തണുപ്പ്,
വില്പനക്കാരന്‍റെ ഭവനസന്ദര്‍ശനം പോലെവീട്ടുകാരിക്ക് മുഷിയുന്നതും
ഉലത്തുവാന്‍ വെച്ചത് കരിയുന്നുവോയെ
ന്നിടയ്ക്കിടെയെത്തിനോക്കുന്നതും

പകര്‍ന്നുവെച്ച വെളിച്ചെണ്ണ
വെണ്ണപോലുറയുന്നു
രാവില്‍ പുളിചേര്‍ത്തുവെച്ച മാവിനെ
പൊങ്ങാന്‍ വിടാതെ പിടിക്കുന്നു .
ചിലപ്പോള്‍ പാതിരാവില്‍
ചിലപ്പോള്‍ പാതിരാവില്‍
നിലാവറിയുന്ന കാമുകനെപോലെ
വീടകമറിയുന്ന കള്ളനെപോലെ
പൂച്ചയ്ക്ക് മണികെട്ടാനിറങ്ങിയ
കുഞ്ഞനെലിപോലൊച്ചയില്ലാതെ
അടച്ചിട്ട വാതില്‍ പഴുതിലൂടൊഴുകിനിറയുന്നു.
മകന്റെ കുറുകുന്ന തൊണ്ടയൊരു
പൊള്ളുന്ന ചുംബനം കൊണ്ടടയ്ക്കുന്നു.
എത്രക്കാഞ്ഞുവലിച്ചിട്ടും
നെഞ്ച് തള്ളിപ്പിടഞ്ഞിട്ടും
പിടിതരാതൊരേക്കമായ് വഴുതുന്നു വായു.
ആശുപത്രിയില്‍ നെബുലേസറില്‍
മരുന്നുമാവിയും കലരും നുരപ്രസാദം.
സിരകളില്‍ അലിവോടലിയുന്നു
നിര്‍ഗുണന്‍ നിരാകാരന്‍ നിരാമയന്‍ പ്രാണന്‍
വീട്ടിലേക്കുള്ള വഴിയില്‍ സുഖശാന്തമായ്
ആയാസരഹിതമായ് ശ്വസിക്കവേ
ഒരിറക്ക് ശ്വാസത്തിനെന്ത് വിലയായെന്ന്‍ നീ.
അധികമൊന്നുമായില്ലുറങ്ങുക ,
ഒന്ന് പിടിവിട്ടുപോയാല്‍ തീര്‍ന്നെന്നു പേടിച്ചും
പ്രാണനോടേറ്റംപ്രിയത്താല്‍ നടത്തിയ പോരിനോളമില്ല
ഞാനുറക്കം കളഞ്ഞുവോ നിങ്ങടെ,യെന്നു
നിന്നിളംനെഞ്ചു വേവും നീറ്റലോളമില്ല
ഒന്നുമറിയാതുറങ്ങുമുണ്ണിക്കൊപ്പം
തനിച്ചാക്കിനാം പോന്നോരമ്മതന്‍
നെഞ്ചുപുകയും കനല്‍ചൂടോളമില്ല.
വീടെത്തുന്നു സുഖമായുറങ്ങുക.
വീടെത്തുന്നു സുഖമായുറങ്ങുക.
നോക്കൂ അടച്ചുവെക്കാന്‍ മറന്നു
നാമിന്നലെ പോന്ന,യീ സൂര്യകാന്തിയെണ്ണ,
തണുപ്പിതിനെ തോട്ടതേയില്ലെന്ന്‍ നീ.
ഇനിയൊരു നിറകണ്‍ ചിരിയെടുത്തണിയാം.
പൊഴിയാതണച്ചുപിടിച്ചൊരു
മിഴിനീര്‍മറയുവാ,നെല്ലാം മറക്കുവാന്‍.
ഇനിയുറങ്ങുക ശാന്തമായുറങ്ങുക
No comments:
Post a Comment