Oct 21, 2012

ചില പിൻ നിര ചിന്തകൾ


സമർപണം;       പിൻബെഞ്ചിലിരുന്ന്  “ പാഠം പഠിച്ച” എന്റെ നോൺ ക്രീമിലെയർ കൂട്ടുകാർക്ക്
ക്ഷമാപണം;     മുൻ നിരക്കാരായ മിടുക്കന്മരോട്
നിയമപ്രകാരമുള്ള മുന്നറിയിപ്പ്;     പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം


10 വരെ മുൻബഞ്ചിലിരികുകയും അതിന്റെ മടൂപ്പുകളും മണ്ണാങ്കട്ടകളും അനുഭവിക്കുകയും ചെയ്തു പഠിച്ച ഒരാൾക് പ്രീഡിഗ്രിയോടെ പിൻബഞ്ചിലേക്ക്  പ്രൊമോഷൻ കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും? മുട്ട വിരിഞ്ഞിറങ്ങിയ കോഴികുഞ്ഞിന്റെതു പോലുള്ള അങ്കലാപ്പ്.പുറത്തെ ലോകം ഇത്ര വലുതായിരുണൊ  എന്ന   വേവലാതി .
          മുന്നിലിരിക്കുന്നവർക് പിൻബഞ്ചിന്റെ സുഖങ്ങൾ അറിയില്ല .ക്ളാസ്സിൽ എന്താണു നടക്കുന്നത് എന്നു തന്നെ അവർ അറിയുന്നില്ല.നോട്ടകളുടെയും പുസ്തകങ്ങ‍ൂളുടെയും എഴുതി എടുക്കലുകളുടെയും ലോകത്താണവർ.  കൂട്ടിനു, ഫസ്റ്റാമതായി ഉത്തരം പറയാനുള്ള ഉൽസാഹങ്ങളും ആവേശവും.മുൻബെഞ്ചുകാർക്ക് നഷ്ടപ്പെടുന്നത് എന്തൊക്കെയാണു?.....
          ബാക്ക് ബെഞ്ചിലിരിക്കുന്നവരുടെ ഊർജ സ്രോതസ്സുകൾ നാനാവിധമാണു--ബാക്ക് ബെഞ്ചിൽ നിന്നു തന്നെ ഒഴുകുന്ന ഫലിതങ്ങൾ,വിനോദങ്ങൾ,ബാക്ക് ബെഞ്ചിനെ വെറുക്കുന്ന സാറമ്മാർ കാണാതെ  നടത്തുന്ന ജാലവിദ്യകൾ, വാമൊഴിവഴക്കങ്ങൾ, ശൈലികൾ, ശൈലീഭേദങ്ങൾ, കൈയെഴുത്തായും പ്രിന്റായും പ്രചരിക്കുന്ന പലതരത്തിലുള്ള മാസികകൾ,  വശങ്ങളിലും മുന്നിലുമിരിക്കുന്ന പെങ്കുട്ടികൾ-- ബാക്ക് ബെഞ്ചുകാരനെ കാത്തിരിക്കുന്നത് വറ്റാത്ത ഊർജനിലയങ്ങൾ.
                  ബാക്ക് ബെഞ്ചുകാരന്റെ സാധ്യതകളും അപാരമാണു .ഉറങ്ങാം,പാരഡികൾ ഉണ്ടാക്കം,കവിത എഴുതാം,പുറം തിരിഞ്ഞു നില്കുന്ന സാറമ്മാർ കാണാതെ ജനലിലൂടെ പുറത്തിറങ്ങാം. അവർക്ക്  ടെൻഷനുകൾ ഇല്ല .സാറമ്മാർ എടുക്കുന്ന പാഠങ്ങൾ മനസ്സിലായില്ല എന്ന വേവലാതിയില്ല.പരീക്ഷകള്‍ തല്കാലം അവരെ അലട്ടുന്നില്ല.
ഇവിടെ ആഘോഷങ്ങൾ ഒഴിയുന്നില്ല,സമ്മർദ്ദങ്ങളുമില്ല.നമ്മൾ ആരുടെയും പെറ്റ് അല്ല.ആരും നമ്മളെ കാര്യമയി എടുക്കുന്നു തന്നെയില്ല.അറിയാത്ത കുട്ടി പരീക്ഷ അടുക്കുമ്പോൾ ചൊറിയും എന്ന ഒരു ചിരി ആരുടെയെങ്കിലും മുഖത്തുണ്ടെങ്കിൽ നമുക്ക് എന്താണു ചേതം?
ബാക്ക് ബെഞ്ചിനെ കുറിച്ച് പിന്നീട് ഓർമിക്കൻ എപ്പോഴും എന്തെങ്കിലും ഉണ്ടാകും.കൊച്ചു കൊച്ചു പാരകൾ,പിണക്കങ്ങൾ കഥകൾ,കഥയില്ലയ്മകൾ,തുണ്ടുകൾ,തോണ്ടലുകൾ,politics  ante politics അവിടെ എപ്പോഴും എന്തെങ്കിലുമൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
     “ ഒരിക്കലെങ്കിലും ഒരു  ഫ്ലാഷില്‍  കുളീച്ചിട്ടില്ലാത്തവർ
      ഒരു ആൾകൂട്ട ഫോട്ടോയിലെങ്കിലും മുഖം കാണിച്ചിട്ടില്ലത്തവർ
      അവർ ജനിച്ചിട്ടേ ഇല്ലത്തതിനു തുല്ല്യം
      അവരുടെ ജന്മം അരൂപ തിമിര വിസ്താരം“
എന്നു പറഞ്ഞത് കെ ജി എസ് ആണു.
ഒരിക്കലെങ്കിലും ബാക്ക് ബെഞ്ചിലിരുന്നിട്ടില്ലാത്തവരൊ,  ഒരു പിന്നാമ്പുറ വിപ്ളവത്തിലെങ്കിലും പങ്കെടുത്തിട്ടില്ലാത്തവരൊ?  ആ.....   ആർക്കറിയാം?
പക്ഷെ പരീക്ഷക്കാലത്തു തന്നെയാണു ബാക് ബെഞ്ചുകാർ ഉറക്കമുണരുന്നത്.എഴുതിത്തീർക്കാത്ത അസൈന്മെന്റുകൾ,വരച്ചുതീർക്കാത്ത റെകോർഡുകൾ,എഴുതി എടുക്കാത്ത class note കൾ, photostat പേജിൽ  നിന്നു അന്യ നാട്ടുകാരെപോലെ തുറിച്ചു നോക്കുന്ന ഒരിക്കലും പിടി തരാത്ത അക്ഷരങ്ങൾ,നനഞ്ഞ ബീഡിക്കുറ്റി പോൽ ദിനാന്ത്യങ്ങൾ,കലങ്ങിയൊഴുകുന്ന പാനീയങ്ങളിൽ തലതല്ലിയുറങ്ങുന്ന രാത്രികൾ,സ്വപ്നത്തിൽ പരസ്പരം കെട്ടുപിണഞ്ഞു പോകുന്ന,   വേർപിരിച്ചെടുക്കാൻ പറ്റാത്ത സൂത്രഭാഷകൾ.. .HPVALLIMPP യാണൊ അതൊ  HTVALLIMTT  യൊ .....ശ്ശേ........
            .പിന്നെ  ഉള്ളതു course  drop ചെയ്യാം എന്ന സമാധാനമാണ്.അടുത്ത പരീക്ഷക്ക് പടിക്കാം.ഒന്നുറങ്ങി എണീറ്റിട്ടാവം.ഒരു ച്ചായ കുടിച്ചിട്ടാവാം.ഒറ്റക്ക് കുടിക്കുന്ന ചായയിലൂടെയും പങ്കിട്ട് വലിക്കുന്ന ബീഡീകുറ്റിയിലൂടേയും തുറന്നുവരുന്ന തുല്ല്യ സപ്ലിതരുടെ  പുതിയ കൂട്ട്കെട്ടുകൾ .കുറച്ചു കാലത്തെക്കെങ്കിലും politics നും സീനിയര്‍ ജൂനിയര്‍ വ്യത്യാസങ്ങള്‍ക്കും അപ്പുറമുള്ള mix up കളും crossing over കളും.
കൂടെ ഇരുന്ന് പഠിച്ചവൻ കൂടുതൽ മാർക്ക് നേടിയാലൊ?അസൂയയും അതിനേക്കാളേറെ സംശയവും.  ഒന്നുറപ്പിച്ചു,  ഈ “ചതിയനു‘മായുള്ള combined study നിറുത്തി. അടുത്ത പരീക്ഷക്ക് കൂടുതൽ ”വിശ്വസ്ഥൻ“ആയ ഒരാളെ നാം കണ്ടെത്തുന്നു.
     course drop  ചെയ്യുന്നതിന്റെയും register ചെയ്യുന്നതിന്റെയും exam calendar ഫിക്സ് ചെയ്യിക്കുന്നതിന്റെയും ”ശാസ്ത്രീയതകൾ“ വശമുള്ള പുതിയ കൂട്ടം വിദഗ്ധർ ഈ സമയത്താണു ഇവിടെ പ്രവേശനം ചെയ്യുന്നത്.   ( if we don't put a date put will put a date  എന്നതു ബാക്ക് ബെഞ്ചിൽ മാത്രം പ്രചാരമുള്ള ഒരു ഫലിതമാകുന്നു).
    ബാക് ബെഞ്ചിലേക്ക് പെയ്തിറങ്ങുന്ന ഇത്തരം പരീക്ഷാ ദുരിതങ്ങൾക്ക് ഒരു മഴയുടെ ഛായയുണ്ട്.  ആദ്യമൊരു ചാറ്റൽ മഴപോലെ (അല്ലെങ്കിൽ quiz പോലെ). നമ്മൾ കാര്യമാക്കുന്നില്ല. അത് പെട്ടെന്ന് തോരും. നമ്മൾ മുഖം തുടച്ച് മുടിയൊതുക്കി നടത്തം തുടങ്ങുമ്പോഴേക്കും അതു വീണ്ടും പെയ്തു തുടങ്ങുന്നു. ചന്നം പിന്നം തുടങ്ങി കുറച്ചുനേരം അങ്ങനെ തന്നെ നിന്ന് പെട്ടെന്ന് ഓർക്കാപ്പുറത്ത് ഒറ്റ പെയ്ത്ത്.  midterm ,practical,final  പിന്നെ ഇടിമിന്നൽ പോലെ viva . യും .   നമ്മൾ നനഞ്ഞു കുളിച്ചു ,  തോറ്റു തൊപ്പിയിട്ടു .ഇവമ്മാരുടെ വായിൽ നിന്നും ഒരു ശരിയുത്തരമെങ്കിലും വീണുകിട്ടിയിട്ട് viva അവസാനിപ്പിക്കാം എന്ന് വാശി പിടിക്കുന്ന ചില സാറമ്മാർ ഉണ്ട്---കുഴഞ്ഞത് തന്നെ. midterm ഉം  quiz ഉം final ഉം attendanceഉം ഇല്ലായിരുന്നെങ്കിൽ കാമ്പസ് എത്ര മനോഹരമായിരുന്നെനെ ....  
           ഇടുക്കിയിൽ പണ്ട് ഒരു നാല്പതാം നമ്പർമഴ പെയ്യാറുണ്ടായിരുന്നുവത്ര.നാല്പതാം  നമ്പർ മുണ്ടിന്റെ പാവു പോലെ കനം കുറഞ്ഞ നേർത്തനൂലു പോലെ പെയ്തിറങ്ങുന്ന മഴ.അതു തോരാതെ മൂന്നോ നാലോ ദിവസം അങ്ങനെ നിന്നു പെയ്യും.  supply യും  repeat ഉം എടുത്തവരുടെ സ്ഥിതിയും ഇതു തന്നെ.  നിന്ന നില്പിൽ ദിവസങ്ങളോളം തോരാതെ പെയ്യുന്ന മഴ..............ശല്ല്യം.
                     ദുരിതച്ചാലുകൾ നീന്തിക്കയറി,പരീക്ഷകളും പരീക്ഷണങ്ങളും അവസാനിച്ച് പുറത്തിറങ്ങിയാലൊ ?  അവിടെയും ഒഴിഞ്ഞു കിടപ്പുണ്ടൊ പിൻ നിരയിൽ ചില ബെഞ്ചുകൾ ?


               “ ഫോട്ടൊ എടുത്തെടുത്ത് തന്റെ മുഖം തേഞ്ഞുപോയി” എന്ന്   വിഷാദിക്കുന്നത് ആരാണു ?
    
 

       


No comments:

Post a Comment

Related Posts Plugin for WordPress, Blogger...