Dec 13, 2012

പൂർണ ബോധ്യങ്ങൾ-----അർദ്ധ സന്ദേഹങ്ങളും


                 
              

                 ദൈവമുണ്ട് എന്ന് ഏറ്റവും ഉറപ്പോടെ പറയുന്നതു സൈക്കിൾ ബ്രാന്റ് അഗർബത്തിക്കാരാണെന്ന് തൊന്നുന്നു.അതിനവർക്ക് വിശ്വാസത്തേക്കാൾ മറ്റു ന്യായങ്ങളായിരിക്കാം ഉണ്ടാവുക.ദൈവത്തിന്റെതായാലും മതത്തിന്റെതായലും മറ്റെന്തിന്റേതായാലും തർക്കങ്ങളിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഉത്തമബോധ്യത്തോടെ നില്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണു.ദൈവവിശ്വാസിയോ നാസ്തികനോ ജനാധിപത്യ വാദിയൊ ഫാസിസ്റ്റോ മറ്റെന്തെങ്കിലുമോ ആയി അടിയുറച്ചവനെ സന്ദേഹങ്ങൾ അലട്ടുന്നില്ല.ദൈവമുണ്ടോ എന്നു തന്നെ നിശ്ചയമില്ലാതെ നട്ടം തിരിയുന്നവനെ,അല്ലെങ്കിൽ ദൈവം ഉണ്ടെന്നുറപ്പിച്ചാൽ ആ ദൈവത്തിന്റെ മതമേത്,കാക്കത്തൊള്ളായിരം ദൈവിക ഗ്രന്ഥങ്ങളിൽ യദാർഥ ദൈവസൂക്തങ്ങളേത്? എന്നു വിഭ്രമിക്കുന്നവനെ പെട്ടെന്ന് ഉറപ്പിക്കാനോ തർക്കിച്ച് തീരുമാനിക്കാനോ പറ്റാത്ത ഇത്തരം  സങ്ങതികൾ കുഴക്കുന്നു.
                   
               ഇനി സാമൂഹികമായി വിമോചനത്തിനുതകുന്ന ഒരു പ്രത്യയശാസ്ത്രമുണ്ടോ ഉണ്ടെങ്കിൽ അത്തരമൊരു പ്രത്യയശാസ്ത്രത്തിൽ ഉറച്ച് രൂപം കൊണ്ട അനേകം പ്രസ്താനങ്ങളിൽ ഏതാണു ശരി എന്ന സംശയങ്ങളും അയാളെ അലട്ടുന്നു.
              സമൂഹം, കറുപ്പും വെളുപ്പുമായ കള്ളികളിൽ നിന്നുകൊണ്ട് വാശിയോടെ പരസ്പരം തർക്കിക്കുന്ന ചില വിഷയങ്ങളിൽ അസൂയയൊടെ ഒരു വെളിച്ചത്തിനായി അയാൽ ഇരുവശത്തേക്കും നോക്കുന്നു.എന്തുകൊണ്ട് തന്റെ ശരി കണ്ടെത്തനാവുന്നില്ല എന്ന് വെദനയോടെ സ്വയംചോദിക്കുന്നു .കൂടങ്കുളവും ഒരു പക്ഷേ നാട്ടിലിറങ്ങുന്ന കടുവ പോലും ഒരുപോലെ അയാളെ വിഷാദിയാക്കുന്നു.പശുവിനെ അടിക്കുവാൻ വടിയോങ്ങി പകച്ച് നിന്നുപോയ നമ്പൂരിയെ പോലെ അയാളും ഫ്രീസ്സ് ചെയ്തു പോകുന്നു.ഒരു രാമനും അയാളുടെ രക്ഷക്കെത്തുന്നുമില്ല. ,ചിലപ്പൊഴെങ്കിലും വേട്ടനായ്ക്കൾക്കൊപ്പം ഓടുകയും ഇരയോടൊപ്പം കിതക്കുകയും ചെയ്യേണ്ട ഗതികേടിൽ ചെന്നുപെടുകയും ചെയ്യുന്നു.
              വിഷാദങ്ങളീൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുവാൻ ഒട്ടേറെ മാർഗങ്ങളിന്ന് പ്രചാരത്തിലുണ്ട്..സഹജമാർഗം ആർട്ട് ഒഫ് ലിവിങ്ങ് തുടങ്ങിയ ഒറ്റമൂലികൾ.പക്ഷെ ഇതൊന്നും അയാൾക്ക് വാങ്ങി ഉപയോകിക്കനാവുന്നില്ല.  ഇതു പോലെ അതിവേഗം വിറ്റുപോകുന്ന ഒരു ഒറ്റമൂലിയും ഇയാളുടെ വേദനക്ക് മരുന്നാവുന്നില്ല.ഒരു പ്രാർഥനയിലും തല ചേർത്തുവെച്ച് ഉറങ്ങാനാവില്ല.ഒരു ശ്രീകോവിലിനു പുറത്തും ഇയാൾക്ക് ചെരിപ്പഴിച്ചു വെക്കാനാവില്ല.ഒരു ധ്യാനകേന്ദ്രവും തണലാവുന്നുമില്ല.ആശ്ലേഷിക്കാനണയുന്ന ഒരമ്മയുടെ കരവലയത്തിനുള്ളിലും വിനയാന്വിതനായി  നിന്നു കൊടുക്കനാവുന്നില്ല.
            ഒടുവിൽ തിരിച്ചറിവിന്റെ ഒരു മിന്നൽ ഒരുപക്ഷേ ഇയാളെ ശാന്തനാക്കുന്നു.ജീവിതത്തിൽ പൂർണബോധ്യങ്ങളുടെ ഒരു സ്വസ്ഥത തനിക്കന്യമാണെന്നും സന്ദേഹങ്ങളുടെ ഒരു കടൽ ഏതു ദിക്കിലും തിരയടിക്കുന്നുണ്ടാവുമെന്നുമുള്ള അരിവിലെക്ക് അയാൽ ഉണരുന്നു.പ്ലസോ മൈനസോ അല്ല സീറൊ ആമ്പിയറാണു  ശരി എന്ന സെൻബുദ്ധിസത്തിന്റെ മധ്യമാർഗത്തിൽ അയാൾ ഭാരം ഇറക്കിവെക്കുന്നു.നമ്മൽ ജനിക്കുനതിനു മുൻപേ ഉണ്ടായ നം മരിച്ചാലും നിലനില്കുന്ന ഈ പ്രപഞ്ചത്തിൽ എല്ലാ കാര്യങ്ങളും അറിഞ്ഞു മനസ്സിലാക്കാൻ മാത്രമുള്ളതല്ലെന്നും പലതും കണ്ടു വിസ്മയിക്കാൻ കൂടെയുള്ളതാണെന്നും അയാൾ മനസ്സിലാക്കുന്നു.
              വിശ്വാസിയും നാസ്തികനുമായി രണ്ടറ്റങ്ങളിൽ നിന്നുള്ള എല്ലാമറിയുന്നവരുടെ ആക്രോശങ്ങൾക്കിടയിൽ ഒരു ആഗ്നോസ്റ്റിക്കിന്റെ (agnostic) മധ്യഭാഗത്തു നിന്നുള്ള ചിരി അയാളെടുത്തണിയുന്നു.
             ഉറച്ചബോധ്യങ്ങൾ അനുഗ്രഹമായിരിക്കാം.പക്ഷെ സന്ദേഹിയുടെ മൌഢ്യം അയാൾ കൂടുതൽ ഇഷ്ടപ്പെടുന്നു.
             തീർപുകല്പിക്കൽ നിർബന്ധമുള്ളത് കോടതികൾക്ക് മാത്രമാണല്ലോ?

               


Related Posts Plugin for WordPress, Blogger...