Feb 4, 2013

സായാഹ്നയാത്രകൾ



1

ഇനിയൊന്നുമേ പറയേണ്ട
മിഴിപൂട്ടിയുറങ്ങു നീ
നെഞ്ചിൽ ചെവി ചേർത്തു
കിടന്നു ഞാൻ കേൾക്കട്ടെ

ഇനിയടക്കുക
നിശ്വാസ വേഗങ്ങൾ
നെടുവേർപിലത്താളം
പിടയുമേക്കങ്ങൾ

ഇനിയുമെന്തിനോർക്കുന്നു
കിതച്ചൂന്നുവടിയുമായ്
പടികയറിയെത്തുമൊ-
ഴിഞ്ഞ പാത്രങ്ങൾ
നാട്ടുമാവിൻ കനിവുതേടി -
യലയുമിരുൾത്താരയിൽ
പടം പൊഴിഞ്ഞാടിയ
നാഗനർത്തനം

പെണ്ണല്ലെയിവളെന്തിനേറെ-
പ്പഠിക്കുന്നതെന്ന്
മുഖം വെട്ടും ഹാസോക്തികൾ
വേണ്ട വിതുമ്പേണ്ടെന്നു നീ
ടയ്ക്കും മിഴിച്ചെപ്പുകൾ
കസവുടുത്തെത്തുന്ന
ക്ഷണക്കുറിപ്പുകൾ

2

പൊറുത്തുവെന്നൊ
യെന്നോട് നീയോമലേ
വിഭ്രാന്തിയിൽ, പിടയും പേടമാൻ
കാഴ്ചതൻ ലഹരിയിൽ, ജ്വരമൂർഛയിൽ
നെഞ്ചിൽ തീ കോരിയിട്ടു ഞാൻ
പൊള്ളിച്ച വടുക്കളുണങ്ങിയെന്നോ
ചിരിച്ചു നീ

ഇനി നമുക്കൊരേയീണം
ശ്രുതി ചേർന്നൊഴുകുമൊരേ
സ്നേഹധാര
സ്ഫടികജാലകത്തിൻ പുറ-
ത്തരിച്ചിറങ്ങുമീ മഞ്ഞിൻ
നേർത്ത ചിത്രങ്ങൾ
നിലാവു...പൂത്തുനില്കുമീ കുന്നിൻ ചെരിവുകൾ
രാവിൻ പുതപ്പുകൾ

ഉടുപ്പഴിച്ചെറിഞ്ഞഗാധമാം
താഴ്ചയിലേ,ക്കാമോദ,മലയ്ക്കുമീ
യരുവികൾ
ഒന്നിച്ചെഴുന്നേറ്റിറങ്ങുമീ
ജീവിത സായാഹ്നയാത്രകൾ

2 comments:

  1. തുടരൂ, ഷറഫൂ..

    വേഡ് വേരിഫിക്കേഷൻ എടുത്തു കളയെടാ.

    ReplyDelete
    Replies
    1. എന്താണ് വേഡ് വെരിഫിക്കേഷന്‍?

      Delete

Related Posts Plugin for WordPress, Blogger...