Showing posts with label ധ്യാനം. Show all posts
Showing posts with label ധ്യാനം. Show all posts

Nov 23, 2013

പൊട്ടന്‍ തെയ്യം



അടുക്കളയില്‍ ഒറ്റയാള്‍ കത്തുന്നു
ഉത്തരം മുട്ടുമാറുച്ചത്തില്‍ പുകപടര്‍ന്ന്‍നിന്‍
കണ്ണും മുഖവും നീറ്റിയ  പഴയ വീട്ടില്‍ ,
വിഷാദങ്ങള്‍വിയര്‍പ്പുകള്‍വിസര്‍ജ്യങ്ങള്‍ 
ഓരോയിടങ്ങളില്‍കുടഞ്ഞിട്ട്
 ശ്രദ്ധയോടോഴുക്കിക്കളഞ്ഞു നാം ശുദ്ധരാകും പുതിയ വീട്ടില്‍
അടുക്കളയില്‍ ..

ഉള്ള് കലങ്ങിച്ചുവന്നിത്തിരി പുളിപ്പ് തേട്ടുന്നു മിക്സിയില്‍ 
വിഴുപ്പലക്കിക്കുടഞ്ഞൊത്തിരി അഴുക്ക് തുപ്പിക്കിതക്കുന്നു യന്ത്രവും .

ഒന്നിച്ചിറങ്ങേണ്ടവര്‍ നമ്മള്‍
കുട്ടികളുറക്കച്ചടവില്‍ പുതപ്പില്‍
പല പല സ്വപ്നത്തിന്‍ ചുവട്ടില്‍ 
ആലസ്യത്തില്‍

ഞാനീയോഗാമാറ്റില്‍
ടെറസ്സില്‍ ബാല്‍ക്കണിത്തുറസ്സില്‍
പത്മാസനത്തില്‍ പ്രാണായാമക്കിതപ്പില്‍
ധ്യാനത്തില്‍ .


അടുക്കളയില്‍ ഒറ്റയാള്‍ തിളയ്ക്കുന്നു.

വരഞ്ഞുപ്പു ചേര്‍ത്ത മാംസമാവിയില്‍ വേവുന്നു കുക്കറില്‍
പകലിന്‍ നോവുണങ്ങിപ്പിടിക്കയാല്‍
വഴുക്കുന്നു പാത്രങ്ങള്‍ സോപ്പു പതയ്ക്കൊപ്പം 

ഒന്നിച്ച് തിരിച്ചെത്തിയോര്‍ നമ്മള്‍
കള്ളനും പോലീസുമായ് കാണാമറയങ്ങളില്‍
കളിത്തോക്കും വിചിത്രം മുഖച്ചാര്‍ത്തുമായ് മറയുന്നു കുട്ടികള്‍

ഞാനീ ചാനലിന്‍ കൊടുമ്പിരി ചര്‍ച്ചയില്‍ കണ്‍പാര്‍ത്ത്
നഗരാന്തരങ്ങളില്‍ വേട്ടക്ക് പോവതും
ഒരു മാന്‍കിടാവിനെ ചുമലേറ്റി മടങ്ങുവതും 
സ്വപ്നം കണ്ട് മയങ്ങുന്നു .

കിടപ്പുമുറിയില്‍ ഒറ്റയാളുരുകിവീഴുന്നു .


Related Posts Plugin for WordPress, Blogger...