Mar 14, 2013

ഒരു മുറിയില്‍ രണ്ടു നീയും ഒരു ഞാനും

(ജയില്‍മുറിയില്‍ആത്മഹത്യ ചെയ്ത ഡല്‍ഹി ഡ്രൈവര്‍ രാംസിംഗ് ,മദനി)

നിനക്കൊരു മുറി മതി
ഒരു കാര്‍പെറ്റിന്‍ ചരട്
വക്ക് പൊട്ടിയ ബക്കറ്റ്
ഒരു വിരല്‍ത്തുമ്പിന്‍ പരിഹാസം

ഇനിനീ ഏതു വണ്ടിയോടിക്കും

 

 നിനക്കും ഒരു മുറി മതി
ഒരു പൊയ്കാല്‍
നിസ്കാര മുസല്ല
കല്ലുവെച്ച ഒരു എഫ് ഐ ആര്‍

ഇനിയെന്നു കാണും നീ കാറ്റും വെളിച്ചവും

 

 എനിക്കുമൊരു മുറി മതി
ഒരു ചാരു കസേര-മെഴുക്കു പുരണ്ടത്
ഒരു മൗസ്-കോഡ്ലസ്
വർത്തമാന പത്രം, ഇടതുപക്ഷം-അലക്കിത്തേച്ചത്


ഇനിയെന്നുവരും അടുത്തഗഡു ഡി എ

 

 തുടക്കത്തില്‍ നമുക്കൊറ്റ മുറി
അതിലാര്‍ വരച്ചതിത്രയും കള്ളികള്‍
നെടുകെയും കുറുകെയും കറുപ്പും വെളുപ്പുമായ്‌
ഇത്രയും കളങ്ങള്‍

രാജാവ്,രാജ്ഞി,ബിഷപ്പ്,,കുതിര
കഴുതകള്‍ വലിക്കും രഥങ്ങള്‍,


കയറിക്കയറി ചെല്ലുമ്പോള്‍ ഒരു പാമ്പ്‌
ഒമ്പതാംകുഴിക്ക് ഒരു ശത്രു
അഞ്ചാമന് വലിഞ്ഞുകയറുവാന്‍ ഒരു കോണി
വലത്തെ കള്ളിയില്‍ ഒരിറ്റു ചന്ദനം, 

യാത്രയുടെ എത് പിരിവില്‍ വെച്ചാണ് നാം വേര്‍പെട്ടുപോയത്
നിറങ്ങളെ പരസ്പരം പകുത്തെടുത്തത്
കുഴിബോമ്പുകള്‍ കുത്തി കാത്തിരുന്നത്
ഇനിയേതുകാലത്തിന്‍  കവലയില്‍വെച്ചു നാം കണ്ടുമുട്ടും

No comments:

Post a Comment

Related Posts Plugin for WordPress, Blogger...