Aug 25, 2013

അച്ഛന്‍

ബസിറങ്ങി ഓട്ടോ പിടിച്ചെത്തിയ അച്ഛന്‍

വീട്ടുപടിക്കലിറങ്ങിയില്ല.

മുന്നോട്ട് നീങ്ങി മാറിനിന്ന

വണ്ടിയിൽ നിന്ന്

കിതപ്പോടെ ഒരു വാക്കിറങ്ങിവന്ന്

അടുക്കളയിൽ മീൻ മുറിച്ചിരുന്ന

അശ്വതിയുടെ ചുമലിൽ തൊട്ടു.


‘സുഖമാണോ? തടിച്ചു പോയല്ലോ

കുറച്ച്ചുനാളായ്  ഈ യാത്രക്ക്  ഞാനെന്നെത്തന്നെ .....

മനസ്സിനെ  ജഡമാക്കുന്നു.

 

താനിറങ്ങിയതേ കിടന്നുപോയ അമ്മയിപ്പോൾ

നടന്നു തുടങ്ങി.

അച്ചുവേയെന്ന് കൂടെക്കൂടെ

വിളിക്കുന്നത് നിർത്തി.


പകുതിയിൽ പഠിപ്പുനിർത്തിയഅനുവിനു 

ഒടുവില്‍  എല്ലാമറിഞ്ഞുമൊരാൾ വന്നു.


നമ്മുടെ

പഴയ വീട്ടിലിപ്പോൾ

മാറാല തൂത്തും

എലികൾക്ക് വിഷം വെച്ചും

ചില്ലിട്ട ഫോട്ടോകളിൽ നിന്ന്  പൊടിതുടച്ചും

ഓര്‍മ്മകള്‍  ചിതല്‍ തിന്നാതെ ക്ലേശിച്ചും

രണ്ടുടലുകൾ.

വേച്ച്.... വേച്ച്....

വെച്ചിട്ടും....വെക്കാതെയും...

മിണ്ടിയും....മിണ്ടാതെയും....

താനിപ്പോൾ മീന്മുറിക്കുവാനും

വീട് നടത്തുവാനും ...’

 

വാക്കു മുറിഞ്ഞു.

പൊടുന്നനെയിറങ്ങിയപ്പോൾ

ചവിട്ടുപടികളിൽ രണ്ടുവട്ടം വേച്ചു.

തിരിഞ്ഞു നോക്കാതെ

ഒന്ന് കൈ വീശാതെ

വണ്ടിയിൽ ചെന്നിരുന്നു.



ചുമരിൽ ചാരിവെച്ചിരുന്ന ഊന്നുവടിപോലെ

ഒരാള്‍രൂപം മുറ്റത്തേക്ക് വഴുതി വീണു.







No comments:

Post a Comment

Related Posts Plugin for WordPress, Blogger...