Apr 30, 2014

പ്രിയ സഖാവിന്

ഒരു ബീഡി താ സഖാവേയെന്ന്‍
ഇനിയുമെന്നോട് കലമ്പരുത്.
ആദ്യത്തെ വളവില്‍ നിനക്കത്
ഞരടിക്കളയാനുള്ളതാണെന്നെനിക്കറിയാം.
നീയതെന്നേ നിറുത്തിയതാണ്,ഞാനും.
പഴയ മുദ്രാവാക്യങ്ങളിനിയും വിളിക്കരുത്.
ഉള്ളിലെ തീയണഞ്ഞാല്‍ പൊള്ളയാവും
ചോരച്ചാലുകളും തൂക്കുമരങ്ങളും.
ചിലപ്പോള്‍ കേട്ടുനില്‍ക്കാന്‍ പോലുമാവില്ല.
ഇന്നീ യാത്രയില്‍ നമ്മള്‍
ബലികുടീരങ്ങളേയെന്ന്‍ പാടിപ്പതയില്ല.
നെറികേടു കൊണ്ടൊരു സ്മാരകം
അവര്‍ക്ക് നാമെന്നേ തീര്‍ത്തതാണ്.
ചോരയിറ്റും വാക്കുകള്‍ നാമെന്നേ കൈവിട്ടതാണ്.
ഇനിയൊരു കുടിലും നമുക്കായ് തുറക്കില്ല.
ഹൃദയങ്ങള്‍ കൊണ്ട് തുറന്നയിടങ്ങളില്‍ നിന്നും
നമ്മുടെ സ്വകാര്യങ്ങളിലേക്ക് എന്നേയിറങ്ങിപ്പോന്നതാണ്.
സഖാവേയെന്നന്യോന്യം ഇനി നാം വിളിക്കില്ല
'ബ്രോ'യെന്ന് കുട്ടികള്‍ വിളിക്കുന്നതിനേക്കാള്‍
ചവര്‍പ്പുണ്ട് ഇന്നാ വിളിക്ക്.
മിസ്റ്റര്‍ സുധാകരന്‍ ,ഞാനിറങ്ങുന്നു
ഇനി നമ്മള്‍ കാണില്ല
നമുക്കിടയില്‍ വിറയാര്‍ന്നു നിന്ന കാലത്തെ
ഇനിയൊന്നു കൊണ്ടും തിരിച്ചെടുക്കാനാവില്ല.
ഒന്നിച്ചു പങ്കിട്ട സ്വപ്നങ്ങളും
പഴയ സഖാത്വത്തിന്നുഷ്ണവും പറഞ്ഞ്
ഇനിയുമെന്നെ തേടി വരരുത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...