Nov 17, 2012

ഒരേ മട്ടിലൊഴുകുന്ന പുഴകള്‍

 ജീവിച്ചുപോവാനെങ്കിലും പറ്റുന്ന തരത്തില്‍ നമ്മുടെ ജീവിതത്തെ നിലനിര്‍ത്തുന്നത്  എന്താണ് ?സ്നേഹം എന്ന് പറയാനാണു ആദ്യത്തെ വെമ്പല്‍. മക്കളോടും പങ്കാളിയോടും മാതാപിതാക്കളോടും സഹോദരങ്ങളോടും അടുത്ത ബന്ധുക്കളോടും  ഉള്ള നമ്മുടെ ബന്ധങ്ങളും ഇടപെടലുകളും കൊള്ളകൊടുക്കകളും എന്നൊക്കെയാണ് ആദ്യത്തെ ഒരു തള്ളിച്ചയില്‍ നമ്മുടെ മനസ്സില്‍ വരിക.അങ്ങനെ തടസ്സമില്ലാതെ ഒഴുകുന്ന നിരുപാധികമായ ഒരു സ്നേഹം യഥാര്‍ത്ഥ ജീവിതത്തില്‍ സാധ്യമാണോ ?ഇനി ഉണ്ടെങ്കില്‍ തന്നെ  ജീവിതത്തെ ജീവോന്മുഖമാക്കുന്നതിന് ,ആഹ്ലാദപൂര്‍ണമായ ഒരു അനുഭവമായി  മാറ്റുന്നതിന്, അത് പര്യാപ്തമാണോ ?
            ദുരിതപൂര്‍ണമായ ഒരു ബാല്യത്തിന്റെ കനല്‍വഴികള്‍  ,പിന്നീടു പ്രശസ്തിയിലേക്ക് ഉയര്‍ന്ന പലരുടെയും ജീവിതത്തില്‍ ഉണ്ട്  .ഒരു പക്ഷെ  തിരിഞ്ഞു നോക്കുമ്പോള്‍ ബാല്യത്തില്‍ ഇവര്‍ അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളുടെ ആകസ്മിതകളാണ് പിന്നീടുള്ള ജീവിതത്തില്‍ ഇവര്‍ക്ക് മുതല്‍കൂട്ടായത്  എന്ന് തോന്നിപ്പോകുന്ന തരത്തില്‍ ,ഇത്തരം അനുഭവങ്ങളുടെ ഈടുവെയ്പുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇവര്‍ തന്നെ ഉണ്ടാകുമായിരുന്നോ എന്ന് തോന്നിപ്പോകുന്ന തരത്തില്‍ .....
                പലപ്പോഴും ആഴമുള്ള അനുഭവങ്ങളില്ലാതെ തൊലിപ്പുറത്ത് മരവിച്ചുപോയ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില ആകസ്മിതകളാണ്  നമ്മുടെ വ്യക്തിത്വത്തിന്റെ കാതല്‍ എന്താണെന്ന് നമ്മെതന്നെ മനസ്സിലാക്കിതരുന്നത് . നമ്മുടെ വിശ്വാസത്തിന്റെ ആഴമെന്തെന്നും നിലപാടുകളുടെ സത്യമേതെന്നും നമ്മിലെ ഊര്‍ജത്തിന്റെ ഉറവിടങ്ങളെവിടെയെന്നും നമ്മെ അനുഭവിപ്പിക്കുന്നത് . നമ്മിലെ ചെമ്പ് തെളിയിക്കുന്ന ചില അനുഭവങ്ങള്‍ എല്ലാവരുടെ ജീവിതത്തെയും ഒന്നുരച്ചു നോക്കിയിട്ടുണ്ടാവും .   ഇനിയെന്ത് ചെയ്യേണ്ടൂ എന്ന് പകച്ചു നില്‍കുന്ന ഈ ഒരു നിമിഷത്തിലാണ് നാം സ്വയം തിരിച്ചറിയാന്‍ തുടങ്ങുന്നത് .
                   ദൈവത്തെ തേടിയെത്തുന്ന ഭൂരിഭാഗം പ്രാര്‍ത്ഥനകളും തങ്ങളുടെ ജീവിതം പരമാവധി വിരസമാക്കിതീര്‍ക്കണേ എന്നാണെന്ന്‍ കല്പറ്റനാരായണന്‍.ഒരു തരത്തിലുമുള്ള വൈഷമ്യങ്ങളും പ്രയാസങ്ങളും ഇല്ലാത്ത അല്ലലുകളും അലച്ചിലുകളും ഇല്ലാത്ത ജീവിതത്തിനു വേണ്ടിയുള്ള ശുപാര്‍ശകൾ.പ്രശ്നങ്ങളുംവെല്ലുവിളികളുമില്ലാത്ത,അനിശ്ചിതത്തങ്ങളും..ആകസ്മികതളുകമീല്ലാത്ത യാദ്രിശ്ചികതകളില്ലാത്ത,തടസ്സങ്ങളില്ലാതൊഴുകുന്ന   പുഴപോലൊരു  ജീവിതം. വേനലില്‍ വറ്റിവരളാത്ത , കാലവര്‍ഷത്തില്‍ കലങ്ങിയോഴുകാത്ത ,ഒരിക്കലും കരകവിയാത്ത ,കുത്തോഴുക്കുകളും നീര്‍ച്ചുഴികളും ഇല്ലാത്ത എന്നും  ഒരേ മട്ടിലൊഴുകുന്ന പുഴ .ഉള്ളില്‍ ചേറ് പോലടിയുന്ന  മടുപ്പ് നാം കണ്ടില്ലെന്ന്‍  ഭാവിക്കുന്നു.ഒടുവില്‍ എന്തെങ്കിലും ഒരു മാറ്റത്തിന് വേണ്ടി ദാഹിക്കുന്ന മനസ്സിനെ തൃപ്തിപ്പെടുത്താനെന്നോണം നാം പാര്‍ടികളില്‍ നിറയുന്നു,വിനോദയാത്രകളില്‍ മുഴുകുന്നു.  യാത്രയെ അതിന്റെ  സോഭാവികതക്ക് വിട്ട്കൊടുക്കാതെ എല്ലാം മുന്‍കൂട്ടി നിശ്ചയിചിറങ്ങുന്ന യാത്ര.  എവിടെ നിന്നു തുടങ്ങണം,എങ്ങനെ പോണം , എങ്ങോട്ട് പോണം, എവിടെ താമസിക്കണം , എല്ലാം പ്ലാന്‍ ചെയ്യുകയോ അല്ലെങ്കില്‍ അതിനു യോഗ്യരായവരെ ഏല്‍പിക്കുകയോ ചെയ്യുന്നു. എവിടെയും നാം കാഴ്ചകളില്‍ നിറയുന്നില്ല.ഒരു പുഴയിലും മുങ്ങിനിവരുന്നില്ല  . ഒരുനിലാവിലും കുളിക്കുന്നില്ല .എല്ലാം ഒപ്പിയെടുക്കണം. ഡിജിറ്റ്‌ലൈയ്സു ചെയ്യണം. എടുത്തു വെക്കണം. എല്ലാവരെയും കാണിക്കണം. പിന്നീട് എടുത്ത് വെച്ച് മറിച്ചുനോക്കുംപോളാണ്  സുഖം.ഈ വെയിലിനിത്ര വെളിച്ചം ഇല്ലായിരുന്നെങ്കില്‍ , ഈ മരച്ചുവട്ടില്‍  ഇത്ര തണല്‍ ഇല്ലായിരുന്നെങ്കില്‍ ,കുറച്ചുകൂടെ നേരത്തെ എത്തിയിരുന്നെങ്കില്‍ ,നീയൊന്നു ചിരിച്ചിരുന്നെങ്കില്‍ കുറച്ചു കൂടെ നല്ല ഫ്രൈം കിട്ടുമായിരുന്നു,സാരമില്ല.
                          നാം ജാഗ്രതയുള്ളവരായിരിക്കനാണോ ദൈവം കള്ളന്മാരെ സൃഷ്ടിച്ചത് ?എപ്പോഴും ശ്രദ്ധയുള്ളവരാവാനും ഉറക്കത്തിലും ഉണര്‍ന്നിരിക്കാനും അവര്‍ നമ്മെ പഠിപ്പിക്കുന്നു .കൂടുതല്‍ ബലപ്പെടുത്തിയ ഓരോ പൂട്ടുകളും കൂടുതല്‍ സമര്‍ത്ഥനായ ഒരു കള്ളനെ ഓര്‍മിപ്പിക്കുന്നു.കൂടുതല്‍ അടച്ചിട്ട ഓരോ വാതിലുകളും   ഒളിഞ്ഞുനോക്കാന്‍ സാധ്യതയുള്ള ഒരാളെ ഓര്‍മിപ്പിക്കുന്നു .അടുക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍   ഗൗരവത്തിലാകുന്ന  ഓരോ മുഖവും ചിരിച്ചു പറ്റിക്കാന്‍ കഴിവുള്ള ഒരുപാട് പേരെ ഓര്‍മിപ്പിക്കുന്നു.മറ്റുപലരിലുമുള്ളതിനെക്കാൾ കൂടുതല്‍ നമ്മിലുണ്ടെന്നും ,അത് സൂക്ഷിച്ചുപയോഗിക്കാന്‍ ബാധ്യസ്തനാണെന്നും ഓര്‍മിപ്പിക്കുന്നു, മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന വിശ്വാസത്തിലുള്ള നമ്മുടെ ഓരോ പ്രവര്‍ത്തികളും.
                  
                    
                 നാം കൂടുതല്‍ നന്ദിയുള്ളവരാകാന്‍ വേണ്ടിയാണോ ദൈവം പ്രയാസങ്ങളെ സൃഷ്ടിച്ചത്? നമ്മുടെയത്രയും സൗകര്യങ്ങളില്ലാത്തവര്‍. ശാരീരികവും അല്ലാത്തതുമായ കഷ്ടങ്ങളില്‍ ആണ്ടുപോയവര്‍. ,തിരിച്ചറിവിന്റെ വെളിച്ചം ഉള്ളില്‍ തെളിയത്ത്തവര്‍ .,സമ്പത്ത് കൊണ്ടും സൗഭാഗ്യം കൊണ്ടും നാം തീര്‍ത്ത സ്വര്‍ഗങ്ങള്‍ ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ പോലും കണ്ടിട്ടില്ലാത്തവര്‍ . തങ്ങളെ ചൂഴുന്ന ദുരന്തങ്ങളില്‍ നിന്നു എന്നെങ്കിലും ഒരു രക്ഷയുണ്ടെന്ന്‍  പ്രതീക്ഷയില്ലാത്തവര്‍ .നമ്മുടെ ഒരു തരത്തിലുള്ള വ്യവഹാരത്ത്തിലും മുഖം തെളിയാത്തവര്‍. ഒന്നിലും മനസ്സുടക്കിനില്കാത്ത നമ്മുടെ കാഴ്ച്ചയുടെ ഓരങ്ങളില്‍ മേല്പോട്ട് മുഖമുയര്‍ത്തി ,കൈനീട്ടുന്ന ,കാഴ്ചയില്ലാത്തവന്റെ വിലാപങ്ങള്‍. ഒന്ന് തിരിഞ്ഞുനോക്കിയാല്‍ നാം എത്ര ഭാഗ്യവാനാനെന്ന തിരിച്ചറിവിന്റെ പ്രകാശം നമ്മില്‍ നിറക്കാന്‍ വിധിക്കപ്പെട്ടവര്‍.കൂടുതല്‍ നേരത്തെയുള്ള, കൂടുതല്‍ മികച്ച ഒരു സ്റ്റാര്‍ട്ട്‌ കിട്ടിയത് കൊണ്ട് മാത്രമാണ് നാം ഇത്രയും ദൂരം ,ഇത്ര പെട്ടെന്ന്‍ ഓടിയെത്തിയത് എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നവര്‍ .
                              നാം കൂടുതല്‍ സ്നേഹമുള്ളവരാകാന്‍ വേണ്ടിയാണോ ദൈവം ദുഷ്ടരെ ശ്രിഷ്ടിച്ചത്?ഒരിക്കലും മുഖം തെളിയാത്തവര്‍ , എല്ലാവരിലും അസ്വസ്ഥതകള്‍ നിറക്കുന്നവര്‍  .സ്വയം എരിഞ്ഞു മറ്റുള്ളവരെ എരിക്കുന്നവര്‍ .മുഖത്ത് അടരുകളായി ഒരുക്കിയ മിനുസത്തില്‍ തൊട്ട് ,വിധിയുടെ പക്ഷഭേദങ്ങളില്‍ ഇരുണ്ടുപോയ   അത്രയൊന്നും  ഭാഗ്യമില്ലാത്ത മുഖങ്ങളെ പരിഹസിക്കുന്നവര്‍ . കൈപ് നിറഞ്ഞ ഒരെപാത്രം കൊണ്ട് എല്ലാവർക്കും വിളമ്പുന്നവര്‍ .ജാതകപ്പൊരുത്തം നോക്കി ആള്‍പൊരുത്തം നോക്കി സ്നേഹിക്കുന്നവര്‍.ഒഴുകുന്ന കൊട്ടാരങ്ങളില്‍  നിന്ന്  പുറത്തേക്ക് തല നീട്ടാന്‍ അറയ്ക്കുന്നവര്‍ . അരക്ക് കുറുകെ കെട്ടിയ ബെല്‍റ്റില്‍ സ്വയം പൊട്ടിച്ചിതറി മറ്റുള്ളവരെ ഒടുക്കുന്നവര്‍.സ്നേഹമെന്തെന്നു ഇവര്‍ അറിഞ്ഞിട്ടേ ഉണ്ടാവില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നവര്‍.
                               നാം കൂടുതല്‍ വിനയമുവള്ളവരാകേണ്ട കാഴ്ചയുടെ ദൈന്യതകള്‍ ,വൈരൂപ്യങ്ങള്‍,കൂടുതല്‍ കനിവുള്ളവരാകേണ്ട വിശപ്പിന്റെ ദയനീയതകള്‍ ,കൂടുതല്‍ കൊടുക്കേണ്ട സന്ദര്‍ഭങ്ങള്‍ ,സ്വയം തുറക്കേണ്ട വാതിലുകള്‍ ...........നമുടെ ഒരു നോട്ടത്തില്‍ തെളിയുന്ന മനസ്സുകള്‍,,,,ഒരു നീട്ടത്തില്‍ മാറുന്ന ജീവിതങ്ങള്‍  ..നാം ഉണര്‍ന്നാല്‍ ഒപ്പമുണരാന്‍സാധ്യതയുള്ള  ,ഒന്ന് തെളിയാനിടയുള്ള  ഒരു ജീവന്റെയെങ്കിലും കലക്കങ്ങള്‍ ...............
                                 ഒരേ മട്ടിലോഴുകുന്നതില്‍ അഭംഗിയൊന്നുമില്ല.  ഒരു  ഓട്ടമത്സരമായി  ജീവിതത്തെ എണ്ണുന്നതില്‍ വലുതായിട്ടൊന്നുമില്ല.എന്നും ഒരേ വഴിയില്‍ യാത്ര ചെയ്യുന്നതില്‍,ഒരേ  കസേരയില്‍ അമന്നിരിർക്കുന്നതില്‍ അരുതാത്തതൊന്നുമില്ല.
                         എങ്കിലും .....................
                             ഇടക്കൊന്നെണീറ്റ് നടക്കണം. ഒരു നീര്‍ ചാലിലേക്ക് ഒന്നിറങ്ങി നില്കണം.ജീവിതത്തെ മുറുകെ പിടിച്ചിരിക്കുന്ന നമ്മുടെ പിടുത്തം ഒന്നയക്കണം. ഒഴുക്കിലേക്ക് സ്വയം എടുത്തെറിയണം.  തിരിച്ചു കയറുന്നത് വെള്ളം കുടിച്ചിട്ടാവാം .ഒരുപാട് പുറകില്‍ നിന്നു വീണ്ടും ഓട്ടം തുടങ്ങേണ്ടാതായി വരാം .എങ്കിലും സാരമില്ല.
                   ഇല്ലെങ്കില്‍...............
                    എന്നും ഒരേ മുറിയില്‍ ഉറങ്ങി ,ഒരേ സ്വപ്നം കണ്ടെണീറ്റ് ,ഒരേ വാട ശ്വസിച്ച് ,ഒരേ ജീവിതം ജീവിച്ച്..................നാമൊടുങ്ങും ..
                             എല്ലാവരും എഴുതുന്ന,എല്ലാ ചോദ്യങ്ങൾക്കും ഒരേ ഉത്തരം മാത്രമുള്ള ,എല്ലാവരും ഒരേ മാര്‍ക്ക് നേടി പാസ്സാവുന്ന മത്സരപരീക്ഷ അല്ലല്ലോ ജീവിതം?
                         എല്ലായിടത്തും ഒരേ മണമുള്ള പൂക്കളല്ലല്ലോ വിരിയുന്നത്?
                       
Related Posts Plugin for WordPress, Blogger...