Oct 23, 2012

എല്ലാവര്‍ക്കും ഉള്ള ഇടങ്ങള്‍ [neutral spaces]

കുത്തണം ആഞ്ഞാഞ്ഞ് കുത്തണം .മുഖത്തേക്ക് ചോര ചീറ്റിത്തെറിക്കുന്നുവല്ലോ ഓ സാരമില്ല.കണ്ണിലെ ദൈന്യത താങ്ങാനവുന്നില്ലല്ലോ  അതും സാരമില്ല .ഇവന്‍ നമ്മുടെ കൂട്ടര്‍ക്ക് ഒരു അലോസരം ആയിരുന്നു.അതുകൊണ്ട് ഒന്നും കാര്യമാക്കേണ്ട .പുറകില്‍ നിന്നും ആളനക്കം കേള്‍കുന്നുവല്ലോ ,ഇപ്പൊ തിരിഞ്ഞു നോക്കണ്ട ,ആദ്യം ഇതൊന്ന്  തീര്‍ന്നു കിട്ടട്ടെ.

                  നീ തിരിഞ്ഞു നോക്കണ്ട ,നിനക്ക് വേണ്ടി രാകിമിനുക്കിയ കത്തിയുമായി ഒരാള്‍ ഓടിയെത്തുന്നുണ്ട്  ആദ്യം നിന്റെ ജോലി തീരട്ടെ ,അവന്‍ ഇപ്പോഴിങ്ങെത്തും

                      പൊതുവായ ഒരു സ്പേസ് ഇല്ലാതാവുകയും പരിമിതമായ സ്വകാര്യ ഇടങ്ങളില്‍ നിന്ന്‌ കൈ നിവെര്‍ത്തുന്പോഴേക്കും  ആരുടെയെങ്കിലും ദേഹത്ത് തട്ടുകയും അത് പ്രകോപനമായി കാണുകയുംചെയ്യുന്ന ദുരവസ്ഥയിലേക്ക് സമൂഹം വളരുകയോ ചുരുങ്ങുകയോ ചെയ്തിരിക്കുന്നു.  സ്വന്തം കുടുംബത്തിലേക്കും അതിന്‍റെ സാധ്യതകളിലേക്കും ഒതുങ്ങിയ മലയാളിയെകുറിച്ചുള്ള നിലവിളികള്‍ക്ക് ഇടയിലും ചില പൊതു താല്പര്യങ്ങള്‍ നാം ഇപ്പോള്‍ വിടാതെ പിടിച്ചിരിക്കുന്നു.  അതിലൊന്നാണ് സ്വന്തം സമുദായമോ ജാതിയോ മാത്രമായുള്ള ഐക്യപ്പെടലുകള്‍.മുമ്പില്ലാത്തവിധം സമൂഹത്തില്‍ ഇവയുടെ ഇടപെടലുകള്‍  പതിവായിരിക്കുന്നു.
                      സമുദായനേതാക്കള്‍ വിധികര്‍ത്താക്കള്‍ ആവുകയും നമ്മുടെ ഭാഗധേയം അവര്‍ നിശ്ചയിക്കട്ടെ    എന്ന സമ്മതങ്ങളിലേക്ക് നാം മാറുകയും ചെയ്തിരിക്കുന്നു .  എല്ലാ വിലപേശലുകളും  നമ്മുടെ സൌകര്യങ്ങള്‍ക്ക് വേണ്ടിയാവാനും ചര്‍ച്ചകളിലെ എല്ലാ പ്രാധിനിത്യങ്ങളും സമുദായത്തിന്‍റെ പെരിലാവാനും നമ്മള്‍ മനസ്സുവെക്കുന്നു.നേതാക്കള്‍ സ്പിരിറ്റ്‌ കച്ചവടക്കാരോ പരസ്ത്രീ തല്പരരോ എന്നത് പരിഗണനാ വിഷയമേ അല്ല .ഓ ...അതെല്ലാവരും ചെയ്യുന്നതല്ലേ.....സമുദായത്തിന് വേണ്ടി ശബ്ദിക്കുന്നെടത്തോളം അവര്‍ സ്വീകാര്യരാവുന്നു.
              മുന്‍പില്ലാത്തവിധം നമ്മുടെ പൊതുസ്ഥലങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ സാധാരണമായിരിക്കുന്നു.ഒരു പതിനഞ്ചു വര്ഷം മുന്‍പ് വരെ  ചന്ദനക്കുറിയും മക്കനയും അപൂര്‍വ കാഴ്ചയായിരുന്നു.ആള്‍കാരുടെ ശ്രദ്ധ പിടിച്ചു വാങ്ങിയിരുന്ന ഒരു കാഴ്ച.ഇന്ന് നേരെ തിരിഞ്ഞിരിക്കുന്നു കാര്യങ്ങള്‍ .മക്കനയും ചന്ദനക്കുറിയും നിയമമാവുകയും,മക്കനയിടാതെ പോകുന്ന പെണ്‍കുട്ടിയോട്" ഇസ്ലാമിന്‍റെ കോലത്തില്‍ പോയ്കുടെടീ "എന്നു ചോദിക്കാനുള്ള ധാര്‍ഷ്ട്യം സമുദായത്തിന് കൈവരികയും ചെയ്തിരിക്കുന്നു.
                   ഇപ്പോഴും എല്ലാ മതങ്ങള്‍ക്കും സ്വീകാര്യമായ ,എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ചില ആഘോഷങ്ങള്‍ എങ്കിലും എവിടെയോ ബാക്കി കിടപ്പുണ്ട് .അവിടെയും പുതിയ നവോത്ഥാന സന്ദേശങ്ങളുമായി ശുദ്ധമതവാദികള്‍ പരസ്യപ്പലകകള്‍ സ്ഥാപിച്ചുകഴിഞ്ഞു.ഇത്തരം ആഘോഷങ്ങള്‍ അനാചാരം ആണെന്നും സമുദായം "യഥാര്‍ത്ഥമായ, കലര്‍പ്പില്ലാത്ത" വിശ്വാസത്തിലേക്ക് തിരിച്ചു പോണമെന്നും മതത്തിന്റെ പേരില്‍ ആഹ്വാനം ചെയ്യപ്പെടുന്നു.മതം എന്നത് കേവലം വൈയക്തികമായ വിശ്വാസമോ അനുഷ്ഠാനങ്ങളോ അല്ലെന്നും ജീവിതത്തെ മുഴുവന്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന വലിയ സമ്പവമാണെന്നും പറഞ്ഞു പഠിപ്പിക്കുന്നു .ആയത് കൊണ്ട് ജീവിതത്തിന്‍റെ സമസ്തമേഖലകളിലും അതിന്‍റെ അടയാളങ്ങള്‍ ഉണ്ടായിരിക്കേണ്ടത് എങ്ങനെയെന്നും മറ്റു വിഭാഗങ്ങളോട് എങ്ങനെ മാറ് കാണിക്കാമെന്നും പ്രായോഗിക പരിശീലനങ്ങള്‍ നടത്തുന്നു.ഗുജറാത്ത് എന്നു കേള്‍ക്കുമ്പോള്‍ ഗോധ്ര എന്നു തിരിച്ചുപറയുവാനും ബംഗളൂരുവിന്‍റെ വിപരീതപദമാണ്‌ മലൈഗാവ് എന്നും നമ്മള്‍ പഠിക്കുന്നു.ഹൈന്ദവന്‍ അതിഹൈന്ദവനും മുസ്ലിം തീവ്രമുസ്ലിമും ആവുന്ന പുതിയ സമവാക്യങ്ങള്‍ കൂടുതല്‍ സ്വീകാര്യമാവുന്നു .സോഷ്യല്‍ സൈറ്റുകളില്‍ നേര്‍ക്കുനേര്‍ നിന്ന്‌ ,കൈചുരുട്ടി ,മുഖം വക്രിച്ചു  ഇവര്‍ നടത്തുന്ന മസിലുപിടുത്തങ്ങള്‍ ഓക്കാനം ഉണ്ടാക്കുന്നു.പച്ച നിറം അശ്ലീലമാവുകയും കാവി പേടിപ്പിക്കുകയും ചെയ്യുന്നു.എല്ലാ ആഘോഷങ്ങളും ശക്തി തെളിയിക്കാനുള്ള റോഡ്‌ഷോകള്‍ ആവുന്നു.ഒന്നിന്‍റെയും ഭാഗമല്ലാത്തവര്‍ കൂടി എന്‍റെ നിറം ഏതാണെന്ന്‍ ഉള്ളിലെക്ക് നോക്കി നെടുവീര്‍പ്പിടെണ്ടി വരുന്നു.
                ഇതിനിടയില്‍ ഊട്ടി ഉറപ്പിച്ച വിശ്വാസങ്ങളില്‍ രൂപം കൊള്ളുന്ന ചിലസംഘടനകള്‍ കാലക്രമേണ ദീപസ്തംഭം മഹാശ്ചര്യം എന്ന ന്യായേന പിളരുകയോ പിളര്‍കപ്പെടുകയോ ചെയ്യുന്നു .
           ഒന്നിരുട്ടി വെളുക്കുന്നതിനിടയില്‍ സംഭവിച്ച്പോയ മഹാദുരന്തങ്ങള്‍ എന്ന നിലക്കല്ല ഇത്രയും പറഞ്ഞത്.ഇങ്ങനെ പരസ്പരം കലഹിക്കാന്‍ നില്‍കുന്ന ,വെള്ളം ചോരാത്ത അറകളിലായി നമ്മെ വിഭജിച്ച്‌ നിര്‍ത്തുവാന്‍ സാധിച്ചതിനു പിന്നില്‍ ഇരുണ്ട തലച്ചോറുകളുടെ വര്‍ഷങ്ങള്‍ നീണ്ട പ്ലാനിങ്ങും അധ്വാനവും ഉണ്ട്.വിവാദങ്ങളില്‍ വിജയകരമായി ഇടപെടുവാനും സ്വാധീനിക്കുവാനും കഴിഞ്ഞതിന്‍റെ പിന്‍ബലം ഉണ്ട്.ഏതെങ്കിലും ഒരു സമുദായത്തിന്‍റെ വിലാസത്തില്‍ അറിയപ്പെടുവാനും അവരുടെ പിന്‍ബലത്തില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുവാനുമുള്ള ചിലരുടെ മിടുക്കും കുബുദ്ധിയും ഉണ്ട്.പരസ്പരമുള്ള സ്പര്‍ദ്ധകളെ ലൈവ് ആക്കി നിര്‍ത്തുവാനും അതിലൂടെ സമുദായത്തില്‍ തങ്ങളുടെ പ്രസക്തിയും വിലപേശല്‍ ശേഷിയും ഉയര്‍ത്തി നിര്‍ത്തുവാനുള്ള വിരുതും ഉണ്ട്.അതിലെതന്നെ വിഭാഗീയതയും പുതിയ വെല്ലുവുളികള്‍ ഏറ്റെടുക്കുവാനുള്ള നേതാക്കളുടെ ആര്‍ജ്ജവമില്ലായ്മയും മൂലം ശക്തി ക്ഷയിച്ചുപോയി,ബക്കറ്റ് വെള്ളത്തിലേക്ക് ഒതുങ്ങിപ്പോയ ഇടതുപക്ഷത്തിന്‍റെ പരിമിതികള്‍ ഉണ്ട്.കാലങ്ങളായി പുരോഗനപരമായ ഇടപെടലുകളിലൂടെയും മുദ്രവാക്യങ്ങളിലൂടെയും ആര്‍ജിച്ച മുന്നേറ്റങ്ങളെ ഒരു മനുഷ്യചങ്ങലയില്‍ കെട്ടിയിട്ട് തിരിച്ചുനടന്ന യുവജന പ്രസ്ഥാനങ്ങളുടെ അപചയമുണ്ട്.ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി വിവിധ സമുദായങ്ങളെ മാറിമാറി താലോലിച്ച രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അടവുനയങ്ങള്‍ ഉണ്ട്.
                              "ഒരു ഭഗവദ്ഗീതയും കുറെ മുലകളും" എന്ന്‍ ഒരു പുസ്ത്കത്തിന്നു തലക്കെട്ടോ "നിര്‍മാല്യം"എന്ന സിനിമയില്‍ ദാരിദ്ര്യം കൊണ്ട് നെഞ്ച് തകര്‍ന്ന പൂജാരി ദേവീവിഗ്രഹത്തിലേക്ക് കാര്‍ക്കിച്ച് തുപ്പുന്നപോലെ ഒരു രംഗമോ ഇന്നത്തെ അവസ്ഥയില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമോ?സ്വന്തം സമുദായത്തിന് നേരെ വരുന്ന ഏതു "വെല്ലുവിളികള്‍ക്ക്" നേരെയും നാം നിരന്തരമായ ജാഗ്രതയിലാണ്.ഒരു ഭ്രാന്തന് മുഹമ്മദ് എന്ന്‍ പേരിട്ടവന്റെ കൈകള്‍ വീണ്ടും പേന പിടിക്കാതിരിക്കാന്‍ നാം മനസ്സു വെക്കുന്നു.എല്ലാ ആവിഷ്കാരങ്ങളും നമ്മുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിച്ച് നിര്‍ത്തുന്ന പടിപ്പുരക്ക് പുറത്ത് .ഇങ്ങോട്ട് കടക്കണമെങ്കില്‍ തലകുനിച്ച് ,പരദേവതകളെ വണങ്ങി,ആചാര്യന്‍റെ കാല്‍ തൊട്ട് വന്ദിച്ച്‌.........വേണമെങ്കില്‍ മതി.
                          ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ യാത്ര എങ്ങോട്ടാണ് ?കണ്ടാല്‍ പരസ്പരം മിണ്ടാത്ത ,ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് നാം ഒടുങ്ങുമ്പോള്‍ നമ്മുടെ ഭാവിയെന്താണ്?പരസ്പരം കലഹിക്കുകയും കടിച്ചുകീറുകയും വേണമെങ്കില്‍ കൊല്ലുകയും ചെയ്യുന്ന രീതിയില്‍ നാം മാനസാന്തരപ്പെടുകയാണോ ?നാം കുട്ടികളെ എങ്ങോട്ടാണ് നയിക്കുന്നത്?നെറ്റിയില്‍ ചന്ദനക്കുറിയും തലയില്‍ തൊപ്പിയും വെച്ചുകൊടുത്ത് കൊമ്പില്‍ ചുവന്ന ചായവും  ദേഹത്ത് തിരിച്ചരിയാനുള്ള അടയാളവും ഇട്ടു കൊടുത്ത് നാം അവരെ എങ്ങോട്ടാണ് ആട്ടിത്തെളിക്കുന്നത്?
                    ഒരു തിരിച്ചുപോക്കിനുള്ള,സമൂഹത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള എന്തെങ്കിലും സാധ്യതകള്‍ തുറന്നിടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാം കുട്ടികളില്‍ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു.
                   കാരണം ഒരു സമൂഹത്തിന്‍റെ ആരോഗ്യം പരസ്പരം പങ്കുവെക്കാനും അറിയുവാനും ഒത്തു ചേരാനുമായി തുറന്നുകിടക്കുന്ന സോഷ്യല്‍ സ്പേസിനെ ആശ്രയിച്ചിരിക്കുന്നു.

               ഹൊ അവനിങ്ങെത്തിക്കഴിഞ്ഞല്ലോ അവന്‍റെ കണ്ണില്‍ ദ്വേഷ്യമില്ല,വൈരാഗ്യമില്ല.എന്തിന് വെറുപ്പ്‌ പോലുമില്ല .അറവുമാടിന്റെ കഴുത്തില്‍ കത്ത്തിയിറക്കുമ്പോഴുള്ള നിസ്സംഗതയോടെ അവന്‍റെ കൈകള്‍ ഉയര്‍ന്നു താഴുന്നുവല്ലോ .മുഖത്തേക്ക്‌ ചോര ചീറ്റിത്തെറിക്കുന്നു .എന്‍റെ കണ്ണില്‍ ഇരയുടെ ദൈന്യത ഉണ്ടോ?......ഇവനെന്താ പണി പകുതിക്ക് നിര്‍ത്തിയിട്ടു പോയത്?ദൈവമേ ഈ മനോരാജ്യ ഭൂമികയില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ ചീഞ്ഞളിഞ്ഞു പുഴുത്ത് നാറാനാണോ എന്‍റെ വിധി?

             "  ഒന്ന്‍ കൊന്നിട്ട് പോടാ "

Related Posts Plugin for WordPress, Blogger...