Mar 2, 2013

അത്രയൊന്നും കളിയല്ലാത്ര ചില സംഗതികൾ ......


1. ഫസ്റ്റ് ഹാഫ്

..........................

കളി ഫസ്റ്റ് ഹാഫിലാണു

പ്ളേയിങ്ങ് ഇലവനിൽ

ഇടം കിട്ടിയതിന്റെ

ആവേശം തല്കാലമടക്കുക

 

ഇപ്പോൾ ഉശിരൻ വാമപ്പുകൾ

ത്രസിക്കും ഡ്രിബിളുകൾ

വായുവിൽ മലക്കം മറിച്ചിൽ

നിലതെറ്റിക്കും വെട്ടിത്തിരിയലുകൾ

 

ദാ ,ഇതാണു ഗെയിം പ്ളാൻ

റൈറ്റ് വിങ്ങിനെ ഉസ്മാനും കണ്ണനും പകുക്കട്ടെ

ഇടത്തോട്ടും മുന്നിലേക്കും രാഹുലിന്റെ ഓവർലാപ്പുകൾ

ഗോൾമുഖത്തേക്ക്ക്ക് സുർജിത്തിന്റെ ഒറ്റയാൻ റൈഡുകൾ

 

4-3-2-1 എന്നു കേളീശൈലി

നസുമുദ്ദീൻ,നീയാണ് പോർമുന

സജിത്തും ഷിബിലാലും മധ്യനിരയുടേ മനസ്സാവുക

കാരിരുമ്പിൻ കരുത്തിനെ ഗതിവേഗം കൊണ്ട് തോല്പിക്കുക

 

അവരുടെ ലോംഗ് റേഞ്ചറുകളെ

വായുവിൽ പൊളിക്കുക

മൈതാനം നിറഞ്ഞു കളിക്കുക

മൈതാനം അറിഞ്ഞു കളിക്കുക

 

പൊട്ടിത്തെറിക്കട്ടെ ഗാലറികൾ

മൈതാനത്തിൽ നേർവരകളുടെ

പരസ്പരം പിണയുന്ന പതിനൊന്നു

സിഗ്സാഗുകൾ തീർക്കുക

 

ജീൻ ക്രിസ്ത്യൻ കോട്ട കാക്കും

ശരത്തും ജോൻസണും അതിർത്തിക്കു കാവൽ

അവർ ബൂട്ടുകളിൽ ശിലയുടേ

സ്ഥൈര്യം നിറക്കട്ടെ

 

നിർത്താതെ ഓടണം

 നിലം തൊട്ടു നിറുകയിൽ വെച്ച്

മനസ്സിൽ മൈതാനമളക്കുക

അവറുടെ മെയ്കരുത്തിൽ പതറാതിരിക്കുക

 

വിസിൽ മുഴങ്ങുന്നു കളി തുടങ്ങുകയായ്

ഓർക്കുക ഇനിയാണൂ കളി

മനസ്സിൽ ജയിക്കാത്ത ഒരുകളിയും

മതാനത്ത് നേടാനാവില്ല

 

2. സെക്കന്റ് ഹാഫ്

......................................

പത്തുമിനിട്ടിലൊതുങ്ങുന്ന ഇടവേളക്ക്

വിയർപിന്റെ നീർചാലുകളെ ഒപ്പിയെടുക്കാനാവില്ല

കിതച്ചുപട്ടിയാവുമ്പോൾ

ഗെയിംപ്ളാൻ മറന്നുപോവുന്നു

 

ചുണ്ടിനും കപ്പിനുമിടയിലൂടെ വഴുതിപ്പോയ ഒരു പാസ്സ്

ഗോൾപോസ്റ്റിലും ക്രോസ്സ്ബാറിലും തട്ടി മടങ്ങിയ പ്രതീക്ഷകൾ

ഓടിയതിനേക്കാൾ ഇനിയുമോടാനുണ്ടെന്നൊരു

പേടിമാത്രം ബാക്കിയാവുന്നു

 

ഗാലറിക്കു വേണ്ടിയുള്ള കളികൾക്ക്

എപ്പോഴും കളി ജയിപ്പിക്കാനാവില്ല

കയ്യടിക്കു വേണ്ടിയുള്ള നീക്കങ്ങൾ

ചിലപ്പോൾ ഒറ്റുകാരന്റെ വേഷമാടുന്നു

 

നേരറിയുക

കടലാസിലല്ല കളി ജയിക്കുന്നത്

കടലാസു കൊണ്ട് ഉറപ്പായും ചെയ്യാവുന്നത്

ശിഷ്ടജീവിതം തീറെഴുതുക മാത്രമാണു

 

3. ഷൂട്ട് ഔട്ട്

............................

ഗ്ലൗസ് അഴിക്കുകയാണു

കൈ കഴുകാൻ കുനിയുമ്പോൾ

തേഞ്ഞുപഴകിയ കശേരുക്കളീൽ

നോവിൻ മഷി പടരുന്നു

പുറകിൽ വയസ്സൻ മുരടനക്കങ്ങൾ
ഇടുപ്പിൽ കയ്യൂന്നി ഉയരുമ്പോൾ
പൊലിപ്പിക്കും ചിരിയുടെ
കൈ മടക്കങ്ങൾ

കൂടെ വെറുതെ കിട്ടുന്ന
“സാറില്ലായിരുന്നെങ്കിൽ”.......... എന്ന
“സങ്കരയിനം മുഖ സ്തുതികൾ”
നിങ്ങളിൽ എന്തു ചലനമാണുണ്ടാക്കുക

No comments:

Post a Comment

Related Posts Plugin for WordPress, Blogger...