Jan 24, 2015

സൈനബയെകുറിച്ച് രണ്ട് ബിനാലെ അടിക്കുറിപ്പുകള്‍

അങ്ങനെയിരിക്കെ ബിനാലെ കലാകാരന്‍
അഡ്രിയാന്‍ പദംസിക്ക് സൈനബയുടെ ദര്‍ശനമുണ്ടാവുകയും
കവിതപോല്‍ ദുരൂഹങ്ങളായ രണ്ടു അടിക്കുറിപ്പുകളോടെ
അവള്‍ ബിനാലേയുടെ ശില്പമാകുകയും ചെയ്തു.

അതുവായിക്കെ നാട്ടുകാര്‍ മോഹംഭംഗപ്പെടുകയും
ഇത്രകാലം തങ്ങളോടൊപ്പം  ജീവിച്ച സൈനബയെ ഓര്‍ത്ത്
അത് താനല്ലെയോ ഇത് എന്ന്
വര്‍ണ്ണ്യത്തിലാശങ്കയുള്ളവരാകുകയും ചെയ്തു.
...............................

ഇരുണ്ട മുഖമാണ് സൈനബക്ക്
നടക്കുമ്പോൾ കൈകൾ മുന്നോട്ടും പുറകോട്ടും 
വെറുതെ ആട്ടിക്കൊണ്ടിക്കിരിക്കും .
പരസ്യമായി ആരുമങ്ങനെ
അവളോട്  ചിരിക്കാറില്ല
 
എങ്കിലും അവളുടെ
അടഞ്ഞുകിടക്കുന്ന വാതിലിനു പുറത്തുനിന്ന്
അവര്‍ ഉറക്കെ ചുമയ്ക്കും
 ഉച്ചത്തിൽ കാർക്കിച്ചു  തുപ്പും.

ഹൈദ്രോസ് ഇറങ്ങിപ്പോയിട്ട് അപ്പോൾ 
ആറുമാസം തികയുന്നതേ ഉണ്ടായിരുന്നുളളൂ.
പുറപ്പെട്ടു പോവുമ്പോൾ
ഉപചാരവാക്കെന്തെന്കിലും 
പറയണമെന്ന് അയാൾക്ക് തോന്നിയതുമില്ല .

അല്ലെങ്കിലും അയാളെന്നും അങ്ങനെയായിരുന്നു .
എല്ലാ വൈകുന്നേരങ്ങളീലും മുണ്ട് മാടിക്കെട്ടി 
അവളുടെ പാവാടയുടെ ശലഭക്കെട്ടഴിച്ചിട്ട് 
നിന്ന് കിതക്കുമ്പോൾ 
എന്തെന്കിലും മിണ്ടണമെന്ന് അയാൾക്ക് തോന്നാറില്ല.

പിന്നീടാണ് ആളുകൾ അവരുടെടെ
കാത്തുനില്പ് ശീലമാക്കിയതും
ഉയർന്ന ഒച്ചയിൽ ചുമയ്ക്കാൻ തുടങ്ങിയതും.

 .......................................

 തുറന്നിട്ട വാതില്ക്കലിരിക്കുന്ന 
സൈനബയുടെ ഒന്നാമത്തെ ശില്പത്തിനുള്ള  അടിക്കുറിപ്പ് 
നമുക്കിങ്ങനെ വായിക്കാം 

"  സൈനബാ ,
എത്ര വിരഹികൾ, കാലത്തിൽ
മോക്ഷമില്ലാതലഞ്ഞവർ,
നീ ചുരത്തും നനവിൽ
ഓർമതൻ താപം കെടുത്തി .

എത്ര ദേഹങ്ങൾ നന്കൂരമറിയാതുഴറി ,
കൊടുംകാറ്റിലിളകി,
നിന്റെയലിവിന്റെയാഴങ്ങളിൽ,
നിന്നുപ്പുരസക്കടലിലുറച്ച്പോയ്.

എത്രയാത്മാക്കൾ,
പാതിരാവിൽ
യശോധരയുടെ കിടപ്പറ വിട്ട്
അഭയാർത്ഥിയായ്  
നിന്റെയശാന്തമാം  താഴ് വരകളിലലഞ്ഞു

സൈനബാ,
മുഷിഞ്ഞ നോട്ടുകളെണ്ണി മുഷിയുന്നു നീ.
വിടരുവാൻ പണ്ടേ മറന്ന
നുണക്കുഴികളിൽ  രാത്രിമുല്ലപോൽ തെളിയുന്നു നീ."
 ...................................................

അപ്പോഴേക്കും ആളുകള്‍ക്ക് ഒരേയിടത്തിൽ 
ഒരേ രീതിയിൽ ചൊറിയാൻ തുടങ്ങിയിരുന്നു.
അങ്ങനെയവര്‍  ഹൈദ്രോസിനെ  ശപിച്ച്‌
അടിവസ്ത്രമുപേക്ഷിച്ച്
നഗരത്തിലേക്കുള്ള വണ്ടി പിടിക്കുകയും
ആഴ്ചകള്‍ക്ക് ശേഷം സ്വസ്ഥരായി തിരിച്ചെത്തുകയും ചെയ്തു .

പിന്നീടവര്‍ മുണ്ട് മുറുക്കിയുടുക്കുകയും
സൈനബയെ മറന്ന്
ജീവിക്കാന്‍ ശീലിക്കുകയും ചെയ്തു.
.................................

കട്ടിലില്‍ ശിരസ്സ്‌ കുനിച്ചിരിക്കുന 
സൈനബയുടെ രണ്ടാമത്തെ ശില്പത്തിന്റെ 
അടിക്കുറിപ്പ്‌ നാമിങ്ങനെ വായിക്കുകയും
ബിനാലെയുടെ പടിയിറങ്ങുകയും ചെയ്യുന്നു  

"   സൈനബാ,
ഈ വിരസജീവിതത്തിൻ
പടം പൊഴിച്ച് ഞാനും വരട്ടയോ .
മരുപ്പച്ചകൾ  പൂക്കും
നിന്നുഷ്ണജലപ്രവാഹ  ധാരയിൽ 
നേർത്തൊരിലയായ് കുളിരട്ടെയോ

ഒറ്റയിലയും തളിർക്കാത്ത 
നിന്റെയീ ഒറ്റമുറിക്കുടാരത്തിൽ
പൊയ്മുഖം പൊഴിഞ്ഞ് വീഴുമ്പൊഴും ചിരിച്ച്,
നിന്റെയീ വിളർത്ത ദേഹത്തിൽ ,
ആർത്തിയുടെ  ഒടുങ്ങാത്ത യുദ്ധം പകർന്നൊരീ
വടുക്കളിൽ പുലരട്ടയോ

തോൽവിയുടെ  തിരി മാത്രമെരിയുമൊരു
ദീനനാളമായ,ണയട്ടയോ  "








Jan 23, 2015

ഒറ്റയാള്‍ മുരുകന്‍

അതൊരു ഇടുങ്ങിയ ഒറ്റയടിപ്പാതയായിരുന്നു .
കഷ്ടിച്ചു മാത്രം ഒരാൾക്ക് കടന്നുപോകാവുന്നത് ,
നരകത്തിലെന്ന വണ്ണം ഇരുൾ കനത്തു കിടന്നത്.
ആളുകളധികം അതിലെ വഴിനടന്നിട്ടില്ലെന്ന്
കളളിമുൾചെടികൾ വിളിച്ചുപറഞ്ഞു .
ദ്രവിക്കാൻ തുടങ്ങിയ അസ്ഥികളിൽ
ശ്രദ്ധയോടെ കാലെടുത്തു വെച്ച്
പ്രേതബാധിതനെ പോലെ അയാൾ വേച്ചുനടന്നു .
മനുഷ്യഗന്ധമേറ്റ് കരിനാഗങ്ങൾ
മാളങ്ങളിൽ കിടന്ന് ചീറ്റി .
വഴിയങ്ങനെ അറ്റമില്ലാതെ നീണ്ടുപോകുകയും
പെട്ടെന്ന് ഒരു ഇറക്കത്തിലേക്ക് ഊർന്നുവീഴുകയും
പൊളിഞ്ഞുകിടന്ന ഒരു കുഴിമാടത്തിൽ
അയാൾ എത്തിപ്പെടുകയും ചെയ്തു.
ഇനി ,
വിറയ്ക്കുന്ന കൈകളാൽ ശവംനാറിച്ചെടികൾ വകഞ്ഞു മാറ്റി ,
മാഞ്ഞുപോയ അക്ഷരങ്ങൾ ചേർത്തുവെച്ച്
അയാൾ ഇപ്രകാരം വായിക്കുകയും
ഭീതിദമായ ഒരലർച്ചയിൽ ഞെട്ടിയുണരുകയും ചെയ്യും .
''സ്വാതന്ത്ര്യം എന്ന രാജ്യത്താണ് നാം ജീവിക്കുന്നത്
എന്ന നിഗൂഢവിശ്വാസത്തിൽ
ജീവിച്ചുമരിച്ച അപൂർവയിനം ജീവികളിൽ
അവസാനത്തെയാൾ ഇവിടെ ഉറങ്ങുന്നു."
ശ്രീ ; പെരും ആൾ മുരുകൻ
( ജനനം മരണം
??????/ 14_1_2015 )

Dec 12, 2014

ചുംബന സമരത്തെ പറ്റി തന്നെ

"Europe is haunting a specter .   യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാൻവേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാർപ്പാപ്പയും, സാർചക്രവർത്തിയും, മെറ്റർനിഹും, ഗിസോയും  ഫ്രഞ്ചു റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു്."     മാർക്സ്  കമ്മ്യൂണിസ്ററ് മാനിഫെസ്ററോ ആരംഭിക്കുന്നത് ഇങ്ങനെയാണ് .

ഇപ്പോള്‍ കേരളത്തെയും ഒരു ഭൂതം പിടികൂടിയിരിക്കുന്നു  ചുംബനസമരം എന്ന ഭൂതം .കേരളത്തിലെ മുഴുവൻ പ്രതിലോമ ശക്തികളും ---മതവും മാർക്സിസവും സംഘപരിവാറും ശിവസേനയും ഹനുമാൻ സേനയു സുലൈമാൻ സേനയും SDPI യും ജമാഅത്തെ ഇസ്ളാമിയും ടെലിവിഷൻ ചേമ്പറുമെല്ലാം ---ഈ ഭൂതത്തെ ഒഴിപ്പിക്കാനുള്ള ഒരു അവിശുദ്ധ സഖ്യത്തിലേർപെട്ടിരിക്കയാണ് .
ചുംബനസമരം കൊച്ചിയിലും കോഴിക്കോട്ടും അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി   ഇപ്പോള്‍ ആലപ്പുഴയിൽ എത്തിയിരിക്കുന്നു.
ചുംബിക്കാൻ നടക്കുന്നവർക്ക് നമ്മുടെ സംസ്കാര പാരമ്പര്യത്തെക്കുറിച്ചറിയില്ല എന്നാണ് പ്രൊ.ലീലാവതി പറയുന്നത് ..അപ്പോളാണ് ആരുടെ സംസ്കാരം? എന്ത് പാരമ്പര്യം ? എന്ന് നാം അറിയാതെ ചോദിച്ചു പോവുന്നത്.നമുക്ക് നമ്മുടെ പരമ്പരാഗത വസ്ത്രധാരണ രീതിയെടുക്കാം.
 ജാതി വ്യവസ്ഥിതിയും കേരളചരിത്രവും എന്ന ശ്രീ കെ.ബാലകൃഷ്ണന്റെ  15-18 നൂറ്റാണ്ടുകളിലെ കേരളവ്യവ്സ്ഥയെ കുറിച്ചുള്ള പുസ്തകത്തില്‍ നാമിങ്ങനെ വായിക്കുന്നു .

" ഒരുങ്ങി പുറപ്പെടുമ്പോള്‍ കച്ചകെട്ടി ഉടുക്കുകെന്നതല്ലാതെ പ്രത്യേകമായ വസ്ത്രങ്ങള്‍ ധരിക്കുക പതിവില്ല .അരമുതല്‍ മുട്ടോളം ഇറങ്ങുന്ന നിറം പിടിപ്പിച്ച മുണ്ടും തലയില്‍ ഒരു ഉരുമാലുമല്ലാതെ വേറെ വസ്ത്രം ധരിക്കുന്നില്ലെന്നും മിക്കവാറും നഗ്നന്മാരാനെന്നും കാലില്‍ ചെരിപ്പും ഉണ്ടാവില്ലെന്നും കാസ്റെര്‍ ഹെഡ് പറയുന്നുണ്ട്."

ഇതൊരു കീഴാള സംസ്കാരം ആയിരുന്നു എന്നും തോന്നിയേക്കാം .നമുക്ക് അന്നത്തെ ബ്രാഹ്മണരെ എടുക്കാം.
അതില്‍ ഇങ്ങനെയൊരു പരാമര്‍ശം കാണാം 

സ്വന്തം സ്ത്രീജനങ്ങള്‍ പൂര്‍ണ്ണമായി വസ്ത്രാഛ്ദിതരായിരിക്കണമെന്ന നിബന്ധനയില്‍ നീക്കുപോക്ക് വരുത്താതെ അര്‍ദ്ധനഗ്നന്മാര്‍ക്കിടയില്‍ പൂര്‍ണനഗ്നന്മാരായി സഞ്ചരിക്കുന്നതില്‍ നമ്പൂതിരി സുഖവും മേന്മയും കണ്ടെത്തിയത് ........"


അല്ലെന്കിൽ വസ്ത്രധാരണ രീതിയെ വെറുതെ വിടുക .അതിനെ കുറിച്ച് കൂടുതൽ പറഞ്ഞിരുന്നാൽ ഉള്ളിലെന്തായിരിക്കും എന്നൊരു കൗതുകം യേശുദാസിനു മാത്രമല്ല നമുക്കും തോന്നിയെന്നിരിക്കും.അതിനു ജീന്‍സ് തന്നെ വേണമെന്നുമില്ലനമുക്ക് അന്നത്തെ ശിക്ഷാരീതികളെടുക്കാം.  .അതേ പുസ്തകത്തിൽ       153 ) പേജിൽ നാമിങ്ങനെ വായിക്കുന്നു .      

 "കുറ്റവാളിയുടെ ആസനത്തില്‍ പിന്‍വശത്തായി രണ്ടു പിളര്‍പ്പുണ്ടാക്കി അതിലൂടെ ഒരു ഇരുമ്പുപാര കയറ്റുന്നു.ഈ പാര പ്രധാന ഞരമ്പുകള്‍ ആന്തരാവയവങ്ങള്‍ എന്നിവയെ ഖേദിക്കാതിരിക്കാന്‍ പാറയുടെ കയറ്റഗതി വിരല്‍കൊണ്ട് തഴഞ്ഞു തിട്ടപ്പെടുത്തിഅതിന്റെ അഗ്രം കഴുത്തിനടുത്തോ ചുമല്‍ ഭാഗത്തോ പുറത്തു കൊണ്ടുവരുന്നു.അതിനുശേഷം ഈ ഇരുമ്പുപാരയുടെ അറ്റങ്ങള്‍ രണ്ടും കുഴിച്ചു നിര്‍ത്തിയ ഒരു മരക്കുറ്റിയോട് ചേര്‍ത്ത് കെട്ടുന്നു.ദാഹവിവശനായി പക്ഷെ വെള്ളം നിഷേധിക്കപ്പെട്ട്    പ്രാണികളാല്‍ മുറിപ്പാടുകള്‍ പൊതിയപ്പെട്ടു അവയെ കൊല്ലാന്‍ പഴുതില്ലാതെ കൈകള്‍ ബന്ധിക്കപ്പെട്ടു തുള്ളിതുള്ളിയായി വാര്‍ന്നവസാനിക്കുന്ന അയാളുടെ ജീവന്‍ ചിലപ്പോള്‍ മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കാറുണ്ട്."

നമുക്ക് വിവാഹ ബന്ധങ്ങള്‍ എടുക്കാം .

"പുരാതന രാജാക്കന്മാരുടെ കോവിലകങ്ങളിലും  മാടമ്പി പ്രഭുക്കന്മാരുടെ ഗൃഹങ്ങളിലും നിലവിലിരിക്കുന്ന സമ്പ്രദായം കൊണ്ട് മലബാറില്‍ മുന്‍കാലങ്ങളില്‍ വിവാഹ സമ്പ്രദായമേ നിലവിലില്ലായിരുന്നു എന്ന് ഏതാണ്ട് തീര്‍ച്ച .അവിടുത്തെ സ്ത്രീകള്‍ യാതൊരു ചടങ്ങുകളും കൂടാതെ നമ്പൂതിരിയുമായി സഹശയനം ചെയ്യുന്നു. "

ഇനി ഇതൊന്നുമല്ല കേരളചരിത്രമെന്നും നാം തുടക്കം തൊട്ടേ സംസ്കാര സമ്പന്നരായിരുന്നു എന്നും വാദത്തിനു സമ്മതിച്ചാലോ?അത് കാലാകാലങ്ങളിലേക്കുമായി മാറാതെ നില്കേണ്ടതാണോ?അങ്ങനെ എവിടെയെന്കിലും തളംകെട്ടിക്കിടക്കുന്ന ഒന്നാണോ ചരിത്രം?മുന്‍പോട്ടു പോകാന്‍ ഇനി ഒട്ടുമില്ലാത്ത വിധം അത് പൂര്‍ണതയില്‍ തട്ടി നില്‍ക്കുകയാണോ ?   ചരിത്രത്തെ പഴംപെരുമകളിലേക്കുളള തിരിഞ്ഞു നടത്തമായി കാണുന്നവർക്കേ ഇങ്ങനെ കാണാനാവൂ ..എപ്പോഴും പുറകോട്ടു നോക്കി ശീലിച്ചവർക്കേ അത്രക്ക്  ജഢത്വമുണ്ടാവൂ.

ഇന്നിപ്പോള്‍ മുഴുവൻ ഇടങ്ങളും സദാചാര വാദികള്‍ കയ്യേറിയിരിക്കുന്നു . നാം സൂക്ഷിച്ച് നടക്കേണ്ടിയിരിക്കുന്നു .ഒരാൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ച് പുറത്തിറങ്ങുമ്പോള്‍ ഒരുപാട് പേടിക്കേണ്ടിയിരിക്കുന്നു .ഏത് വളവിലും സദാചാരക്കാരുടെ ചെക്കിംഗ് ഉണ്ടാവാം .അവർക്ക് എന്തുവേണമെന്കിലും പരിശോധിക്കാം.'പിടിക്കപ്പെട്ടാൽ' ശിക്ഷ      ദാരുണമായിരിക്കും. NS Madhavan ട്വീററ് ചെയ്തപോലെ  വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കയ്യിൽ കരുതാതെ ഭാര്യഭർത്താക്കന്മാർക്ക് ഒന്നിച്ച്  പുറത്തനാിറങ്ങാവാത്ത നാടായിരിക്കുന്നു കേരളം .

ഭർത്താവും ഭാര്യയും ഒരു മുറിയിൽ കാണിക്കുന്നത് റോഡിൽ കാട്ടിക്കൂട്ടിയാൽ നാട് അംഗീകരിക്കില്ല എന്ന് സഃ പിണറായി വിജയൻ .നിങ്ങൾക്ക് വീട്ടിനകത്തിരുന്ന് ചുംബിച്ചുകൂടെ എന്നും ചിലർ ചോദിക്കുന്നുണ്ട്.അങ്ങനെ എപ്പോഴും വീട്ടിൽ മുറിയിൽ കതകടച്ചിരുന്ന് നടത്തേണ്ടതല്ല രണ്ടുപേർക്കിടയിലുളള സ്നേഹപ്രകടനമെന്നും ചുംബനം എപ്പോഴും ലൈംഗികതയുടെ പ്രകാശനമല്ലെന്നും ഇവർക്കറിയാതെ വരുമോ? അത് പലപ്പോഴും സ്നേഹം ,വാത്സല്യം,സന്തോഷം ,വേർപാട് ,വിരഹം ,കണ്ടുമുട്ടൽ എന്നിവയുടെ ഭാഷകൾ സംസാരിക്കുന്നുണ്ട്എന്നും .പക്ഷെ ചെറുപ്പം മുതലേ ആൺപെൺ കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്ന് തൊട്ടേ    പരസ്പരം  തോട്ടുകൂടാന്‍ പാടില്ലാത്ത വിധം മാററിയിരുത്തിക്കൊണ്ട് അന്യോന്യം ആശയവിനിമയങ്ങൾക്കുളള എല്ലാ സാദ്ധ്യതകളെയും ഇല്ലാതാക്കിക്കൊണ്ട് ലൈംഗികമല്ലാത്ത ഒരു സ്പർശം പോലും സാധ്യമല്ലാത്ത ഒരവസ്ഥയിലേക്ക് നാമവരെ തളളിവിട്ടിരിക്കുന്നു.സനേഹമോ സൗഹൃദമോ പന്കുവെക്കുവാൻ ഉപാധികളില്ലാത്തവരായി നാമവരെ പരുവപ്പെടുത്തിയിരിക്കുന്നു.
അങ്ങനെയൊരു സമൂഹത്തിൽ എല്ലാ ബന്ധങ്ങളും ലൈംഗികമാവാതെ തരമില്ല എന്നതാണ് നമ്മുടെ ന്യായം .രണ്ടു വ്യക്തികൾ തമ്മിൽ അടുത്തിഴപഴകുന്നത് കണ്ടാൽ അങ്ങോട്ട് തുറിച്ച് നോക്കാതിരിക്കുന്നതാണ് മര്യാദ എന്നും  മററു സമൂഹങ്ങളിൽ അങ്ങനെയാണ് എന്നും പറയുമ്പോൾ അവിടെ പൊതുസ്ഥലങ്ങളിൽ ഇണചേരുന്നവരുണ്ടെന്നും അതുപോലെ ഇവിടെയും വേണമോ എന്ന് ചോദിക്കുന്നവരോട് എന്ത് മറുപടിയാണ് പറയുക?അതിന് മറുപടി പറയാൻ തക്ക' ഉദാത്തമായ സാംസ്കാരിക പാരമ്പര്യ'ത്തിലേക്ക് നാമെത്തിയിട്ടില്ലെന്നോ?

  എന്കിൽ നിങ്ങളെന്തുകൊണ്ട് നിങ്ങളുടെ അമ്മയെയും പെങ്ങളെയും ചുമ്പിക്കാന്‍ കൊണ്ടുവരുന്നില്ല എന്ന് ചോദിക്കുന്നവരുണ്ട്.നിങ്ങളുടെ പെങ്ങളെയും അമ്മയെയും ആരെങ്കിലും ചുംബിച്ചാൽ നിങ്ങൾ നോക്കിനില്ക്കുമോ എന്നും. പക്ഷെ ഈ  ചോദ്യത്തിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്.അവരറിയാതെ തന്നെ ആ ചോദ്യം അവരുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ഒററിക്കൊടുക്കുന്നുണ്ട്.ചുംബിക്കാൻ വരുന്നവരെ തല്ലിയൊതുക്കാൻ അമ്മയെയും പെങ്ങളെയും എന്തുകൊണ്ട് നിങ്ങള്‍ കൊണ്ടുവരുന്നില്ല എന്നു നമ്മള്‍ ചോദിക്കുന്നില്ല .കാരണം ,സ്ത്രീകൾ അങ്ങനെ ആട്ടിത്തെളിക്കപ്പെടേണ്ടവരല്ല.സ്വന്തമായി അഭിപ്രായവും വ്യക്തിത്വവുമുളളവരും അതനുസരിച്ച് പ്രവർത്തിക്കേണ്ടവരുമാണ്.മറ്റൊരു കുഴപ്പം   "ആരെന്കിലും അവരെ ചുംബിച്ചാൽ" എന്ന നിങ്ങളുടെ  പ്രയോഗമാണ് .ജീവിതത്തിലെ എന്തെന്കിലും കാര്യത്തിൽ ,അത് സ്നേഹമോ രതിയോ മാറ്റെന്തെങ്കിലുമോ ആവട്ടെ സ്വന്തമായി കർതൃത്തം ഉളളവരല്ല സ്ത്രീകൾ എന്നതാണ് അതിന്റെ  ധ്വനി .അവൾ എന്തിനും വിധേയപ്പെട്ടാൽ മതി എന്നൊരു സന്ദേശം അറിയാതെയെന്കിലും ആ പ്രയോഗത്തിലുണ്ട് .അതുകൊണ്ട് തന്നെ ചുംബനപ്രതിഷേധം മറ്റെന്തിനേക്കാളുമുപരി പെൺകുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് .

നമ്പൂതിരിയെ മനുഷ്യനാക്കാനിറങ്ങിയതായിരുന്നു വി. ടി.അടുക്കളയിൽനിന്നും അരങ്ങത്തേക്ക് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം .ഇന്നിപ്പോൾ അരങ്ങുമുഴുവൻ വലിയൊരടുക്കളയായി മാറിയിരിക്കുന്നു .


നാം കുടുതൽ കൂടുതൽ അകത്തും പുറത്തും നമ്പൂതിരിയും നായരും ഈഴവനും മാപ്പിളയുമൊക്കെ ആയിരിക്കുന്നു .'സദാചാര'ത്തിന്റെ ശാട്യങ്ങള്‍എല്ലായിടങ്ങളിലും കൂടുതൽ കൂടുതൽ കട്ടിയായി കൊണ്ടിരിക്കുന്നു.ബാബരിമാസ്ജിദിനു  ശേഷം അമ്പലങ്ങളില്‍ വെടിക്കെട്ടുകള്‍ കൂടുതല്‍ ഉച്ചത്തിലായി എന്നും മുസ്ലീങ്ങളുടെ പ്രാര്‍ഥനകള്‍ കൂടുതല്‍ ആത്മാര്‍ത്ഥമായി എന്നും കല്പറ്റ നാരായണന്‍ പറയുന്നു.  മുഖം  മൂടുന്ന വസ്ത്രധാരണം ഇസ്ളാമിന്റെ നിർബന്ധങ്ങളിൽ പെടുന്നില്ല എന്നൊരു അഭിപ്രായവത്തിന് M E S പ്രസിഡണ്ട് ഫസൽ ഗഫൂറിനെതിരെ ന്യൂനപക്ഷ കമ്മീഷൻ  നോട്ടീസയച്ചിരിക്കുന്നു !ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ നോവിച്ചു എന്നാണ് ന്യായം. സ്ത്രീകളുടെ അവകാശങ്ങൾ ന്യൂനപക്ഷാവകാശങ്ങളിൽ പെടുന്നില്ല എന്നായിരിക്കും.! മുഖം മുഴുവൻ മുടിയ നിലയിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെുന്ന സ്ത്രീകൾക്ക് സമൂഹവുമായി എന്ത് വിനിമയമാവും  സാധ്യമാവുക എന്നത് കൗതുകകരമാണ് .അതുപക്ഷേ കമ്മീഷന്റെ പരിഗണനയില്‍ പെടുന്നില്ല !  മുഖമില്ലാത്തവരുമായി ആർക്ക് എന്ത് സംവദിക്കാനാവും.എന്നതും അവര്‍ക്ക് പ്രശനമല്ല.
 ചുംബനസമരം  ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു.ജാതിയുടെയും സമുദായത്തിന്റെയും സദാചാരത്തിന്റെയും ഇരുണ്ട ചുവരുകള്‍ക്കപ്പുറത്തും ഒരു ജീവിതമുണ്ടെന്നും മനുഷ്യന്‍ എന്നത് എല്ലായ്പ്പോഴും ആറടിയോളം വലിപ്പമുള്ള ഒരു ശരീരം  മാത്രമല്ലെന്നുമുള്ള ഒരോര്‍മ്മപ്പെടുത്തല്‍.  ചുംബനസമരം  മറ്റെന്തിനേക്കാളുമുപരി  ജനാധിപത്യപരമായ പ്രതിഷേധമായിരുന്നു.ആരുടെയും സ്വാതന്ത്ര്യത്തെ നിഷേധിക്കാത്ത, ട്രാഫിക്ക് തടസ്സങ്ങളുണ്ടാക്കാത്ത ,മുൻകൂട്ടി പ്രഖ്യാപിച്ച പ്രതിഷേധം .അഭിപ്രായവ്യത്യാസങ്ങളുണ്ടാവാം.സമരത്തോടും അതിന്റെ രീതിയോടും .പക്ഷെ അതിനെതിരെയുളള സമരങ്ങളും അതുപോലെ ജനാധിപത്യപരമാവേണ്ടിയിരുന്നു .അതിനെ ശാരീരികമായി നേരിടുന്നതും പരസ്പരം ആശ്ളേഷിക്കുന്ന പെൺകുട്ടികളുടെ മുതുകുകളിൽ പൊലും കൂറുവടി തറക്കുന്നതും അവരുടെ ഉടയാടകള്‍ കീറിപ്പറിക്കുന്നതും ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ ഫാസിസമാണ്.

കൊച്ചിയിലും കോഴിക്കോട്ടും മാനസികമായി ഞാനുമുണ്ടായിരുന്നു .ആലപ്പുഴയിലുമുണ്ടാവും.നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെ തിരികെ പിടിക്കാനുളള ഈ പ്രതിഷേധങ്ങളിൽ നേരീട്ട് പന്കെടുക്കെനാവാത്തത് പേടി കൊണ്ടാണ് .പോലീസിനോടും സാംസ്കാരിക ഗുണ്ടകളോടുമുളള അതി പുരാതനമായ ഭീതികൊണ്ട്.ഒപ്പം സർക്കാർ ജീവനക്കാരന്റെ വിടുപണി ചെയ്യുന്നു എന്ന ,പരിമിതി കൊണ്ടും .

ഇപ്പോള്‍ എനിക്കൊരു സ്വപ്നമുണ്ട് .അത്യന്തം ആദരവോടെ തലകുന്പിട് കൊണ്ട് നല്ലത് വരണേ എന്ന  പ്രാര്‍ത്ഥനയോടെസദാചാര ഗുണ്ടായിസത്തിന് ഒരു റീത്ത് വെക്കുക എന്ന സ്വപ്നം . 

മറ്റൊന്ന് കൂടി :  എത്രമാത്രം  മാന്യമായും സദാചാരപരമായും   ആവും നമ്മുടെ യദാർത്ഥ പോലീസുകാർ (സദാചാര പോലീസല്ല) സമരക്കാരോട് പെരുമാറിയിട്ടുണ്ടാവുക ?നമുക്ക് പോലീസ് സ്റ്റേഷനുകളിൽ നിന്നും തിരിച്ചുവരുന്ന സമരക്കാരോട് ചോദിക്കാം..


ചുംബനസഖാക്കൾക്കഭിവാദ്യങ്ങൾ !


Jun 6, 2014

പര്‍ദ്ദ


പകച്ച നോട്ടമെറിയുന്ന രണ്ടുകണ്ണുകള്‍ മാത്രം
പുറത്തേക്കിട്ട കറുത്ത ഭൂതങ്ങളുണ്ട്.
എഴുന്നേറ്റു നടക്കും കുന്തിച്ചിരിക്കും.
എണ്ണയില്‍ മൊരിയുന്ന വര്‍ത്തമാനങ്ങള്‍ പറയും
വളിച്ച ബിരിയാണി പോല്‍ ചിരിക്കും.
വരഞ്ഞുപ്പും മസാലയും ചേര്‍ത്ത മീന്‍
പാകമായോയെന്ന്‍ കണ്ണുതുറക്കാതെ പറയും.

ആയിഷാ മന്സിലിലെ സാബിറാക്ക്
നാലാമതും വിശേഷമുണ്ടോയെന്ന്
കയ്യില്‍ തളയിട്ട കാറ്റിനോട് ചോദിച്ചറിയും.
പിന്നെ പട്ടുസാരി പട്ടുറുമാല്‍
കുട്ടിപ്പട്ടാളം കൂറ്റനാട്പോല്‍ നാറുന്ന നാറ്റം.

രണ്ടു വാക്കുകള്‍ മാത്രം ,
'ഇന്നലെയുറങ്ങിയില്ലല്ലോടീ
മുഖത്ത് കാണാം
ഒന്നു കഴിച്ചിട്ട് പോ മനുഷ്യാ'
തീരുന്നു ജീവിതം.

വിശുദ്ധപുസ്തകത്തിലൊളിപ്പിച്ചുവെച്ച
നരച്ച മാസികപോല്‍
മനസ്സിന്റെ പുറംതോടിനുള്ളില്‍
പൊള്ളിപ്പടരുന്നു വാക്കെന്ന സ്വാതന്ത്ര്യം.

എത്ര മോഹങ്ങള്‍ വെറുതെയാവുന്നു,
പുറംലോകം പുറംകാറ്റ്
മണലില്‍ മനസ്സിന്റെ കുപ്പായങ്ങളെല്ലാമഴിച്ചു
വെച്ചകത്തൊന്നുമില്ലെന്നൊരു സാന്ധ്യമയക്കം.

നിന്നനില്പില്‍ ഒരാള്‍കൂട്ടമങ്ങനെ
മറിഞ്ഞുവീണു മരിച്ചെന്നു കേട്ടാല്‍
ചൊല്ലേണ്ട മന്ത്രമേതാണ്
'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍?

May 29, 2014

"ചുവപ്പ് എന്നതിന്റെ വിപരീദമെന്താണ്"

എണ്‍പതുകളുടെ രണ്ടാം പകുതിയിലെ ഒരു കാമ്പസ് സംവാദം.കംപ്യൂട്ടര്‍ വ്യാപകമായി തുടങ്ങുന്ന സമയമാണ്.അനുകൂലിച്ചും എതിര്‍ത്തും ധാരാളം വാദങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.കംപ്യൂട്ടര്‍ മനുഷ്യരുടെ സര്‍ഗശേഷി തകര്‍ക്കും എന്നായിരുന്നു ഒരാളുടെ നിലപാട്.നാം ഭാവനാസമ്പന്നരാണെന്നും ഒരേ ചോദ്യത്തിനു കേള്‍വിക്കാരന്റെ മനോനിലയും ബൌദ്ധികനിലവാരവും അനുസരിച്ച് വിഭിന്ന ഉത്തരങ്ങളാവാമെന്നു കംപ്യുട്ടറില്‍ ഇങ്ങനെയൊന്ന് അസാദ്ധ്യമാണെന്നും അയാള്‍ പറഞ്ഞുവെച്ചു. തന്‍റെ വാദമുഖം ഉറപ്പിക്കാന്‍ അയാള്‍ സദസ്യരോദ് ഒരു ചോദ്യം ചോദിച്ചു.
"ചുവപ്പ് എന്നതിന്റെ വിപരീദമെന്താണ്"
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സദസ്സില്‍നിന്നും പല ഉത്തരങ്ങളും വന്നു തുടങ്ങി.
"വെളുപ്പ്"
"എന്തുകൊണ്ട്?"
"ചുവപ്പ് എന്നത് ചോരയുടെയും അശാന്തിയുടെയും
നിറമാകുന്നു .വെളുപ്പ് ശാന്തിയുടെയും സമാധാനത്തിന്റെയും
നിറമാകുന്നു"
"വയലറ്റ്"
"എന്തുകൊണ്ട്?"
"വിബ്ജിയോറില്‍ വേവ്ലെങ്ങ്ത്തിന്റെ
അടിസ്ഥാനത്തില്‍ രണ്ടും രണ്ടറ്റത്താവുന്നു."
ഇന്നായിരുന്നെങ്കില്‍ പറയാമായിരുന്നു ചുവപ്പ് എന്നതിന്റെ വിപരീദം ചുവപ്പ് തന്നെയാകുന്നു.കാരണം അത് ഒരേസമയം വലിയ പ്രത്യാശയുടെയും കൊടിയ നൈരാശ്യത്തിന്റെയും ചിഹ്നമാവുന്നു

May 24, 2014

ഫാസിസത്തിന് കഞ്ഞിവെക്കുമ്പോള്‍

ഫാസിസത്തെ കുറിച്ചുള്ള ഭീതിയാണ് ഇപ്പോള്‍ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.ആ വാക്ക് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്നത് മുസോളിനിയുടെ മുഖമാണ്.അല്ലെങ്കില്‍ കൂടുതല്‍ (കു)പ്രസിദ്ധനായ ഹിറ്റ്ലറുടെത്.പക്ഷെ എപ്പോഴും അതിഭീകരമായ നരനായാട്ടുകളിലൂടെയല്ല ഫാസിസം അതിന്റെ അജണ്ടകള്‍ നടത്തിയെടുക്കുന്നത്.
യദാര്‍ത്ഥത്തില്‍ അത് വളരുന്നത്‌ വര്‍ത്തമാനത്തില്‍ നിന്ന് ഭാവിയിലേക്കല്ല ,മറിച്ച് ഭൂതകാലത്തിലെക്കാണ്.അതിമഹത്തായതും സനാതനവുമായ ഒരു പവിത്രപൈതൃകത്തെ അത് സൃഷ്ടിച്ചെടുക്കുന്നു.അതിനായി ആദ്യം കൈവെക്കുന്നത് പാഠപുസ്തകങ്ങളിലും ചരിത്രത്തിലുമാണ്.ഇവിടെ മുന്‍പുണ്ടായിരുന്നതെല്ലാം മഹത്തരവും അതിവിശിഷ്ടവുമാണെന്നും അവ നശിച്ചുപോയത് വൈദേശിക അധിനിവേശം കാരണമാണെന്നും അത് പറഞ്ഞു പഠിപ്പിക്കുന്നു.ഇതിനുപറ്റിയ രീതിയില്‍ പാഠപുസ്തകങ്ങളെ തിരുത്തിയെഴുത്തിക്കൊണ്ട് കുട്ടികളില്‍ ചെറുപ്പം തൊട്ടേ പാരമ്പര്യത്തെ ക്കുറിച്ചുള്ള ആരാധന നിറഞ്ഞ ഒരു മിഥ്യാഭിമാനം വളര്‍ത്തിയെടുക്കുന്നു.നമ്മുടെ എഴുതപ്പെട്ട ചരിത്രമെല്ലാം കൊളോണിയല്‍ പണ്ടിതരുടെയാണെന്നും ആര്യന്‍ ആഗമനം എന്നത് ഒരു കെട്ടുകഥയാണെന്ന് വരെ പഠിപ്പിക്കുന്നു.നമ്മുടെ സംസ്ക്കാരം അങ്ങനെ മധ്യേഷ്യയുടെയോ യൂറോപ്പിന്റെയോ പിന്തുടര്‍ച്ചകള്‍ ഉള്ളതല്ലെന്നും ഋഷിപ്രോക്തമായ പൈതൃകങ്ങളില്‍ നിന്നും ഉരുവം കൊണ്ടതാണെന്നും ബോധിപ്പിക്കുന്നു.
വൈദികമായ അനുഷ്ഠാനങ്ങള്‍ക്കും ആചാരമുറകള്‍ക്കും ജനകീയത നേടിയെടുക്കുക എന്നതാണ് അടുത്ത ഘട്ടം.അതിന്റെ സവര്‍ണ്ണരൂപങ്ങളോട് കലഹിച്ചു നില്‍ക്കുന്ന ദ്രാവിഡമോ ദളിതമോ ആയതെല്ലാം ഇലാതാക്കപ്പെടുകയോ തങ്ങളുടെ യജ്ഞസംസ്കൃതിയിലേക്ക് ആവാഹിച്ചെടുക്കുകയോ ചെയ്യുന്നു.മറ്റുള്ളവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അശ്ലീലമോ മ്ലേഛമോ ആക്കിയെടുക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു.അങ്ങനെ ഉഴുതുമറിച്ച സാംസ്ക്കാരിക ഭൂമികയിലാണ്‌ അത് വേരുകളാഴ്തുന്നത്.അങ്ങനെ കരുമാടിക്കുട്ടരെയെല്ലാം ജലനിമജ്ജനം ചെയ്യുകയും പുനപ്രതിഷ്ടകളിലൂടെ വരേണ്യദൈവങ്ങളെ പ്രതിഷ്ടിക്കുകയും ചെയ്യുന്നു.ഉറക്കെ വിളിച്ചുപറയുന്ന മുദ്രാവാക്യങ്ങളല്ല പതിഞ്ഞുകത്തുന്ന മന്ത്രജപമാണ് അതിന്റെ ട്രേഡ്മാര്‍ക്ക്.അത്കൊണ്ട് നമ്മള്‍ കാത്തിരിക്കേണ്ടത് ആയുധവുമായി ചാടിവീഴുന്ന ശത്രുവിനെയല്ല ഉറക്കത്തില്‍ വന്നെത്തി ശരീരത്തിനെയും മനസ്സിനെയും ഇഞ്ചിഞ്ചായി മരവിപ്പിച്ചു കൊല്ലുന്ന കൊടുംശൈത്യത്തിനെയാണ്. അതിന്റെ ചിഹ്നങ്ങളെല്ലാം വിശിഷ്ടവും അമൂല്യവുമാവുമ്പോള്‍ അതിനു വിരുദ്ധമായതെന്തും _ഇടതുപക്ഷവും ന്യൂനപക്ഷവും ദളിതനുമെല്ലാം_അശ്ലീലവും പരിഹാസ്യവുമാവുന്നു.ഏതു ശുഭകാര്യത്തിനും മുന്പ് ഒരു തിരിതെളിക്കുകയും തെങ്ങയുടക്കുകയും ചെയ്യുന്നത് മതേതരമാവുമ്പോള്‍ അല്ലാത്തതെല്ലാം സ്യൂഡോസെക്കുലറും ബുദ്ധിജീവിനാട്യവുമാവുന്നു.
ഇതിനിടയില്‍ നടത്തിയെടുക്കുന്ന ചെറിയകലാപങ്ങളും ചേരിതിരിവുകള്മെല്ലാം അധികാരത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമാവുന്നു.
 അത് കൊണ്ടാണ് ചില സംസ്ഥാനന്ങ്ങളില് പ്രതിപക്ഷം പോയിട്ട് ഒരു ലിററില്‍ മാഗസിന് പോലും ഇല്ലെന്നറിഞ്ഞിട്ടും നാം ഞെട്ടാത്തത്

സെന്‍ട്രല്‍ ഹാളില്‍ വെച്ച് ഒരാള്‍ ഗദ്ഗദപ്പെടുകയും വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയും ഒരിറക്ക് വെള്ളത്തിനു കൈ കാട്ട്കയും ചെയ്യുന്നത് ടി വി യില്‍ കണ്ട നാം പേടിക്കുന്നത് അത് കൊണ്ടാണ് .ഇത് വെറും അഭിനയമോ പ്രകടനമോ ആവില്ലെന്നും അയാള്‍ ആത്മാര്‍ത്ഥമായി വികാരീധീനനായതാവാമെന്നും നാം ഭയപ്പെടുന്നു.താന്‍ ചെയ്തത് വലിയ ത്യാഗമൊന്നുമല്ലെന്നും മാതാവിനോടുള്ള കടമ മാത്രമായിരുന്നെന്നും പറയുമ്പോള്‍ എത്രമാത്രം കൊലവെറിയുള്ള അമ്മയായിരിക്കും അതെന്നു നാം ആശ്ചര്യപ്പെടുന്നു.
വരാനിരിക്കുന്നത് വലിയ ശുദ്ധീകരണങ്ങള്‍ക്കായുള്ള രഥമുരുട്ടലുകളാണ്.നമുക്ക് അല്പം മാറിനിന്നു നമ്മുടെ ജന്മാവകാശമായ ഭീതിയും അന്യതാബോധവും എടുത്തണിഞ്ഞു തൊണ്ടയിടറി എല്ലാവര്‍ക്കും നല്ലത് തോന്നിക്കണേ എന്ന് പ്രാര്‍ഥിക്കാം .
"യസ്യ സ്മരണ മാത്രേയ
ജന്മ സംസാര ബന്ധനാത്
വിമുജ്യതെ നമ്സ്തസ്മേ
വിഷ്ണവേ പ്രഭ വിഷ്ണവേ"

May 18, 2014

പരാജിതന്റെ സുവിശേഷം

ഫേസ്ബുക്ക് ഒരു ദേശമായിരുന്നെങ്കില്‍
ഒരിന്ത്യന്‍ നാട്ടുരാജ്യമാകുമായിരുന്നു.
ഇത്രയും ഒറ്റപ്പെട്ട തുരുത്തുകള്‍ 
മറ്റെവിടെ കണ്ടെത്താനാവും .

ഫേസ്ബുക്ക് ഒരു ഭാഷയായിരുന്നെങ്കില്‍
ഒരാദിവാസി ഗോത്ര ഭാഷയാകുമായിരുന്നു.
ഇത്രയും വിചിത്രലിപികള്‍,വാമൊഴി വഴക്കങ്ങള്‍
എവിടെ കണ്ടുകിട്ടാനാണ്.

ഫേസ്ബുക്ക് ഒരിടമായിരുന്നെങ്കില്‍
അത് വേശ്യയുടെ ഭവനമാവുമായിരുന്നു.
ഇങ്ങനെ അപരിചിതര്‍ക്ക് തുറന്നിട്ട
മറ്റേതിടമുണ്ട്.

ഫേസ്ബുക്ക് ഒരു വികാരമായിരുന്നെങ്കില്‍
ഒച്ചയില്ലാത്തവന്റെ കരച്ചിലാകുമായിരുന്നു.
ഇത്രയും അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍
എവിടുന്ന്‍ കേള്‍ക്കാനാവും.

ഫേസ്ബുക്ക് ഒരു യാത്രയായിരുന്നെങ്കില്‍
ഈ മലഞ്ചെരുവില്‍ കയറ്റിറക്കങ്ങളുടെ
ഒരു വഴിവെട്ടുമായിരുന്നു.
ഇത്രയും കടുത്ത സ്വപ്നങ്ങളും നിരാശയും നിറഞ്ഞ
മറ്റേത് യാത്രയുണ്ട്.

ഫേസ്ബുക്ക് ഒരു കവിതയായിരുന്നെങ്കില്‍
ഒരു വിലാപ കാവ്യമാകുമായിരുന്നു.
ഇത്രയേറെ തിരിച്ചുവന്ന രചനകളും
പരാജയപ്പെട്ട വാക്കുകളും വേവുന്ന
എതടുക്കളയുണ്ട്.

ഫേസ്ബുക്ക് ഒരു നിര്‍മിതിയായിരുന്നെങ്കില്‍
ഒരു ചൈനീസ്‌ കളിപ്പാട്ടമാകുമായിരുന്നു.
ഇത്രയും തൊട്ടാലടര്‍ന്നുവീഴുന്ന വിഭവങ്ങള്‍
ഏത് ചന്തയില്‍ വാങ്ങാനാവും.
 
 
ഫേസ്ബുക്ക് ഒരു മൃഗമായിരുന്നെങ്കില്‍
ഒരു  കാട്ടുപന്നിയായേനെ
ഇങ്ങനെ മുക്രയിട്ടു മദിക്കുന്ന
ഏത് മലംതീനിയുണ്ട്

ഫേസ്ബുക്ക് ഒരു മതമായിരുന്നെങ്കില്‍
നരകം കൊണ്ടുള്ള സുവിശേഷമാകുമായിരുന്നു.
ശാപവചനങ്ങള്‍ ഇത്രയേറെ കുടഞ്ഞിട്ട
മറ്റേത് പുസ്തകമുണ്ട്.
Related Posts Plugin for WordPress, Blogger...