിൽ ചിലത്
വീണുടയുന്നുവെങ്കിൽ സാരമില്ല

രണ്ടാമതെ വഴി കിടപ്പുമുറിയിലെ ചാരുകസാരയിലിരുന്ന്
പിടിച്ചെടുക്കാം, എമ്പാടും ദിശാസൂചികളും വെച്ചിട്ടുണ്ട്
ഇറങ്ങുന്നതിനു മുൻപ് തലതൊട്ടപ്പന്മാരെ ധ്യാനിക്കുക
വഴികളെല്ലാം മനപ്പാഠമാക്കി വെക്കുക

കാൽനടക്കാരോടോ നാട്ടുകാരോടോ
ചോദിക്കരുത് അവർ വഴി തെറ്റിച്ചേക്കാം
അല്ലെങ്കിൽ ഇങ്ങനെ ഒരു വഴിയുള്ള കാര്യം
അവർക്കറിയാനും വഴിയില്ല

അസുരശില്പി മയന്റെ കൊട്ടാരം പോലെ,
ഉണ്ട് ഉണ്ട് എന്ന് തെരഞ്ഞാലും കണ്ടെത്താനാവില്ല
ദീപസ്തംഭം മഹാശ്ചര്യം എന്ന് മാത്രം മനസ്സിൽ കരുതുക
‘അബൂകാ ഹസം തുറക്കൂ സീസേ’എന്ന് ചൊല്ലി നോക്കുക

പിന്നെയെല്ലാം അകക്കണ്ണിൽ കാണാം
“വിരൽതുമ്പിൽ വിടരും വാതിൽ
അനേകം മുറികൾ,നിലവറയിൽ
എത്ര വെട്ടിനു തീർക്കണം എന്നു കൂട്ടിക്കിഴിക്കൽ

തിരിച്ചിറങ്ങിയാൽ വന്നവഴിയും
നിന്നയിടവും മറക്കാൻ
ആഭിചാരം നടത്തും ചുവന്ന ഭൂതങ്ങൾ
എന്തപാര,നിഗൂഢ വിസ്മയം ഈ രാവണൻ കോട്ട"

ചിലവഴികളെപ്പറ്റി വെറുതെ പറഞ്ഞെന്നേയുള്ളൂ
ഏതുമെടുക്കാം
കവിതയെഴുത്തിനും കാലക്ഷേപത്തിനും
രണ്ടാമത്തെ വഴിയാണുചിതം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...