Showing posts with label മകന്‍. Show all posts
Showing posts with label മകന്‍. Show all posts

Apr 7, 2014

അമ്മ

ചെന്നെത്തിയാലുടന്‍ വിളിക്കണം
അമ്മയിവിടെ കാത്തിരിപ്പുണ്ടാവും
ആളുകള്‍ എല്ലാതരത്തിലുമുണ്ട്
ഒന്നിലും പെട്ടുപോവരുത്

വേണ്ടാത്തതും വയറ്റില്‍ പിടിക്കാത്തതും
വാങ്ങിക്കഴിക്കരുത്
കുറച്ചിത്തിരി ബുദ്ധിമുട്ടിയാലും 
നല്ലതു പറയിക്കണം.
അമ്മേം അനുജത്തിയേമോര്‍ക്കണം 
എന്തുണ്ടേലുമറിയിക്കണം.

ഒറ്റക്കാണ്‌ ഞങ്ങള്‍ അവിടെ നീയും
നന്നായി പഠിക്കണം .



                                                                           

ഞങ്ങളിറങ്ങട്ടെ വണ്ടിയെടുക്കാറായി
ഒന്നുമില്ല കണ്ണിലെന്തോ തടയുന്നു

ചേട്ടാ വിളിക്കണം
അമ്മയുറങ്ങാതിരിക്കും
കണ്ണിലെയിരുള്‍ കഴുകിത്തുടച്ച്
കരളിലെ കനലൂതിക്കെടുത്തി
പെരുംകാറ്റിലിളകുന്നത് കരിയിലയോ
നിന്റെ തളര്‍ന്ന പാദങ്ങളോയേന്ന്‍ കാതോര്‍ത്തു
വഴിക്കണ്ണുമായ് മടിയില്‍ മയങ്ങിപ്പോയ
പെങ്ങളെയിറക്കിക്കിടത്തി
അമ്മയിരിപ്പുണ്ടാവും

കാലം തഴമ്പിച്ചൊരൊച്ചയില്‍
"അമ്മേ" യെന്നു നിന്നൊറ്റ വിളിയില്‍ തുളുമ്പുവാന്‍

Oct 29, 2013

അധിനിവേശം

തണുപ്പ്,
വില്പനക്കാരന്‍റെ ഭവനസന്ദര്‍ശനം പോലെവീട്ടുകാരിക്ക് മുഷിയുന്നതും 

ഉലത്തുവാന്‍ വെച്ചത് കരിയുന്നുവോയെ
ന്നിടയ്ക്കിടെയെത്തിനോക്കുന്നതും 


കാണാതെ ഭാണ്ടമഴിക്കുന്നു.




പകര്‍ന്നുവെച്ച വെളിച്ചെണ്ണ 
വെണ്ണപോലുറയുന്നു
രാവില്‍  പുളിചേര്‍ത്തുവെച്ച മാവിനെ 
പൊങ്ങാന്‍ വിടാതെ പിടിക്കുന്നു .


ചിലപ്പോള്‍ പാതിരാവില്‍
നിലാവറിയുന്ന കാമുകനെപോലെ
വീടകമറിയുന്ന കള്ളനെപോലെ
പൂച്ചയ്ക്ക്   മണികെട്ടാനിറങ്ങിയ
കുഞ്ഞനെലിപോലൊച്ചയില്ലാതെ 
അടച്ചിട്ട വാതില്‍ പഴുതിലൂടൊഴുകിനിറയുന്നു.

മകന്റെ കുറുകുന്ന തൊണ്ടയൊരു
പൊള്ളുന്ന  ചുംബനം കൊണ്ടടയ്ക്കുന്നു.
എത്രക്കാഞ്ഞുവലിച്ചിട്ടും 
നെഞ്ച് തള്ളിപ്പിടഞ്ഞിട്ടും
പിടിതരാതൊരേക്കമായ് വഴുതുന്നു വായു.
ആശുപത്രിയില്‍  നെബുലേസറില്‍
മരുന്നുമാവിയും കലരും നുരപ്രസാദം.
സിരകളില്‍ അലിവോടലിയുന്നു
നിര്‍ഗുണന്‍ നിരാകാരന്‍ നിരാമയന്‍ പ്രാണന്‍

വീട്ടിലേക്കുള്ള വഴിയില്‍ സുഖശാന്തമായ്
ആയാസരഹിതമായ് ശ്വസിക്കവേ
ഒരിറക്ക് ശ്വാസത്തിനെന്ത് വിലയായെന്ന്‍ നീ.


അധികമൊന്നുമായില്ലുറങ്ങുക ,
ഒന്ന് പിടിവിട്ടുപോയാല്‍ തീര്‍ന്നെന്നു പേടിച്ചും
പ്രാണനോടേറ്റംപ്രിയത്താല്‍ നടത്തിയ പോരിനോളമില്ല
ഞാനുറക്കം കളഞ്ഞുവോ നിങ്ങടെ,യെന്നു
നിന്നിളംനെഞ്ചു വേവും നീറ്റലോളമില്ല
ഒന്നുമറിയാതുറങ്ങുമുണ്ണിക്കൊപ്പം
തനിച്ചാക്കിനാം  പോന്നോരമ്മതന്‍ 
നെഞ്ചുപുകയും കനല്‍ചൂടോളമില്ല.

വീടെത്തുന്നു സുഖമായുറങ്ങുക.

 നോക്കൂ അടച്ചുവെക്കാന്‍ മറന്നു
നാമിന്നലെ പോന്ന,യീ സൂര്യകാന്തിയെണ്ണ,
തണുപ്പിതിനെ തോട്ടതേയില്ലെന്ന്‍ നീ.

ഇനിയൊരു നിറകണ്‍ ചിരിയെടുത്തണിയാം.
പൊഴിയാതണച്ചുപിടിച്ചൊരു 
മിഴിനീര്‍മറയുവാ,നെല്ലാം മറക്കുവാന്‍.

ഇനിയുറങ്ങുക ശാന്തമായുറങ്ങുക


 

Related Posts Plugin for WordPress, Blogger...