Jan 17, 2013

പതിതാളം“അറിഞ്ഞതിൽ പാതി പറയാതെ പോയി
പറഞ്ഞതിൽ പാതി പതിരായും പോയി
പകുതി ഹൃത്തിനാൽ എടുത്തിടുമ്പൊൾ
പകുതി ഹൃത്തിനാൽ വെറുത്തുകൊൾക

ഇതെന്റെ രക്തമാണിതെന്റെ മാംസമാ
ണെടുത്തു കൊൾക”
................

എന്നും പിൻനിരയിലായിരുന്നു.വീട്ടിലും ക്ളാസിലും എവിടെയും. എപ്പോഴും ആരുടെയെങ്കിലും പുറകിൽ പമ്മി നില്കാനായിരുന്നു ഇഷ്ടം.ഒരു നിഴലായി നില്കാൻ.ഇട്ക്ക് ചെറിയ തമാശകളോ പാരകളോ ഒപ്പിച്ച് കൂടാൻ.

അടിവെച്ച് നടക്കാൻ തുടങ്ങുന്നതിൻ മുൻപേ അനാഥനായത് കൊണ്ട് അധികം സ്വപ്നങ്ങൾ പാടില്ലെന്ന് തിരിച്ചറിഞ്ഞിരുന്നു.വെളിച്ചത്തിൽനിന്ന് മാറിനില്കാൻ എപ്പോഴും മനസ്സുവെച്ചു.

രണ്ടാവേശങ്ങളായിരുന്നു ചെറുപ്പത്തിൽ.ഫുട്ബോളും എഴുത്തും.രണ്ടിലും തോറ്റു.വായനയെ വേണ്ടരീതിയിൽ ചിട്ടപ്പെടുത്താനുള്ള അച്ചടക്കമില്ലാത്തതിനാൽ,ആവശ്യത്തിനു വിഭവങ്ങളില്ലാത്തതിനാൽ എഴുത്ത്.പരുക്കുകളെ കെണിവെച്ചു പിടിക്കാൻ മാത്രം കാൽവിരുതുള്ളതിനാൽ കളി.എന്തിലും ദോഷം കണ്ടു............... എന്തിനെയും കുറ്റം പറഞ്ഞു.......... ഒഴിഞ്ഞു നിന്നു............... ഒതുങ്ങിക്കൂടി........... തോൽവികളെ ആദരിച്ചിരുത്തി............ ആലസ്യത്തിൽ സ്വയം മറന്നു...................

വലുതാവുന്തോറും ഒഴിഞ്ഞുമാറൽ ഒരു കലയായ് വളർന്നു.ഒരു നോട്ടത്തിന്റേയും നേർരേഘയിൽ പെട്ടു പോകരുതേ എന്നു പ്രാർഥിച്ചു.സ്വയം സ്രിഷ്ടിച്ച വാൽമീകത്തിൽ ഒതുങ്ങി

അപകർഷത ആഭരണമായ് അണിയാൻ തുടങ്ങിയത് എന്ന് മുതൽകെന്ന് ഓർമയില്ല.പക്ഷെ പിന്നീടൊരിക്കലും അതഴിച്ചുവെച്ചില്ല.ഉയർന്ന ക്ലാസ്സുകളൊ വലിയ കോളേജുകളോ മാറ്റമുണ്ടാക്കിയില്ല.കുറച്ചു പേരെയൊഴികെ അധികമാരെയും വേണ്ടരീതിയിൽ അറിയാൻ കഴിഞ്ഞില്ല.ആഘോഷങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നു.മാറിയിരുന്നു.കാഴ്ചക്കാരനായി.ഏകാന്തതയെ പ്രണയിച്ചു.പുണ്ണു കുത്തിക്കളിക്കൽ ഒരു ശീലമായി.

ആത്മാവിന്റെ പരീക്ഷണങ്ങളിൽ പെട്ടുഴറിയത് കോളെജിൽ നിന്നിറങ്ങിയതിനു ശേഷമാണു.ഗതി കിട്ടാതലഞ്ഞു.ചെയ്തതൊന്നും ശരിയാണെന്ന് തോന്നിയില്ല.ശരിയെന്ന് തോന്നിയത് ചെയ്യുവാനുള്ള മനസ്സുറപ്പുണ്ടായില്ല.ഒരിഷ്ടവും തുറന്ന് പറയാൻ കഴിഞ്ഞില്ല.ഏതൊക്കെയോ ചുഴലികളിൽ പെട്ട് വട്ടംതിരിഞ്ഞു.ദക്ഷിണകൊടുത്താൽ കിട്ടുന്ന ആത്മീയ ലേപനങ്ങളൊക്കെ വാങ്ങി പുരട്ടിനോക്കി.ഒന്നിലും മനസ്സ് നിന്നില്ല.പിനീടെപ്പൊഴോ സ്വസ്ഥതയുടെ ഒരു കരക്കടിഞ്ഞു.
പിന്നെ fb ആണു ഒരു വാതിൽ തുറന്നത്.അക്കൗണ്ട് തുറന്നിട്ട് നാളേറെയായെങ്കിലും ആദ്യമൊക്കെ എന്നത്തേയും പോലെ വിട്ടുനിന്നു.ഫോട്ടോഷോപ്പ് മാത്രമെന്ന് കരുതി മാറിയിരുന്നു.ഒട്ടിച്ചു വെക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടായതുമില്ല.നേരെ നോക്കാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ട് തലയല്പം ചരിച്ച് പിടിച്ചു.പിന്നീടെപ്പൊഴൊ എന്തും കുടഞ്ഞിടാം ഇതിലെന്നറിഞ്ഞു.മൂന്നുമാസത്തോളം വേണ്ടിവന്ന നിർബന്ധിതവിശ്രമം കൂട്ടിനു വന്നു.പിന്നെ ആവേശമായിരുന്നു.ഒരു സുഹൃത്തിന്റെ നിരീക്ഷണം കടമെടുത്താൽ “നാളിതുവരെ ആവിഷ്കാര ശാപമോക്ഷം കാത്ത്കിടന്നതൊക്കെ ഗുത്തിയൊഴുകി”.പുഞ്ചപ്പാടത്ത് തേവാൻ വെള്ളം കെട്ടിനിർത്തിയ ചിറ പൊട്ടിയൊലിച്ച പൊലെ കലങ്ങിയൊഴുകി.ഭംഗിയില്ലാതായി. ..മലയാളം ടൈപിന്റെ സാങ്കേതികതകൾ വശമില്ലായിരുന്നെങ്കിലും അതറിയിക്കാതിരിക്കാൻ കരുതലുള്ള ഒരാളുള്ളതുകൊണ്ട് ബുദ്ധിമുട്ടറിഞ്ഞുമില്ല.

നാട്ടിൻപുറത്തെ ചെക്കനായിരുന്നു എന്നും. പിൻബെഞ്ചിലെ കുട്ടിയാണിപ്പൊഴും.ക്ളാസ്സിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ തലകുമ്പിട്ടിരിക്കുന്ന,നോട്ട്ബുക്കിൽ നിന്ന് ഏടുകൾ കീറി എന്തെങ്കിലും കുത്തിക്കുറിച്ചു കാറ്റുകൊള്ളാൻ വിടുന്ന അക്ഷരങ്ങളെ പ്രണയിക്കാൻ തുടങ്ങുന്ന കുട്ടി.

എഴുത്ത് ഒരു സ്വാതന്ത്രപ്രഖ്യാപനമായിരുന്നു.

കാരണം,

യഥാർഥജീവിതത്തിൽ
ഭീരുവായിട്ടുള്ള ഒരാൾക്ക്
ഉൾവലിഞ്ഞു പോയവനു
എഴുത്തിൽ
(എഴുത്തിൽ മാത്രം)
എത്രമാത്രം ധീരനാകം എന്നതിനു ,
എത്രതോളം
സ്വതന്ത്രനാകാമെന്നതിനു
അതിരുകളില്ല.
Related Posts Plugin for WordPress, Blogger...