Dec 9, 2012

ബലിക്കാക്കയായില്ല ഞാൻ


ഉണ്ട് രണ്ടിനം കാക്കകള്‍
ഒന്ന്‍,  നീ ബലിക്കാക്ക
പൈതൃകത്തിൽ നിന്നണ്ണാന്‍
ഭാഗ്യമുണ്ടായവള്‍


നിനക്കായണിയുന്നു ദർഭകൾ
മുങ്ങിനിവരുന്നു പാപനാശിനി
കൈവെള്ളയിൽ  തെളിനീർ തീർഥം
മന്ത്രോച്ചാരണ രാഗധാരകൾ
കൊട്ടിവിളിക്കുവാനൊട്ടേറെകണ്ണുകൾ
നാക്കിലയുരുളകൾ
നീ കൊത്തുവതേ പുണ്യം
പിതൃക്കൾ തൻ മോക്ഷം


കാക്കേ കാക്കേ കൂടെവിടെ
യെന്ന് നിന്നെക്കുറിച്ചൊരു പാട്ട്
നീ കട്ടതറിവിന്റെ വെണ്ണ
കൊന്നതൊക്കെയും കുലദ്രോഹിയാംകംസരെ
നീയുരഞ്ഞതൊക്കെയും ജ്ഞാനം
കണ്ണടച്ചാല്‍ തുരീയം
തൃക്കണ്‍ തുറന്നാല്‍ കാലഭൈരവം


നീ മരിച്ചിട്ടും മരിക്കുന്നില്ല
പുനർജന്മങ്ങളിൽ
നിനക്കൂ ജ്ഞാനസ്നാനം
അവിടെക്കെനിക്കൊരു 
വാതിലില്ല



ഇനിയെന്റെ കാര്യമൊ
കഴുത്തിലൊരു നര
ഞാൻ കൊത്തിയാലതശ്രീകരം
എനിക്ക് തൊടിയിലെ പച്ചയും
ഉണ്ണിയുടെ കയ്യിലെ നെയ്യപ്പവും
അയ്യൊ കാക്കേ പറ്റിച്ചേ എന്നു കുട്ടികൾ

നഗരത്തിൽ നാട്ടുമാവിൻ കൊമ്പിൽ
ടെലിഫോൺ ടവറിൽ കറന്റു കമ്പിയിൽ
ആലിൻ ചോട്ടിൽ മാളോരുടെ നേർക്ക്
നീ തൂറ്റിയതത്രയും
ഞാനിട്ട ബോംബ്
ഏതു വാളും എന്റെ വാൾ
ഏതു ചോരയും ഞാൻ ചിന്തിയ രക്തം
എന്നെ തളക്കുന്ന നിയമപാലനം
ഞാൻ കരഞ്ഞാലതു വിരുന്നുവിളികൾ
ആർക്കും വേണ്ടാത്ത വിരുന്നുകാർ
എന്നിലേക്കു നീണ്ട്
എന്നെതുളക്കുന്ന വിരലിൽ കുരുങ്ങി
താഴുന്ന ശിരസ്സ്
ഭീതിയുടെ നേർ രൂപം

ഞാൻ മരിച്ചലൊരു നരകം
തീയ്ക്ക് തീയിനേക്കാൾ ചൂട്
എന്റെ വിശപ്പിനേറെ മുള്ളുള്ള കായ്കൾ
ചങ്കു പൊള്ളുന്ന പാനീയം
ഞനൊരു പാവം വെറും പാവം മാപ്ളക്കാക്ക







No comments:

Post a Comment

Related Posts Plugin for WordPress, Blogger...