ശ്രീമതി ഐശ്വര്യാറായ് ബച്ചന്‍റെ നാലാമത്തെ വിവാഹമായിരുന്നത്രേ അഭിഷേക് ബച്ചനുമായി നടന്നത്.അവരുടെ മറ്റു മൂന്ന് വിവാഹങ്ങളിൽ ഒന്ന് ഒരു അരയാലുമായിട്ടായിരുന്നു,മറ്റൊന്ന് ഒരു വാഴയുമായി .മൂന്നാമത്തെതാകട്ടെ അയോധ്യയിലെ ഒരു വൈഷ്ണവ വിഗ്രഹവുമായിട്ടും.അവരുടെ ജാതകത്തിലെ ചൊവ്വാദോഷം മൂലം ഭർത്താക്കന്മാർക്കുണ്ടാവാൻ ഇടയുള്ള ദോഷങ്ങൾ ഒഴിവാക്കാനാണത്രെ ഇങ്ങനെ ചെയ്തത്.ചൊവ്വാദോഷത്തിന്റെ പേരിൽ വിവാഹം മുടങ്ങുകയോ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കപെടുകയോ ചെയ്യപ്പെടുന്ന പെണ്ണുങ്ങൾ നമ്മുടെ നാട്ടിലും ധാരാളമുണ്ട് .ചൊവ്വാദോഷം മാറുവാൻ പെണ്‍കുട്ടികളെ മണ്‍പാത്രങ്ങളുമായി വിവാഹം നടത്തുകയും ശേഷം പാത്രം പൊട്ടിച്ചുകളയുകയും ചെയ്യുന്ന ഒരെർപാടുമുണ്ടത്രേ (കുംഭവിവാഹം). അവരുടെ " ഭർത്താവ് " അതോടെ മരിച്ചതായി കരുതുകയും അവരുടെ ചൊവ്വാദോഷം തീർന്നുകിട്ടുകയും ചെയ്യുന്നു എന്ന് വിശ്വാസം !!
ഐശ്വര്യറായിയെ പോലെ സെലിബ്രിറ്റി അല്ലാത്തവരും എന്തുവിലകൊടുത്തും പാപപരിഹാരം നടത്തുവാൻ ആവാത്തവരും അഭിഷേക്ബച്ചനെ പോലെ എന്ത് റിസ്കെടുക്കാനും മടിയില്ലാത്തവര്‍ വരിനില്ക്കാനില്ലാത്തവരും അച്ചനമ്മമാര്‍ക്ക് കനത്ത ഭാരമായി പുരനിരഞ്ഞിട്ടും പുരയില്‍ തന്നെ കെട്ടിയിടപ്പെടുന്നു.
ചൊവ്വയിലേക്ക് നമ്മുടെ അതിപ്രഗല്ഭരായ ശാസ്ത്രജ്ഞരുടെ നേതൃത്തത്തില്‍ "മംഗള്‍യാന്‍"എന്ന ചെറുകാറിനോളം വലിപ്പമുള്ള പേടകം വിക്ഷേപിക്കപ്പെട്ട് കഴിഞ്ഞു.അവരുടെ അതിസൂക്ഷ്മമായ കണക്കുകളും മുറതെറ്റാതെയുള്ള നാമജപങ്ങളും ഫലം കണ്ടാല്‍ 2014 സെപ്തംബര്‍ മാസത്തില്‍ അത് ചൊവ്വയിലേക്കുള്ള അതിന്റെ യഥാര്‍ത്ഥ യാത്ര തുടങ്ങും.
തിരുപ്പതി ക്ഷേത്രത്തിലെ പൂജയും മുഹൂര്‍ത്തനിര്‍ണയവും നടത്തി യാത്ര തുടങ്ങിയ മംഗള്‍യാന്‍ ചൊവ്വയിലെത്തുമ്പോഴെങ്കിലും ചൊവ്വാദോഷത്തിന്റെ പേരില്‍ നമ്മുടെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഒരു പരിഹാരമാകുമെന്ന്‍ പ്രത്യാശിക്കാം. കഴുത്തില്‍ മംഗല്യസൂത്രം വീഴുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്ന് കരുതുന്ന അവരുടെ കാത്തിരിപ്പുകള്‍ക്ക് ഒരു അവസാനമുണ്ടാകട്ടെ എന്ന്‍ തിരുമള്‍ദേവനോട് പ്രാര്‍ഥിക്കാം.
No comments:
Post a Comment