Oct 22, 2012

പുഴമുഖങ്ങൾ

 വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷം ഈ പുഴക്കരയില്‍ വന്നു നില്‍കുമ്പോള്‍ എന്തോഴുക്കാണ് മനസ്സിന്.
                                               കരുവന്നൂർ പുഴ ഹെർബെർട് കനാലുമായ് ചേരുന്ന പുഴമുഖം.കോൾ നിലങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ബ്രിട്ടീഷുകാരുടെ കാലത്ത് സർ വില്ല്യം ഹെർബെർട് എന്ന എഞ്ചിനിയറുടെ നെതൃത്തത്തിൽ പണിത കനാൽ.ശക്തമായ ഒഴുക്ക് കുറക്കുവാൻ കനാലിന്റെ മധ്യത്തിൽ കമാൻ എന്ന് വിളിക്കുന്ന  കരിങ്കൽ ഭിത്തി.പെട്ടെന്ന് വെട്ടിത്തിരിയുന്ന പുഴ ഈ കമാനിൽ ഇടിച്ച് വശങ്ങളിലേക്ക് പിരിയുന്നതും ഒഴുക്ക്, ചുഴികളായി ഒടുങ്ങുന്നതും രസമുള്ള കാഴ്ചയാണു.പേടിപ്പെടുത്തുന്ന ഒഴുക്കാണു പുഴക്ക് മഴക്കാലത്ത്.കുട്ടികൾ കമാനിൽ കയറി നിന്ന് ആർത്തലക്കുന്ന ഒഴുക്കിലേക്ക് സ്വയം എടുത്തെറിയും.ഒഴുക്കിൽ മീറ്ററുകളോളം ഒലിച്ചു പോയി ഒരുവിധത്തിൽ കരയിൽ പൊത്തിപ്പിടിച്ചു കയറി വീണ്ടും കമാന്റെ മുകളിലേക്ക്.കുട്ടിക്കലത്തെ ഒരിക്കലും മതിവരാത്ത മഴക്കാല വിനോദമായിരുന്നു ഇത് .മഴക്കാലത്ത് മുതിര്‍ന്നവര്‍ ഒഴുക്കില്‍ വലകെട്ടിയും ചൂണ്ട എറിഞ്ഞും കുരുത്തി എന്നു വിളിക്കുന്ന മുളയുടെ കുട്ട കെട്ടിയും മീന്‍ പിടിക്കുന്നു .ആദ്യമായി ചൂണ്ടയിട്ട് മീന്‍ പിടിച്ചതിന്റെ ആഘോഷം ഇന്നും ഓര്‍മകളിലേക്ക്  ഇടയ്ക്കിടെ വിരുന്നെത്താറുണ്ട്.
           പുഴയിലെ കടത്തുകാരൻ ചേന്നുഞ്ഞി അന്നേ വയസ്സനായിരുന്നു.രാവിലെ മുതൽ വൈകുന്നേരം വരെ വഞ്ചി തുഴയുന്നതിന്റെ മടുപ്പ് മുഖത്തു നിന്ന് വായിച്ചെടുക്കാം.ലോകത്തോട് മുഴുവൻ ദ്വേഷ്യം.വഞ്ചി അക്കരെ ആണെങ്കിൽ ഇക്കരെ ഉള്ള യാത്രക്കാർ കൂക്കി വിളിക്കണം.എന്നാലു  ഇക്കരേക്ക് ആളുണ്ടെങ്കിലേ വഞ്ചിയെടുക്കൂ.പിന്നീട് ചേന്നുഞ്ഞിയെ   കൂട്ട് കൂടുവാനും വഞ്ചി തുഴയാനും ഉള്ള വഴികൾ ഞങ്ങൾ പഠിച്ചു.
        
           ചാടിത്തുള്ളുന്ന സൌന്ദര്യമാണു പുഴയിലെ മഴക്ക്.മഴയുടെ മാറുന്ന താളഭേദങ്ങള്‍ക്ക് അനുസരിച്ച്  നടോടിയായും മോഹിനിയായും കണ്ണകിയായും പുഴയില്‍ വിരിയുന്ന  നൃത്തച്ചുവടുകളുടെ പെരുംകളിയാട്ടങ്ങള്‍.മഴയിൽ കുളിക്കുമ്പോൾ പുഴയിൽ കുളിക്കുന്നതിന്റെ സുഖം എഴുത്തിനു വഴങ്ങില്ല.ഒന്നു മുങ്ങിനിവരുമ്പോഴേക്കും കണ്ണുകൾ ചുവക്കും..,ചൊറിയാൻ തുടങ്ങും.അതൊന്നും വാതു വെച്ച് അക്കരേക്കും തിരിച്ചിങ്ങോട്ടും നീന്തുവാൻ ഞങ്ങള്‍ക്ക് തടസ്സം ആയിരുന്നില്ല. കരയിൽനിന്നും പുഴയിലേക്ക് മുതലക്കുത്തും കരണം മറിച്ചിലുകളും നടത്തുന്നതിൽ മിടുക്ക് ഉള്ളവർ ആയിരുന്നു ഞങ്ങളുടേ ഹീറൊ.
                 വേനലിൽ പുഴ മെലിയുന്നു .ആഴങ്ങളില്‍ ഭൂതങ്ങള്‍ കോട്ട കെട്ടി പാര്‍ത്തിരുന്നത് എന്നു ഞങ്ങള്‍ വിശ്വസിച്ചിരുന്ന പുഴയുടെ ഉൾത്തടങ്ങളിൽ പാറക്കെട്ടുകള്‍ തെളിയുന്നു.മറുകരയിലേക്ക് ഇറങ്ങിനടക്കാവുന്ന രീതിയിൽ മെലിഞ്ഞുണങ്ങുന്ന വേനലുകൾ.ഞങ്ങൾ കടത്തു തോണിയെയും ചേന്നുഞ്ഞിയേയും മറക്കുന്നു.കുട്ടികൾക്ക് വിയർപ്പ് നാറാന്‍ തുടങ്ങുന്നു.
              പിന്നീട് ഇത്ര വലിയ പുഴയോ എന്ന് അന്ധാളിച്ച് നിന്നത് ആദ്യമായി കടൽ കണ്ടപ്പോളാണു.വിസ്മയം മാറിക്കിട്ടുവാൻ സമയമെടുത്തു.പിന്നെ പിൻ വാങ്ങുന്ന തിരകളിലേക്ക് പതിയെ ഇറങ്ങി നിന്നു.കാലിന്നടിയിൽ നിന്നും മണ്ണ് ഒലിച്ചിറങ്ങുന്നതിന്റെ വേഗം അറിഞ്ഞു.തിരയിൽ കളിക്കുന്ന കുട്ടികൾ.വലിയ പ്ലാസ്റ്റിക് കുപ്പികൾ കടലിലെറിഞ്ഞ് തിര കൊണ്ടുവരുന്നത് നോക്കി വിസ്മയത്തോടെ കാത്തുനില്കുന്നു.എത്ര വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ഓർമകൾ.
കടലില്‍  കളികുന്നതിന്‍റെയും  പുഴയില്‍ കുളിക്കുന്നതിന്‍റെയും അനുഭവങ്ങള്‍ വ്യത്യസ്തങ്ങളാണ്.കടലില്‍ തിരയെഴുതുന്ന നിയമങ്ങളാണ് കളിക്ക്.തിരയില്‍ നനഞ്ഞു കുതിരാം,തിര തൊടാന്‍ വരുമ്പോള്‍ ഓടി ഒഴിയുന്ന കിളിമാസ് കളിക്കാം,നീന്തലറിയുന്നവന് ഒന്നില്‍ നിന്ന്‍ മറ്റൊരു തിരയിലേക്ക് നീന്തിക്കളിക്കാം,പൂഴി മണലില്‍ കയറിയിരുന്ന്‍ തിരകളെണ്ണം .അകം കുഴിഞ്ഞ് പുറം പിളര്‍ന്ന്‍ കരയിലേക്ക് ചിരിച്ചുവീഴുന്ന തിരകളുടെ ഭംഗിയില്‍ മുഴുകാം.അകലങ്ങളില്‍ നിസ്സംഗതയോടെ കടലിലേക്ക് ഇറങ്ങിപ്പോകുന്ന ചുവന്ന ചന്ദ്രനെ നോക്കി നെടുവെര്‍പിടം.കാഴ്ചകളില്‍ നിറയുന്നതിന്റെ സുഖമാണ്‌ കടലിന്.
പുഴയില്‍ നമ്മള്‍ നിശ്ചയിക്കുന്നതാണ് നിയമങ്ങള്‍.ആര്‍ത്തലച്ച് വീഴാം ,മുങ്ങാംകുഴിയിടം ,പുഴ മുറിച്ചു നീന്താം,അറിയാത്തആഴങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങഅം,ഉള്ളില്‍ അമര്‍ന്നു രമിക്കുന്നതിന്റെ സുഖമാണ് പുഴക്ക്.
പിന്നീട് ഹോസ്റ്റലിലേക്ക് മാറേണ്ടി വന്നപ്പോഴാണ് പുഴയെ മറന്നത് .ബക്കറ്റ് വെള്ളത്തില്‍ എന്തെ തിരയടിക്കാത്തേ എന്ന സംശയം അന്ന് തോന്നിയതുമില്ല.ഇടക്ക് വീടിലെത്തുമ്പോള്‍ പുഴയെ ഒന്നെത്തിനോക്കി തിരിഞ്ഞു നടക്കും .
  വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷംഓര്‍മകളുടെ ഈ കരയില്‍ നില്‍കുമ്പോള്‍ എന്തോഴുക്കാണ് പുഴക്ക്
കുറെ  നേരം അനങ്ങാതെ നിന്നു.ഉള്ളില്‍ പുഴ വന്നു നിറഞ്ഞു .ഓര്‍മകള്‍ക്ക് കാറ്റ് പിടിച്ചു.വെള്ളത്തിലേക്ക് ഇറങ്ങി നിന്നപ്പോള്‍ പുഴ ക്ഷണിച്ചു.ഒന്നിറങ്ങിയാലോ,ഒന്ന് കുളിച്ചുകയറിയാലോ .തോര്‍ത്തുടുത്ത് ,ഒന്ന് മുങ്ങിക്കയറി സോപ്പ്തേച്ച് ,മുഖത്ത് സോപ്പ്പത കൊണ്ട് മുഖംമൂടിയുണ്ടാക്കി കണ്ണുകള്‍ ഇറുക്കിയടച്ചു പുഴയിലേക്ക് ഒറ്റച്ചാട്ടം ചാടിയാലോ.അതോ ഒരു പുഴയില്‍ ആര്‍ക്കും രണ്ടുതവണ കുളിക്കാന്‍ ആവില്ലെന്നാണോ .ഒന്നുമുങ്ങിനിവരുംപോഴേക്കും മാറിപ്പോകുന്നത് പുഴയാണോ അതോ നമ്മള്‍ തന്നെയോ.


ഇപ്പോള്‍ ,നിങ്ങള്‍ എന്താണ് ആലോചികുന്നത് ?
 സച്ചു ഇടയ്ക്കിടെ പറയാറുള്ളത് തന്നെയോ?
"ഈ ഉപ്പാന്റൊരു കാര്യം"







No comments:

Post a Comment

Related Posts Plugin for WordPress, Blogger...